ഇലോൺ മസ്ക് | Photo : AFP
ഇന്ത്യന്‍ ടെലികോം രംഗം ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്കിന്റെ വരവാണ്. ഉപഗ്രഹങ്ങളില്‍നിന്ന് നേരിട്ട് ഡിഷ് ആന്റിന വഴി ഇന്റര്‍നെറ്റ് എത്തിക്കുന്നതോടെ ഏത് ഗ്രാമങ്ങളില്‍ പോലും അതിവേഗ ഇന്റര്‍നെറ്റ് എന്നാണ് കമ്പനിയുടെ വാഗ്ദാനം. അടുത്ത വര്‍ഷം ഡിസംബറില്‍ സേവനം ലഭ്യമാക്കി തുടങ്ങുമെന്നാണ് കമ്പനി പറയുന്നത്. ഈ ഉറപ്പില്‍ ഇതിനോടകം ബുക്കിങ്ങും തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ ഈ സേവനം നല്‍കാനുള്ള ലൈസന്‍സ് ഇതുവരെ സ്റ്റാര്‍ലിങ്ക് നേടിയിട്ടില്ല. ലൈസന്‍സും ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിനുള്ള അനുമതിയും നേടാതെ പണം വാങ്ങിയുള്ള മുന്‍കൂര്‍ ബുക്കിങ്ങും പാടില്ലെന്ന് ടെലികോം വകുപ്പ് സ്റ്റാര്‍ലിങ്കിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
അടിയന്തരമായി വെബ്സൈറ്റിലൂടെയുള്ള ബുക്കിങ്ങും നിര്‍ത്തിവെക്കാന്‍ ടെലികോം വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ ഉപയോക്താക്കളോട് പരസ്യങ്ങള്‍ മാത്രം കണ്ട് സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ക്കായി ബുക്ക് ചെയ്യരുതെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്. Rs 7350 നല്‍കിയാണ് കമ്പനി പ്രീ ബുക്കിങ് സ്വീകരിച്ചുവന്നത്. മുന്‍ഗണന അടിസ്ഥാനത്തില്‍ സേവനം നല്‍കുന്നതിനാണ് ഈ ഫീസ് കമ്പനി സ്വീകരിച്ചുവന്നത്. പിന്നീട് മാസനിരക്കില്‍ ഇത് വരവുവെക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.
സാറ്റലൈറ്റ് അധിഷ്ഠിത സേവനങ്ങള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റിന്റെ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പില്‍ നിന്ന് ആവശ്യമായ ലൈസന്‍സ് ആവശ്യമാണെന്ന് ടെലികോം വകുപ്പ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഇന്ത്യയുടെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി കുറവാണ്. അതിന് ഒരു പരിധിവരെ പരിഹാരമാകും സ്റ്റാര്‍ലിങ്ക് എന്നാണ് കരുതുന്നത്. ഉപഗ്രഹങ്ങളില്‍നിന്ന് നേരിട്ട് ഡിഷ് ആന്റിന വഴി ഇന്റര്‍നെറ്റ് എത്തിക്കുകയാണ് സ്റ്റാര്‍ലിങ്ക് ചെയ്യുക. സാധാരണ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമല്ലാത്ത ഇടങ്ങളില്‍ പോലും അതിവേഗ കണക്റ്റിവിറ്റി എത്തിക്കാന്‍ ഇതുവഴി സാധിക്കും. അടുത്തിടെയാണ് സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത്. ഗ്രാമ പ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് കമ്പനിയുടെ നീക്കങ്ങള്‍. എന്നാല്‍ത്തന്നെ ഒരു സാധാരണ ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കുന്നതിനുള്ള ചിലവല്ല സ്റ്റാര്‍ലിങ്കിന് ഉള്ളത്. ഇതിനകം തന്നെ ഇന്ത്യയില്‍ നിന്ന് നിരവധി ഓര്‍ഡറുകള്‍ സ്റ്റാര്‍ലിങ്കിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യന്‍ ഡയറക്ടറായ സഞ്ജയ് ഭാര്‍ഗവ രാജ്യത്ത് ഉപഗ്രഹ സേവനങ്ങള്‍ ആരംഭിക്കാനുള്ള കമ്പനിയുടെ പദ്ധതികള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സ്‌പേസ് എക്‌സിന് ഇപ്പോള്‍ ഇന്ത്യയില്‍ 100 ശതമാനം ഉടമസ്ഥതയിലുള്ള ഒരു അനുബന്ധ കമ്പനി ഉണ്ടെന്നും അതിന് ലൈസന്‍സുകള്‍ക്കായി അപേക്ഷിക്കാനും ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും കഴിയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ ഇതിനകം 5,000 പ്രീ-ഓര്‍ഡറുകള്‍ കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കമ്പനി ഗവണ്‍മെന്റില്‍ നിന്ന് ലൈസന്‍സ് വാങ്ങാത്തതിനാല്‍ അതുമായി മുന്നോട്ട് പോകാന്‍ കമ്പനിക്ക് തത്കാലം കഴിയില്ല
Content Highlights : India Telecom Department warns Starlink to get licence before offering satellite-based services
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..