ഗൂഗിളും ഫെയ്‌സ്ബുക്കും ഓണ്‍ലൈന്‍ ലോകത്ത് ആധിപത്യം തുടരുന്നതിനിടെയാണ് ചൈന അവതരിപ്പിച്ച ആപ്ലിക്കേഷനുകള്‍ ആഗോളതലത്തില്‍ അഭൂതപൂര്‍വമായ പ്രചാരം നേടിയത്. എന്നാല്‍ രാജ്യസുരക്ഷ ഉയര്‍ത്തിക്കാട്ടി ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത് ചൈനയിലെ വമ്പന്മാര്‍ക്ക് തിരിച്ചടിയാകും. ആപ്പുകളുടെ ഇന്ത്യന്‍ നിരോധനം കാരണംആലിബാബ ഗ്രൂപ്പ് ഹോള്‍ഡിങ് ലിമിറ്റഡ്, ടെന്‍സെന്റ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് തുടങ്ങി പ്രമുഖ ചൈനീസ് ടെക് കോര്‍പറേഷനുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടാനിടയുണ്ടെന്നാണ് സൂചന. 

ചൈനയുടെ 59 ആപ്പുകളുടെ മേല്‍ ഏര്‍പ്പെടുത്തിയ നിരോധനം തുടരാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ യൂറോപ്പ് മുതല്‍ തെക്ക് കിഴക്കന്‍ ഏഷ്യ വരെയുള്ള വിവിധ രാജ്യങ്ങള്‍ ജനങ്ങളുടെ വ്യക്തിസുരക്ഷ മുന്‍നിര്‍ത്തി ടിക്ടോക്ക് പോലെയുള്ള ആപ്പുകള്‍ നിരോധിക്കാനിടയുണ്ട്. ത്വരിതഗതിയില്‍ വികസിച്ചു കൊണ്ടിരിക്കുന്ന മൊബൈല്‍ മേഖലയില്‍ മുന്‍നിരയിലാണ് ചൈനയുടെ സ്ഥാനം. സാങ്കേതികവിദ്യാ വ്യവസായമേഖലയില്‍ അമേരിക്ക തുടരുന്ന ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്താനുള്ള പര്യാപ്തത പതിറ്റാണ്ടിനുള്ളില്‍ ചൈന നേടിയിട്ടുണ്ട്. 

ബൈറ്റ് ഡാന്‍സ് ലിമിറ്റഡിന്റെ ടിക്ടോക്കിന് ലോകത്താകമാനം 20 കോടി ഉപയോക്താക്കളാണ് നിലവിലുള്ളത്. ഷവോമിയാകട്ടെ ലോകത്തിലെ നമ്പര്‍ വണ്‍ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡും. ആലിബാബയും ടെന്‍സെന്റും തങ്ങളുടെ ആഗോളതല സേവനങ്ങള്‍ ബഹുദൂരം മുന്നിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ നയം ചൈനയുടെ ഇതു വരെയുള്ള എല്ലാ നേട്ടങ്ങളെയും പാഴാക്കാനിടയുണ്ട്. കൂടാതെ 5 ജി നെറ്റ് വര്‍ക്കില്‍ വാവെ ടെക്‌നോളജീസിന്റെ സഹകരണം ഉപേക്ഷിക്കാന്‍ യുഎസ് മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളതും ചൈനയ്ക്ക് തിരിച്ചടിയാകും. 

ടിക്ടോക്ക്, വി ചാറ്റ്, ഷെയര്‍ ഇറ്റ് തുടങ്ങി ചൈനീസ് വികസിത ആപ്പുകള്‍ നേരത്തെ തന്നെ സംശയനിഴലിലാണ്. കമ്പനികളുടെ മേല്‍ ചൈനീസ് ഭരണകൂടെ ഏര്‍പ്പെടുത്തിയിട്ടുള്ള കടുത്ത നിയന്ത്രണങ്ങളും ഇവയെ സംശയത്തിന്റെ നിഴലിലാക്കാന്‍ പ്രധാന കാരണമായി. ചൈനീസ് കമ്പനികളുടെ ഹാര്‍ഡ്വെയറുകളേയും  സോഫ്റ്റ്വെയറുകളേയും സംബന്ധിച്ച് നേരത്തെ തന്നെ അമേരിക്ക മറ്റു രാജ്യങ്ങള്‍ക്ക്  മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനയുമായുള്ള സംഘര്‍ഷത്തിനിടെ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി ചൈനയുടെ ആപ്പുകള്‍ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം സാങ്കേതികവിദ്യാരംഗത്ത് അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ചൈനയ്ക്ക് വന്‍ തിരിച്ചടിയാകും. 

ചൈനയ്ക്കും ചൈനീസ് കമ്പനികള്‍ക്കുമെതിരെ അമേരിക്ക ഉയര്‍ത്തുന്ന ആരോപണങ്ങളും ഇന്ത്യ പ്രഖ്യാപിച്ച ആപ്പുകളുടെ നിരോധനവും സാങ്കേതികവിദ്യയെ ലോകരാഷ്ട്രതന്ത്രത്തില്‍ പ്രധാനഘടകമായി രാജ്യങ്ങള്‍ കണക്കാക്കുന്നതിന്റെ തെളിവാണ്. ദേശീയ സുരക്ഷ, സാമ്പത്തിക കിടമത്സരം, സാമൂഹിക മൂല്യങ്ങള്‍ തുടങ്ങി പല വശങ്ങളിലും സാങ്കേതികവിദ്യയില്‍ ഊന്നിയ ദേശീയതയ്ക്ക് പ്രാധാന്യമേറി വരികയാണൈന്ന് സിംഗപ്പുര്‍ ആസ്ഥാനമായി ഗവേഷണം നടത്തുന്ന അലക്‌സ് കാപ്രി പറയുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഇന്ത്യയെ യുഎസുമായി കൂടുതല്‍ അടുപ്പിക്കാനിടയാക്കുമെന്ന് ലിങ്‌നന്‍ യൂണിവേഴ്‌സിറ്റിയിലെ ഏഷ്യന്‍ പസഫിക് സ്റ്റഡീസിന്റെ ഡയറക്ടര്‍ ഴാങ് ബാവോഹ്വി ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

അതേസമയം,  ഇന്ത്യയില്‍ പൊതുജനതാത്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നയങ്ങളിലൊന്നായി ചൈനീസ് ആപ്പ് നിരോധനത്തെ കണക്കാമെന്നും ഴാങ് പറയുന്നു. ആപ്പുകള്‍ മാത്രമല്ല ഓണ്‍ലൈന്‍ വിപണിയില്‍ ചൈനീസ് നിര്‍മിത ഉത്പന്നങ്ങളുടെ നിരോധനവും ഇന്ത്യന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാങ്കേതികവിദ്യാരംഗത്ത് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ മത്സരം കടുക്കുന്നതിനിടെ ഇന്ത്യ ഏര്‍പ്പെടുത്തിയ നിരോധനം മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാകുമെന്ന് ഷാങ്ഹായ് ഡിജിറ്റല്‍ ഏഷ്യ ഹബില്‍ ഗവേഷകനായ ഡേവ് ലൂയിസ് അഭിപ്രായപ്പെട്ടു. 

Content Highlights; India’s app ban threatens China’s rise as a global tech power