ര്‍ഷക പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ ഉള്ളടക്കങ്ങളും തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കങ്ങളും പങ്കുവെക്കുന്ന 1178 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. പാകിസ്താനി, ഖലിസ്ഥാനി യൂസര്‍മാരാണ് ഈ അക്കൗണ്ടുകള്‍ക്ക് പിന്നിലെന്ന് അധികൃതര്‍ പറയുന്നു. എങ്കിലും ഈ ആവശ്യത്തില്‍ ട്വിറ്റര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. 

സമാനമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നടപടി ആവശ്യപ്പെട്ട് നേരത്തെ 257 അക്കൗണ്ടുകളുടെ പട്ടിക സര്‍ക്കാര്‍ ട്വിറ്ററിന് നല്‍കിയിരുന്നു. ഈ അക്കൗണ്ടുകളില്‍ പലതിനും വിലക്കേര്‍പ്പെടുത്തിയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അവ അണ്‍ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇത് സര്‍ക്കാരിന്റെ ശക്തമായ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

കര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനായുള്ള ഖലിസ്ഥാനി അനുകൂലികളോ, പാകിസ്താന്‍ പിന്തുണയുള്ളവരോ വിദേശ ഭീകരരോ കൈകാര്യം ചെയ്യുന്നവയാവാം ഈ അക്കൗണ്ടുകളും ട്വീറ്റുകളും എന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ പറയുന്നത്. 

അതേസമയം വിലക്കേര്‍പ്പെടുത്തിയ അക്കൗണ്ടുകള്‍ തിരികെ വന്നതിന് പിന്നാലെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കിയ പല പോസ്റ്റുകള്‍ക്കും ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സി ലൈക്ക് ചെയ്തത് ഭരണകൂടത്തിന്റെ അതൃപ്തിയ്ക്കിടയാക്കിയിട്ടുണ്ട്. ഇത് ട്വിറ്റര്‍ മേധാവിയുടെ നിഷ്പക്ഷതയ്ക്കുമേല്‍ ചോദ്യങ്ങളുയര്‍ത്തുന്നുവെന്ന അഭിപ്രായം ഭരണപക്ഷത്ത് നിന്നുയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗ്രെറ്റ ത്യുന്‍ബെ ട്വിറ്ററില്‍ പങ്കുവെച്ച ടൂള്‍കിറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ആയിരത്തിലേറെ അക്കൗണ്ടുകള്‍ക്കെതിരെ നടപടിവേണമെന്ന ആവശ്യമുയരാനിടയാക്കിയത്.

Content Highlights: india orders to block 1178 twitter accounts , flags jack dorsey's likes