
Zoom App | Photo: Mathrubhumi
വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ സൂം സൂരക്ഷിതമല്ലെന്ന മുന്നറിയിപ്പ് പുറത്തിറക്കിയതിന് പിന്നാലെ വീഡിയോ കോണ്‍ഫറന്‍സിനായി തദ്ദേശീയമായ സേവനം ആരംഭിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാരിന് ഉപയോഗിക്കുന്നതിനായി ഒരു വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്ഫോം വികസിപ്പിച്ചെടുക്കാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പിന്തുണ തേടുകയാണ് ഐടി മന്ത്രാലയം.
എല്ലാ വിധത്തിലുള്ള വീഡിയോ റസലൂഷനുകള് പിന്തുണയ്ക്കുന്നതും മികച്ച ഓഡിയോ ക്വാളിറ്റി ഉള്ളതും എല്ലാ ഉപകരണങ്ങളിലും പ്രവര്‍ത്തിക്കുന്നതും ഒന്നിലധികം അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരേസമയം ഒന്നിലധികം കോണ്‍ഫറന്‍സുകള്‍ നടക്കാന്‍ സാധിക്കുന്നതുമായ വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ് ഫോം നിര്‍മിക്കണമെന്നാണ് ഐടി മന്ത്രാലയത്തിന്റെ ആവശ്യം. ഇതിനായി ഏപ്രില്‍ 30 ന് മുമ്പ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്ഫോം വികസിപ്പിക്കാന്‍ സാധിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് സംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഐടി മന്ത്രാലയം. അഞ്ച് സംഘങ്ങളെയാണ് മന്ത്രാലയം തിരഞ്ഞെടുക്കുക. വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ് ഫോമിന്റെ പ്രോടോ ടൈപ്പ് വികസിപ്പിക്കുന്നതിന് അഞ്ച് ലക്ഷം വീതം അവര്‍ക്ക് നല്‍കും. ഇതില്‍ മൂന്ന് സംഘത്തെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. അവര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് പ്ലാറ്റ്ഫോം നിര്‍മിക്കുന്നതിനായി 20 ലക്ഷം നല്‍കും. ഇതില്‍ വിജയിക്കുന്ന സംഘത്തിന് വീഡിയോ കോള്‍ സേവനം ആരംഭിക്കുന്നതിനായി ഒരു കോടി രൂപ നല്‍കും. കൂടാതെ പ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി പത്ത് ലക്ഷം കൂടി ഇവര്‍ക്ക് നല്‍കും.
ദിവസങ്ങള്‍ക്ക് മുമ്പാണ് സൂം ആപ്ലിക്കേഷന്‍ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് സര്‍ക്കാര്‍ പുറത്തിറക്കിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഈ സേവനം ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. സ്വകാര്യ വ്യക്തികള്‍ക്ക് സൂം ഉപയോഗിക്കാന്‍ അനുവാദമുണ്ട്. എങ്കിലും ചില സുരക്ഷാ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
സാമൂഹിക അകലം ഉറപ്പിക്കുന്നതിനായി ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ ഏറ്റവും അധികം ജനപ്രീതി നേടിയ വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷനാണ് സൂം. എന്നാല്‍ അധികം വൈകാതെ തന്നെ സൂം ആപ്പിനെതിരെ പരാതികള്‍ ഉയര്‍ന്നു. കഴിഞ്ഞയാഴ്ച തായ് വാനും സര്‍ക്കാര്‍ ഏജന്‍സികള്‍ സൂം ആപ്പ് ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. സൂം വീഡിയെ കോളുകള്‍ ഹൈജാക്ക് ചെയ്യപ്പെടുന്നുണ്ടെന്ന് അമേരിക്കയിലെ എഫ്ബിഐയും മുന്നറിയിപ്പ് നല്കി.
Content Highlights: india government to make zoom alternative video conferencing platform
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..