പാലക്കാട്: കേരളത്തില്‍ സംരഭക സ്വപ്‌നങ്ങള്‍ക്ക് പിന്തുണയുമായി ഐഐടി  പാലക്കാട് ടെക്‌നോളജി ഐഹബ് ഫൗണ്ടേഷന്‍ (ഐപിടിഐഎഫ്). സ്റ്റാര്‍ട്ട് അപ്പ് ആശയങ്ങള്‍ മനസിലുള്ളവര്‍ക്ക് ഐ ഹബ്ബിന്റെ സംരംഭക-ഇന്‍-റെസിഡന്‍സ് (ഐ-ഇഐആര്‍) പ്രോഗ്രാമിനായി ഇപ്പോള്‍ അപേക്ഷിക്കാം. 

നൂതന ആശയങ്ങള്‍ വിപണന ഉത്പന്നമായി വികസിപ്പിക്കുന്നതിനുള്ള പരിശീലനം, ഒരു വ്യവസായം ആരംഭിക്കുന്നതിനും പ്രൊഫഷണല്‍ നെറ്റ് വര്‍ക്ക് വിപുലീകരിക്കുന്നിതനുമുള്ള മികച്ച രീതികള്‍, ബിസിനസ് ആശയങ്ങള്‍, തന്ത്രങ്ങള്‍ തുടങ്ങി ഒരു വ്യക്തിയ്ക്ക് തന്റെ മനസിലുള്ള സ്റ്റാര്‍ട്ട് അപ്പ് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ട പിന്തുണ സംരംഭക-ഇന്‍-റെസിഡന്‍സ് പ്രോഗ്രാമിലൂടെ ലഭിക്കും. പരിചയ സമ്പന്നരായ സംരംഭകരില്‍ നിന്നുള്ള മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കും. പരമാവധി 12 മാസം 30000 രൂപ  പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും. 

സംരംഭകത്വം ഏറ്റെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഫെലോഷിപ്പുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ടെക്‌നോളജി സംരംഭകര്‍ക്ക് അവരുടെ ബിസിനസ് പരിപോഷിപ്പിക്കുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്താനാവും. കനറാബാങ്കിന്റെ സ്‌പോണ്‍സര്‍ഷിപ്പിലാണ് പരിപാടി.

യോഗ്യത:

  • ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍ ആയിരിക്കണം. 
  • സയന്‍സ് എഞ്ചിനീയറിങ് വിഷയങ്ങളില്‍ ബിരുദധാരിയായിരിക്കണം. 
  • നേരത്തെ തന്നെ കണ്ടെത്തലുകള്‍ നടത്തിയിട്ടുള്ളവര്‍ / സാമൂഹിക/പാരിസ്ഥിതിക ആഘാത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ അത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്തിയിട്ടുള്ളവര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.

നാഷണല്‍ മിഷന്‍ ഓണ്‍ ഇന്റര്‍ ഡിസിപ്ലിനറി സൈബര്‍-ഫിലിക്കല്‍ സിസ്റ്റംസിന് കീഴില്‍ ഒരു ടെക്‌നോളജി ഇനൊവേഷന്‍ ഹബ്ബ് സ്ഥാപിക്കുന്നതിന് കേന്ദ്ര ശാസ്ത്ര സാങ്കേതികവിദ്യ മന്ത്രാലയം 100 കോടി രൂപ പാലക്കാട് ഐഐടിയ്ക്ക് അനുവദിച്ചിട്ടുണ്ട്. മറ്റ് ഐഐടികളിലും ഐഹബ്ബുകള്‍ പ്രവർത്തിക്കുന്നുണ്ട്. 

അവസാന തീയ്യതി 2021 നവംബർ 1 ; താൽപര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം: https://docs.google.com/forms/d/1TgMXT_92xBxr60ffOPpE0dh3QFzPcZL-HOYhcU8c09E/viewform?edit_requested=true

കൂടുതൽ വിവരങ്ങൾക്ക് : https://iptif.tech/