Representational Image | Photo: IIT Madras
ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിനും ആപ്പിളിന്റെ ഐ.ഒ.എസിനും ബദലായി മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കാവുന്ന ഓപ്പറേറ്റിങ് സിസ്റ്റം (ഒ.എസ്.) തദ്ദേശീയമായി വികസിപ്പിച്ചതായി മദ്രാസ് ഐ.ഐ.ടി. അറിയിച്ചു. പൂര്‍ണ സുരക്ഷിതത്വം അവകാശപ്പെടുന്ന ഒ.എസിന് ഭരോസ് (BharOS) എന്നാണ് പേര്.
മദ്രാസ് ഐ.ഐ.ടി.യുടെയും കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പിന്റെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംരംഭമായ ജന്‍ഡ്കെ ഓപ്പറേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് (JandKops) ഭരോസിന്റെ ശില്പികള്. ഭാവിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലിറങ്ങുന്നതോടെ മറ്റ് മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
മൊബൈല്‍ ഫോണുകള്‍ക്കായി പല ബഹുരാഷ്ട്രസ്ഥാപനങ്ങളും സ്വന്തമായി ഒ.എസ്. വികസിപ്പിച്ചിട്ടുണ്ടെങ്കിലും അവയ്ക്കൊന്നിനും ആന്‍ഡ്രോയ്ഡിന്റെയും ഐ.ഒ.എസിന്റെയും പ്രചാരം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ ഉപയോഗത്തിലുള്ള 97 ശതമാനം ഫോണുകളിലും ആന്‍ഡ്രോയ്ഡ് ഒ.എസ്. ആണ് ഉപയോഗിക്കുന്നത്.
അതീവ സ്വകാര്യതയിലും സുരക്ഷാ മാനദണ്ഡങ്ങളിലും പ്രവര്‍ത്തിക്കുന്ന സെന്‍സിറ്റീവായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ചില സ്ഥാപനങ്ങള്‍ക്ക് മാത്രമായി നിലവില്‍ ഭരോസിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
എന്താണ് ഭരോസിന്റെ പ്രത്യേകത
BharOS എന്നതിനെ ഭരോസ് എന്ന് വിളിക്കാം. വിശ്വാസ്യതിയിലൂന്നിയാണ് ഭരോസ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചതെന്ന് ഐഐടി മദ്രാസ് ഡയറക്ടര്‍ പ്രൊഫ. വി കാമക്കോടി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും, നിയന്ത്രണാധികാരവും, ആവശ്യമുള്ള ആപ്പുകള്‍ മാത്രം ഉപയോഗിക്കാനുള്ള സൗകര്യവും എല്ലാം ഇത് പ്രദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു.
മൊബൈല്‍ ഫോണുകളിലെ സുരക്ഷ, പ്രൈവസി എന്നിവയെ കുറിച്ചുള്ള ഉപഭോക്താക്കളുടെ ചിന്തിക്കുന്ന രീതിയില്‍ തന്നെ വിപ്ലവമുണ്ടാക്കാന്‍ കെല്‍പ്പുണ്ട് ഭരോസിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ഏജന്‍സികള്‍, സ്വകാര്യ വാണിജ്യ സ്ഥാപനങ്ങള്‍, നയതന്ത്ര ഏജന്‍സികള്‍, ടെലികോം സേവനദാതാക്കള്‍ എന്നിവരുമായി സഹകരിച്ച് ഓഎസിന്റെ പ്രചാരം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് മദ്രാസ് ഐഐടി.
ഡിഫോള്‍ട്ട് ആപ്പുകളുണ്ടാവില്ല
ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഓഎസ് ഫോണുകളിലും ഗൂഗിളിന്റേയും ആപ്പിളിന്റേയും ആപ്പുകള്‍ ഉള്‍പ്പടെ ഡിഫോള്‍ട്ട് ആയ ചില ആപ്പുകള്‍ വരുന്നുണ്ട്. ആപ്പ് സ്റ്റോറില്‍ സ്വന്തം ആപ്പുകള്‍ക്ക് മേധാവിത്വം നിലനിര്‍ത്താനുള്ള ശ്രമമായി ചൂണ്ടിക്കാട്ടി ഇതിനെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയരുന്നുണ്ട്.
എന്നാല്‍ ഇന്ത്യന്‍നിര്‍മിത ഭരോസില്‍ ഡിഫോള്‍ട്ട് ആപ്പുകള്‍ ഉണ്ടാവില്ല. അതായത് ഏതെങ്കിലും ആപ്പുകള്‍ ഉപയോഗിക്കണമെന്ന് ഭരോസ് അതിന്റെ ഉപഭോക്താക്കളെ നിര്ബന്ധിക്കില്ല. ഉപഭോക്താക്കള്‍ക്ക് അവരുടെ ഉപയോഗത്തിനും ആവശ്യത്തിനും അനുസരിച്ചുള്ള ആപ്ലിക്കേഷനുകള്‍ ഇഷ്ടാനുസരണം ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാനുള്ള സൗകര്യമാണ് ഭരോസ് ഒരുക്കുന്നത്.
ഇതിന് പുറമെ ആപ്പുകള്‍ക്ക് നല്കുന്ന പെര്‍മിഷനുകള്‍ക്ക് മേല്‍ ഉപഭോക്താക്കള്‍ക്ക് നിയന്ത്രണാധികാരമുണ്ടാവും. വിശ്വാസമുള്ള ആപ്പുകള്‍ക്ക് ഇഷ്ടാനുസരണം ഫോണില്‍ പെര്മിഷന് അനുവദിക്കാന്‍ ഉപഭോക്താവിനാവും.
ഭരോസ് നേറ്റീവ് ഓവര്‍ ദി എയര്‍ (NOTA) അപ്ഡേറ്റുകളാണ് ഭരോസ് വാഗ്ദാനം ചെയ്യുന്നത്. ഈ സംവിധാനത്തിലൂടെ ഓഎസ് അപ്ഡേറ്റുകള് ഓട്ടോമാറ്റിക് ആയി ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. ഉപഭോക്താവ് മാന്വലായി അപ്ഡേറ്റുകള് ഇന്‍സ്റ്റള്‍ ചെയ്യേണ്ടിവരില്ല.
പ്രൈവറ്റ് ആപ്പ് സ്റ്റോര്‍ സര്‍വീസസ് അഥവാ PASS
പ്രൈവറ്റ് ആപ്പ് സ്റ്റോര്‍ സര്‍വീസസ് അഥവാ പാസില്‍ (PASS) നിന്നുള്ള ആപ്പുകള്‍ മാത്രമേ ഭരോസില്‍ അനുവദിക്കുകയുള്ളൂ. ആപ്പുകള്‍ നല്കുന്ന സ്ഥാപനങ്ങള്‍ക്ക് നിശ്ചിത സുരക്ഷാ സ്വകാര്യതാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പ്രൈവറ്റ് ആപ്പ് സ്റ്റോര്‍ സര്‍വീസ് ഉണ്ടാവും. ഇതില്‍ നിന്നുള്ള ആപ്പുകളാണ് ഭരോസില്‍ അവതരിപ്പിക്കുക.
ഇതുവഴി സുരക്ഷിതമായ ആപ്പുകളാണ് തങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് എന്ന് ഉപഭോക്താവിന് ഉറപ്പിക്കാം.
Content Highlights: IIT Madras develops Made in India mobile operating system BharOS
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..