തിനൂതന സാങ്കേതിക വിദ്യകള്‍ പരീക്ഷിച്ചായിരിക്കും ഇത്തവണത്തെ 20-20 ക്രിക്കറ്റ് ലോകകപ്പ് മത്‌സരങ്ങളുടെ സംപ്രേഷണം. പുതിയ രൂപകല്‍പനയും സാങ്കേതിക വിദ്യയുമാണ് ഇത്തവണത്തെ ക്രിക്കറ്റ് മത്സര സംപ്രേഷണത്തിനായി അവതരിപ്പിക്കുക എന്ന് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ ഇന്ത്യ പറഞ്ഞു. 

പുതിയ വിശകലന ഉപകരണങ്ങള്‍, ക്യാമറ സാങ്കേതികവിദ്യകള്‍, എആര്‍ ഗ്രാഫിക്‌സുകള്, വെര്‍ച്വല്‍, ഓട്ടോമേറ്റഡ് സെറ്റുകള്‍ തുടങ്ങി ക്രിക്കറ്റ് മത്സരം സംപ്രേഷണം ചെയ്യുന്നതില്‍ പുതിയ പരീക്ഷണങ്ങളാണ് ഇത്തവണയുണ്ടാവുക. കാഴ്ചയില്‍ പുതുമ കൊണ്ടുവരാനും കാഴ്ചാനുഭവം മെച്ചപ്പെടുത്താനുമാണ് ഈ നീക്കം. 

അള്‍ട്രാ മോഡേണ്‍ ക്യാമറകളാണ് ഇത്തവണ മത്സരവേദികളില്‍ വിന്യസിച്ചിരിക്കുന്നത്. 360 ഡിഗ്രിയില്‍ മത്സരം വീക്ഷിക്കാന്‍ ഇത് അവസരം ഒരുക്കുന്നു. കളിക്കാരുടെ ചലനങ്ങള്‍ വിശദമായി വിശകലനം ചെയ്യാന്‍ ഇത് സഹായിക്കും. 

ബ്രോഡ്കാസ്റ്റ് ഡിസൈനിലും സമ്പൂര്‍ണമാറ്റമാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്രിക്കോ എന്ന പേരില്‍ ഒരു റോബോട്ടിക് സ്റ്റാറ്റിസ്റ്റിക് ജീനിയസിനേയും അവതരിപ്പിക്കുമെന്നും കമ്പനി പറയുന്നു. എന്നാല്‍ ഈ റോബോട്ട് എന്താണെന്നും അതിന്റെ പ്രവര്‍ത്തനം എന്താമെന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

പതിവ് പോലെ ഫീല്‍ഡ് പ്ലേസ്‌മെന്റുകള്‍, സ്‌കോറിങ് ഏരിയ പോലുള്ളവ പ്രദര്‍ശിപ്പിക്കാന്‍ സ്റ്റേഡിയത്തിന്റെ ഡിജിറ്റല്‍ മോഡലുകളും തയ്യാറാക്കിയിട്ടുണ്ട്. 

യുവാക്കളെ ആകര്‍ഷിക്കുകയും പങ്കെടുപ്പിക്കുകയും ചെയ്യുന്ന അവതരണമായിരിക്കും ഇത്തവണ. 4ഡി റീപ്ലേ കള്‍, എഐ ഇന്റര്‍ഫേയ്‌സുകള്‍, ഓട്ടോമേറ്റഡ് ക്യാമറകള്‍ പോലുള്ളവ ഇതിനായി വിന്യസിച്ചിട്ടുണ്ട്. 

നിര്‍മിതബുദ്ധിയില്‍ അടിസ്ഥാനമാക്കിയുള്ള ജസ്റ്റര്‍ കണ്‍ട്രോളിലൂടെ വിദഗ്ദര്‍ക്ക് കളിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കാണാനും വിശകലനം ചെയ്യാനും സാധിക്കും. സ്റ്റുഡിയോകളില്‍ ഡ്രോണ്‍ ക്യാമറകളും വിന്യസിച്ചിട്ടുണ്ട്.