മുംബൈ: ബിജെപി സര്‍ക്കാര്‍ തുടക്കമിട്ട മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പുതിയതായി ചുമതലയേറ്റ ശിവസേന സര്‍ക്കാര്‍ ഒഴിവാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പദ്ധതിയ്ക്ക് വേണ്ടി വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ചെയര്‍മാന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു. 

പദ്ധതി സംബന്ധിച്ച തെറ്റിദ്ധാരണകള്‍ നീക്കാനാണ് ഈ കൂടിക്കാഴ്ചയെന്ന് റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ബുധനാഴ്ച പറഞ്ഞു. 

വലിയ പദ്ധതികള്‍ നടക്കുന്നതിനിടെ ഭരണത്തില്‍ ഒരു മാറ്റമുണ്ടാവുമ്പോള്‍, ഒരു കൂടിക്കാഴ്ച നടത്തേണ്ടത് പ്രധാനമാണ്. ഉദ്ധവ് താക്കറെയും അദ്ദേഹത്തോടൊപ്പമുള്ള വിവിധ സഖ്യകക്ഷികളും വലിയ പദ്ധതികള്‍ ചെയ്യുന്ന ആളുകളെയോ ചെയ്യാന്‍ ആഗ്രഹിക്കുന്നവരെയോ കാണേണ്ടതുണ്ട്, ബ്രാന്‍സണ്‍ പറഞ്ഞു.

വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വികസിപ്പിച്ച വരുംതലമുറ ഗതാഗത സാങ്കേതിക വിദ്യയാണ് ഹൈപ്പര്‍ലൂപ്പ്. മര്‍ദം കുറഞ്ഞ കുഴലുകള്‍ക്കുള്ളിലൂടെ യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള പേടകങ്ങള്‍ അതിവേഗം തെന്നി നീങ്ങുന്നതാണ് ഹൈപ്പര്‍ലൂപ്പ്. മണിക്കൂറില്‍ 1,125 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഇതിന് സഞ്ചരിക്കാന്‍ സാധിക്കും. ലോകത്ത് വിവിധ സര്‍ക്കാരുകളുമായി വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ധാരണയിലെത്തിയിട്ടുണ്ട്.

മുംബൈയ്ക്കും പുണെയ്ക്കും ഇടയില്‍ ഹൈപ്പര്‍ലൂപ്പ് ഗതാഗതം സ്ഥാപിക്കാനാണ് കമ്പനി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസുമായി ധാരണയിലായത്. നിലവില്‍ മൂന്ന് മണിക്കൂര്‍ സമയം ആവശ്യമുള്ള യാത്രയ്ക്ക് 25 മിനിറ്റ് മതിയാവും.

ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ ബിജെപി സര്‍ക്കാരിന്റെ പ്രഖ്യാപിത പദ്ധതികളില്‍ പലതും ഒഴിവാക്കുമെന്ന നിലപാടിലാണ്. മെട്രോ പദ്ധതിയ്ക്കായി രണ്ടായിരത്തിലേറെ മരങ്ങള്‍ മുറിച്ച് കാര്‍ഷെഡ് നിര്‍മിക്കാനുള്ള പദ്ധതി മരവിപ്പിക്കാനും മുംബൈ ഹൈദരാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പുനപ്പരിശോധിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റിച്ചാര്‍ഡ് ബ്രാന്‍സണ്‍ നേരിട്ടെത്തി സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നത്.

Content Highlights:  Hyperloop project that Branson to meet Uddhav