മുന്‍നിര സോഷ്യല്‍ മീഡിയാ സേവനങ്ങളും ഗൂഗിള്‍, ആപ്പിള്‍ എന്നിവയുടെ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമായ അംഗീകൃത ആപ്ലിക്കേഷനുകളും ഉപയോഗിച്ച് വ്യാപകമായി അടിമ വില്‍പന  നടത്തുന്നതായി റിപ്പോര്‍ട്ട്. ബിബിസി ന്യൂസ് അറബിക് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

ഗള്‍ഫ് നാടുകള്‍ കേന്ദ്രീകരിച്ചാണ് ഈ ഓണ്‍ലൈന്‍ അടിമ വില്‍പന. സ്ത്രീകളാണ് അടിമകളായി വില്‍ക്കപ്പെടുന്നത്. 16 വയസുള്ള പെണ്‍കുട്ടികളും ഇക്കൂട്ടത്തിലുണ്ട്. എന്ത് ജോലിയുമെടുക്കുമെന്നും അവര്‍ പരാതിയൊന്നും പറയില്ലെന്നുമുള്ള വാഗ്ദാനങ്ങളാണ് അടിമ വില്‍പ്പനക്കാര്‍ നല്‍കുന്നത്. 

ഭാര്യാഭര്‍ത്താക്കന്മാരാെന്ന വ്യാജേനയാണ് ബിബിസി റിപ്പോര്‍ട്ടര്‍മാര്‍ അടിമ വില്‍പനക്കാരെ സമീപിച്ചത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ 4 സേയ്ല്‍ എന്ന ആപ്ലിക്കേഷനില്‍ നിരവധി സ്ത്രീകളെ വില്‍പനയ്ക്ക് വെച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍സ്റ്റാഗ്രാം പോലുള്ള സോഷ്യല്‍ മീഡിയാ സേവനങ്ങളും ഇത്തരക്കാര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. നിയലംഘനമാണെന്ന് അറിഞ്ഞുകൊണ്ടാണ് ഇവരുടെ കച്ചവടം എന്ന് ബിബിസി പുറത്തുവിട്ട ' വീട്ടുജോലിക്കാര്‍ വില്‍പ്പനയ്ക്ക്; സിലിക്കണ്‍ വാലിയിലെ അടിമ കച്ചവടം' എന്ന വീഡിയോയില്‍ വ്യക്തമാണ്.

ബിബിസി റിപ്പോര്‍ട്ടര്‍മാര്‍ ബന്ധപ്പെട്ട ഒരു വില്‍പ്പനക്കാരി പരിചയപ്പെടുത്തിയത് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഗിനിയില്‍നിന്നുള്ള 16 വയസുകാരിയെയാണ്. 3800 അമേരിക്കന്‍ ഡോളറാണ് (2,71,021 രൂപ) ഈ കുട്ടിയുടെ വില. 

"ഇവിടെ ഒരു കുട്ടിയെ ഒരു സ്വകാര്യ സ്വത്തെന്ന പോലെ വില്‍ക്കുന്നതും കച്ചവടം ചെയ്യുന്നതും നമ്മള്‍ കാണുന്നു. ആധുനിക അടിമത്തത്തിന്റെ ഉത്തമ ഉദാഹരണമാണിത്." യുഎന്‍ പ്രത്യേക പ്രതിനിധി ഊര്‍മിള ഭൂല ബിബിസി ന്യൂസിനോട് പറഞ്ഞു. 

ബിബിസി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കുവൈത്ത് ഭരണകൂടം സോഷ്യല്‍ മീഡിയ വഴി അടിമകളെ വിറ്റിരുന്ന അക്കൗണ്ടുകള്‍ക്ക് പിറകിലുള്ളവരെ പിടികൂടിയതായി ബിബിസി പിന്നീട് റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പരസ്യങ്ങളും പിന്‍വലിക്കാനും ഇനി ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടില്ലെന്ന് അവരില്‍ നിന്നും എഴുതി വാങ്ങിയിട്ടുണ്ടെന്നുമാണ് അതികൃതര്‍ പറഞ്ഞതെന്നും ബിബിസി ന്യൂസ് പറയുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ ഏതെങ്കിലും വിധത്തില്‍ ശിക്ഷാനടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. 

ഓണ്‍ലൈന്‍ അടിമ വ്യാപാരത്തിന് ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ നിര്‍മിക്കുന്നത് തടയുമെന്നാണ് ഇന്‍സ്റ്റാഗ്രാമിന്റെ വിശദീകരണം. ഇങ്ങനെയുള്ള ഓണ്‍ലൈന്‍ അടിമ വ്യാപാരങ്ങള്‍ക്ക് ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ആപ്പിള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്ന വിമര്‍ശനം ശക്തമായിരിക്കുകയാണ്.

Content Highlight: Human Traffickers Selling Slaves on social media apps like instagram