യൂറോപ്പില്‍ പുതിയ മേറ്റ് 30 പ്രോ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് വാവേ. സെപ്റ്റംബര്‍ 18 ന് മ്യൂണിക്കില്‍ ഫോണുകള്‍ അവതരിപ്പിക്കുമെങ്കിലും ഫോണ്‍ എന്ന് മുതല്‍ വില്‍പനയ്‌ക്കെത്തുമെന്ന് യാതൊരു വിവരവുമില്ല. ഫോണില്‍ ആന്‍ഡ്രോയിഡ് ഓഎസും ഗൂഗിള്‍ മാപ്പ് പോലെ ഏറെ പ്രചാരമുള്ള ഗൂഗിള്‍ ആപ്ലിക്കേഷനുകളും ഫോണില്‍ ഉപയോഗിക്കാന്‍ വാവേയ്ക്ക് അനുവാദമുണ്ടാവില്ലെന്ന് ഒരു ഗൂഗിള്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കന്‍ വാണിജ്യ നിരോധനം നിലനില്‍ക്കുന്നതിനാലാണ് ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ മേറ്റ് 30 ഫോണുകളില്‍ ഉപയോഗിക്കാന്‍ സാധിക്കാത്തത് എന്ന് അദ്ദേഹം പറഞ്ഞു.  വാവേയ്ക്ക് താല്‍കാലിക് ഇളവ് നീട്ടി നല്‍കിയെങ്കിലും മേറ്റ് 30 പോലെയുള്ള പുതിയ ഉപകരണങ്ങള്‍ക്ക് അത് ബാധികമാവില്ല.

വാവേയ്ക്ക് ഉത്പന്ന സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ലൈസന്‍സ് ലഭിക്കുന്നതിനായി അപേക്ഷിക്കാന്‍ ഗൂഗിളിന് സാധിക്കുമോ എന്ന് വ്യക്തമല്ല. വാവേയുമായി തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തന്നെയാണ് ആഗ്രഹമെന്ന് ഗൂഗിള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

അതേസമയം വാവേയ്ക്ക് അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനായി ലൈസന്‍സ് ലഭിക്കുന്നതിന് 150 ല്‍ ഏറെ അപേക്ഷകള്‍ യു.എസ്. വാണിജ്യ വകുപ്പിന് ലഭിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല. 

Content Highlights: huawei mate 30 Will Not be Allowed to use google apps and services