കാനഡയില്‍ വീട്ടുതടങ്കലിലായിരുന്ന ചൈനീസ് ടെക്ക് ഭീമനായ വാവേയുടെ ഉന്നത ഉദ്യോഗസ്ഥ മെങ് വാന്‍ഷോ മോചിതയായി. മൂന്ന് വര്‍ഷക്കാലം നീണ്ട ജയില്‍ വാസത്തിനൊടുവിലാണ് മെങിനെ കാനഡ മോചിപ്പിച്ചത്. ചൈനയില്‍ അറസ്റ്റിലായ രണ്ട് കാനഡ സ്വദേശികളെ വിട്ടയച്ചതിന് പകരമായാണ് മെങിനെ മോചിപ്പിച്ചത്. ശനിയാഴ്ച വൈകീട്ട് അവര്‍ ചൈനയില്‍ തിരിച്ചെത്തി. 

മെങ് അറസ്റ്റിലായതിന് തൊട്ടുപിന്നാലെ 2018 ല്‍ ചാരവൃത്തി കേസ് ആരോപിച്ചാണ് മൈക്കല്‍ സ്‌പേവര്‍, മൈക്കല്‍ കോവ്രിഗ് എന്നിവരെ ചൈന തടവിലാക്കിയത്. മെങിനെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമെന്നോണമായിരുന്നു ഈ അറസ്‌റ്റെന്ന് ആരോപണമുണ്ടെങ്കിലും ചൈന അത് നിഷേധിക്കുകയാണുണ്ടായത്.

എന്നാല്‍ മെങ് വാന്‍ഷോയെ മോചിപ്പിച്ചതിന് പിന്നാലെ കാനഡക്കാരെ വിട്ടയച്ചതോടെ കാനഡ സ്വദേശികളുടെ അറസ്റ്റ് പ്രതികാരനടപടിയായിരുന്നുവെന്ന് വ്യക്തമാക്കുന്നു. 

ആഗോളതലത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായിരുന്ന വാവേയുടെ ഉപമേധാവിയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമാണ് മെങ് വാന്‍ഷോ. വാവേയുടെ സ്ഥാപകന്‍ റെന്‍ ഷെങ്‌ഫെയുടെ മകളാണ് ഇവര്‍. 2018 ഡിസംബര്‍ ഒന്നിന് വാന്‍കോവറില്‍ വിമാനയാത്രക്കൊരുങ്ങുന്നതിനിടെയാണ് ഇവരെ കാനഡ അറസ്റ്റ് ചെയ്തത്. 

ഇറാനുമേലുള്ള അമേരിക്കന്‍ ഉപരോധ നിബന്ധനകള്‍ ലംഘിച്ചു എന്ന് ആരോപിച്ചാണ് വാവേയുടെ സ്ഥാപകന്റെ മകള്‍ കൂടിയായ മെങ് വാന്‍ഷോവിനെ അറസ്റ്റ് ചെയ്തത്. 

2009-2014 കാലഘട്ടത്തില്‍ ഇറാനുമേലുള്ള ഉപരോധം മറികടക്കാന്‍ വാന്‍ഷോ വാവേയുടെ സഹ സ്ഥാപനമായ സ്‌കൈ കോമിനെ ഉപയോഗപ്പെടുത്തിയെന്ന് ബ്രിട്ടിഷ് കൊളംബിയ കോടതി പറഞ്ഞു. സ്‌കൈകോം വേറൊരു കമ്പനിയാണെന്ന വിധത്തില്‍ വാന്‍ഷോ തെറ്റിദ്ധരിപ്പിച്ചു. ഇങ്ങനെ വിവിധ ധനകാര്യ സ്ഥാപനങ്ങളെ കബളിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റവും വാന്‍ഷോവിന്റെ പേരില്‍ ചുമത്തിയിട്ടുണ്ട്. 

വാവേയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്കന്‍ വിപണിയില്‍ നിന്ന് പുറത്താക്കിയതും. യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ത്യയിലും ഉള്‍പ്പടെ വാവേയുടെ സാങ്കേതിക വിദ്യകള്‍ അവഗണിക്കപ്പെട്ടതും ഈ സംഭവത്തിന് പിന്നാലെയാണ്. 

അതേസമയം ഇറാനില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനി സ്‌കൈകോമുമായുള്ള വാവേയുടെ ബന്ധം സംബന്ധിച്ച് അമേരിക്കയിലെ ധനകാര്യ സ്ഥാപനങ്ങളെ തെറ്റിദ്ധരിപ്പിച്ചന്നെ ആരോപണം മെങ് അംഗീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

മെങിന്റെ അറസ്റ്റോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. മെങിനെ അമേരിക്കയ്ക്ക് കൈമാറാനുള്ള നീക്കവും നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ അറസ്റ്റിലായ കാനഡ പൗരന്മാരെ വെച്ച് ചൈന വിലപേശുകയായിരുന്നുവെന്നാണ് വിവരം. ചൈനയിലെത്തിയ മെങ് വാന്‍ഷോവിന് വലിയ സ്വീകരണമാണ് ലഭിച്ചത്.