സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കന്‍ ഭരണകൂടവുമായി നിരന്തര നിയമയുദ്ധത്തിലാണ് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വാവേ. ചൈനയ്ക്കുവേണ്ടി ചാരപ്പണി നടത്തുന്നു എന്നുവരെയുള്ള ആരോപണങ്ങള്‍ ലോകവ്യാപകമായി പ്രചാരത്തിലുള്ള വാവേ ഉപകരണങ്ങള്‍ക്കെതിരെ അമേരിക്ക ഉന്നയിക്കുന്നുണ്ട്. വാവേയ്‌ക്കെതിരെയുള്ള നിയമ നടപടി അമേരിക്കയും ചൈനയുമായുള്ള ഉരസലിനും കാരണമായിരുന്നു.

ഈ സാഹചര്യത്തില്‍ ചൈനയിലേക്കുള്ള അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി നിരോധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് വാവേ ആശങ്കപ്പെടുന്നു. കമ്പനി ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ ആന്‍ഡ്രോയിഡും, വിന്‍ഡോസും അക്കൂട്ടത്തില്‍ പെടും. 

ആന്‍ഡ്രോയിഡിന് ഒരു നിരോധനം വന്നാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ വിപണിയില്‍ സൃഷ്ടിച്ചേക്കും. ഈ സാഹചര്യം മുന്നില്‍ കണ്ട് സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചിരിക്കുകയാണ് വാവേ.

മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്ത് രണ്ടാം സ്ഥാനക്കാരായ വാവേയുടെ സ്മാര്‍ട്‌ഫോണുകളില്‍  ഉപയോഗിക്കുന്നത് ആന്‍ഡ്രോയിഡ് ഓഎസ് ആണ്. ലാപ്‌ടോപ്പുകള്‍ക്കും ടാബ് ലെറ്റുകള്‍ക്കും വേണ്ടി മൈക്രോ സോഫ്റ്റ് വിന്‍ഡോസും ഉപയോഗിക്കുന്നു. 

ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്‍ഡ്രോയിഡിന് നിരോധനം നിലവില്‍ വന്നാലുടന്‍ ഉപയോഗപ്പെടുത്താന്‍ അത് സജ്ജമാണെന്നും കമ്പനി പറഞ്ഞു. സ്മാര്‍ട്‌ഫോണുകള്‍ക്കും കംപ്യൂട്ടറുകള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം വാവേ നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ ഓപ്പേറേറ്റിങ് സിസ്റ്റത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണം എന്നാവശ്യപ്പെട്ട് അമേരിക്കന്‍ ഭരണകൂടത്തിനെതിരെ  കഴിഞ്ഞയാഴ്ച വാവേ ഹര്‍ജി നല്‍കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് കമ്പനിക്കുമേല്‍ ആരോപിക്കുന്ന കുറ്റങ്ങളുടെ ഭരണഘടനാ പ്രസക്തി ചോദ്യം ചെയ്തുകൊണ്ടാണ് കമ്പനി കോടതിയെ സമീപിച്ചത്.

ഇറാനുമേലുള്ള വിലക്ക് ലംഘിച്ചുവെന്ന് ആരോപിച്ച് വാവേയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മെങ് വാന്‍ഷോവ് കാനഡയില്‍ പിടിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ ഇപ്പോഴും നടന്നുവരികയാണ്.

Content Highlights: Huawei develops own OS in case of Android ban