ചൈനീസ് ടെലികോം കമ്പനിയായ വാവേയ്ക്ക് അടുത്തവര്‍ഷം സെപ്റ്റംബര്‍ മുതല്‍ ബ്രിട്ടനില്‍ 5ജി ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ സാധിക്കില്ല. ഇക്കാര്യം യു.കെ. സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തീരുമാനമനുസരിച്ച് യു.കെയിലെ ടെലികോം കമ്പനികള്‍ക്ക് വാവേയുടെ ഉപകരണങ്ങള്‍ 2021 സെപ്റ്റംബര്‍ മുതല്‍ സ്ഥാപിക്കാന്‍ സാധിക്കില്ല. 

വാവേ ഉള്‍പ്പടെയുള്ള ചില കമ്പനികളെ രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന സ്ഥാപനങ്ങളുടെ ഗണത്തിലാണ് ഇപ്പോള്‍ യു.കെ. ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ രാജ്യത്തെ 5ജി വിന്യാസത്തിന് വാവേയ്ക്ക് യുകെ അനുമതി നല്‍കിയിരുന്നു. എന്നാല്‍, അമേരിക്ക വാവേയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ യു.കെ. മുന്‍നിലപാടില്‍നിന്ന് പിന്നോട്ട് പോയി.

ഇതോടെ യു.കെയിലെ 5ജി വിന്യാസത്തിന് വലിയ പങ്കുവഹിച്ച വാവേയെ പൂര്‍ണമായും ഒഴിവാക്കാന്‍ രാജ്യം തീരുമാനിക്കുകയായിരുന്നു. വാവെ ഉള്‍പ്പടെയുള്ള കമ്പനികള്‍ യു.കെയില്‍ സ്ഥാപിച്ച ഉപകരണങ്ങള്‍ 2027-ഓടെ പൂര്‍ണമായി ഒഴിവാക്കാനാണ് യു.കെയുടെ പ്ലാന്‍. ഇതിന് കൃത്യമായ സമയ ക്രമവും യു.കെ. സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്.

അടുത്തവര്‍ഷം മുതല്‍ വാവേയില്‍നിന്ന് പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ജൂലായില്‍ യു.കെ. നിരോധനം പ്രഖ്യാപിച്ചിരുന്നു. ഇതിനകം 5ജി സേവനം നല്‍കുന്നതിനായി വാവെയുടെ ഉപകരണങ്ങള്‍ വാങ്ങി സ്ഥാപിച്ചിട്ടുള്ള ടെലികോം സേവനദാതാക്കള്‍ക്ക് അവ നീക്കം ചെയ്യാന്‍ ഏഴ് വര്‍ഷമാണ് സമയം നല്‍കിയിരിക്കുന്നത്. ഇതിന് 20 കോടി പൗണ്ട് (1974 കോടിയിലധികം രൂപ) ചെലവ്‌ വരും. 

അമേരിക്കന്‍ നിരോധനത്തിലെ കര്‍ശന വ്യവസ്ഥകളെ തുടര്‍ന്ന് അമേരിക്കയിലും അമേരിക്കയ്ക്ക് പുറത്തും പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വന്നതോടെ നഷ്ടത്തിലായ കമ്പനി തങ്ങളുടെ ഓണര്‍ സ്മാര്‍ട്‌ഫോണ്‍ വ്യവസായം ഷെന്‍സെന്‍ ഷിക്‌സിന്‍ എന്ന ചൈനീസ് കമ്പനിക്ക് വില്‍ക്കുന്നതുവരെ കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണ്.

Content Highlights: huawei banned installation of Huawei 5G telecom equipment