സ്റ്റോക്‌ഹോം : കണ്ടും കേട്ടും മണത്തും രുചിച്ചും സ്പര്‍ശിച്ചുമാണ് മനുഷ്യര്‍ പ്രകൃതിയുമായും ചുറ്റിലുമുള്ളവരുമായും സംവദിക്കുന്നത്. ഇന്ദ്രിയങ്ങളുടെ പിന്നിലെ ഈ രഹസ്യങ്ങളാണ് അവര്‍ കാലങ്ങളായി തേടിക്കൊണ്ടിരിക്കുന്നതും. ഇതുസംബന്ധിച്ച നിര്‍ണായക കണ്ടെത്തലിനാണ് ഡേവിഡ് ജൂലിയസും ലെബനീസ് വംശജനായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ആര്‍ഡെം പെറ്റാപൗടെയ്നും 2021-ലെ വൈദ്യശാസ്ത്ര നൊബേലിന് അര്‍ഹരായത്.

1990-കളിലാണ് ഇതുസംബന്ധിച്ച വ്യത്യസ്ത പഠനങ്ങള്‍ ആരംഭിക്കുന്നത്. ചര്‍മത്തിലേല്‍ക്കുന്ന ചൂടും സ്പര്‍ശവും നാഡികളെ എങ്ങനെ ഉത്തേജിപ്പിക്കുന്നു എന്ന് കണ്ടെത്തുകയായിരുന്നു രണ്ടു പഠനങ്ങളുടെയും ലക്ഷ്യം. ചര്‍മത്തിലെ നാഡികളിലൂടെ അറ്റം പഠനവിധേയമാക്കി മനുഷ്യശരീരം എങ്ങനെ ചൂടിനോട് പ്രതികരിക്കുന്നു എന്നത് മനസ്സിലാക്കാനാണ് ജൂലിയസ് ശ്രമിച്ചത്. പച്ചമുളകിന് എരിവ് പകരുന്ന കാപ്സെയ്സിന്‍ മിശ്രിതമാണ് അദ്ദേഹം പഠനത്തിനായി തിരഞ്ഞെടുത്തത്. നാഡീകോശങ്ങളെ ഉത്തേജിപ്പിച്ച് എരിവും വേദനയും ഉണ്ടാക്കാന്‍ കാപ്സെയ്സിന്‍ കഴിയുമെന്നത് അറിയാവുന്ന കാര്യമായിരുന്നെങ്കിലും ഇതിന്റെ കാരണം രഹസ്യമായി തുടരുകയായിരുന്നു. ഇതിനായി ദശലക്ഷക്കണക്കിന് ഡി.എന്‍.എ. ഇഴകളുടെ ലൈബ്രറിയുണ്ടാക്കുകയാണ് ജൂലിയസും കൂട്ടരും ചെയ്തത്. ഇവയില്‍നിന്ന് വേദനയോടും ചൂടിനോടും സ്പര്‍ശത്തോടും പ്രതികരിക്കാനാകുന്നവയെ കണ്ടെത്തിയത് നിര്‍ണായക വഴിത്തിരിവായി. തുടര്‍ന്നുള്ള ഗവേഷണത്തിലൂടെ ഇവയില്‍നിന്ന് ചൂട് അനുഭവവേദ്യമാകാന്‍ കാരണമാകുന്ന സ്വീകരണിയെ വേര്‍തിരിച്ചു. സ്പര്‍ശത്തോട് എങ്ങനെ കോശങ്ങള്‍ പ്രതികരിക്കുന്നു എന്നതു മനസ്സിലാക്കാന്‍ സമ്മര്‍ദത്തോട് പ്രതികരിക്കുന്ന കോശങ്ങളില്‍ പഠനംനടത്തുകയാണ് പെറ്റാപൗടെയ്ന്‍ ചെയ്തത്.

മനുഷ്യര്‍ പരസ്പരം അകന്നുകഴിഞ്ഞ വര്‍ഷമാണ് കടന്നുപോയതെന്ന് നൊബേല്‍ സമിതി പറഞ്ഞു. ആലിംഗനത്തിന്റെയും സ്പര്‍ശത്തിന്റെയും ഊഷ്മളത എത്രമാത്രം വിലപ്പെട്ടതാണെന്ന് അവ നഷ്ടപ്പെട്ടപ്പോള്‍ നാം തിരിച്ചറിഞ്ഞു. ഓരോ ആലിംഗനവും ഊഷ്മളമാക്കുന്നത് ഈ സ്വീകരണികളാണ്. ഇവയാണ് നമ്മെ പരസ്പരം അടുപ്പിക്കുന്നത്, നൊബേല്‍ സമിതി അംഗം പ്രൊഫസര്‍ അബ്ദേല്‍ എല്‍ മനിറ പറഞ്ഞു.