Photo: MBI
മലയാള ഭാഷയിലെ നിങ്ങളുടെ പദ സമ്പത്ത് വളര്‍ത്തിയെടുക്കാന്‍ ഏറെ സഹായകമാണ് മലയാള വാക്കുകള്‍ ഉപയോഗിച്ചുള്ള പദപ്രശ്നം പോലുള്ള കളികള്‍. മലയാള വാക്കുകള്‍ ഓര്‍ത്തെടുക്കാനും പഠിക്കാനും സഹായകമാവുന്ന അത്തരം ഒരു കളിയാണ് മാതൃഭൂമി ഒരുക്കിയിരിക്കുന്ന 'വാക്ക്le'. മറഞ്ഞിരിക്കുന്ന മലയാള വാക്ക് ഏതെന്ന് കണ്ടെത്തുകയാണ് ദൗത്യം. ഇതിനായി ഏഴ് തവണ മലയാള വാക്കുകള്‍ എന്റര്‍ ചെയ്യാം.
നിഘണ്ടുപദങ്ങള്ക്ക് പുറമെ വ്യക്തികളുടേയും സ്ഥലങ്ങളുടേയും പേരുകളും സിനിമാ പേരുകളും ഉള്‍പ്പെടുത്തിയാണ് മലയാളം വേഡില്‍ ഗെയിം തയ്യാറാക്കിയിരിക്കുന്നത്.
വള്ളിയും പുള്ളിയുമെല്ലാം ചേര്‍ന്ന ഭാഷയായതിനാല്‍ എങ്ങനെ ഈ കളി കളിക്കുമെന്ന സംശയമുണ്ടാവാം. യഥാര്‍ത്ഥത്തില്‍ മലയാള ഭാഷയുടെ പ്രത്യേകതകള്‍ കണക്കിലെടുത്തുകൊണ്ടാണ് 'വാക്ക്le' ഗെയിം തയ്യാറാക്കിയിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ ഏഴ് മണിക്കാണ് അന്നേ ദിവസത്തെ കളിക്ക് വേണ്ടിയുള്ള പദം എത്തുക.
പദങ്ങള്‍ ഓര്മയില്ലെങ്കില്
28000 പദങ്ങള്‍ കളിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പദങ്ങള്‍ ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. അഞ്ചക്ഷരങ്ങളുള്ള പദങ്ങളാണ് കളിയില്‍ നല്‍കേണ്ടത്. പദങ്ങള്‍ ഓര്മ വരുന്നില്ലെങ്കില്‍ ചില പദങ്ങള്‍ 🎲 എന്ന ബട്ടനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതില്‍ താല്പര്യമുള്ള പദങ്ങള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം.
കളിക്കേണ്ട രീതി
ഏഴ് തവണ വിവിധ വാക്കുകള്‍ പരീക്ഷിച്ച് മറഞ്ഞിരിക്കുന്ന വാക്കുകള്‍ പ്രവചിക്കാം. ഓരോ തവണ നിങ്ങള്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ യഥാര്‍ത്ഥ വാക്കിലെ അക്ഷരങ്ങളുണ്ടെങ്കില്‍ അവ ഗെയിം ചൂണ്ടിക്കാണിക്കും.
ചാരനിറത്തിലുള്ള അക്ഷരങ്ങള്‍ ആണ് കാണുന്നത് എങ്കില്‍. ആ അക്ഷരങ്ങള്‍ മറഞ്ഞിരിക്കുന്ന വാക്കില്‍ ഇല്ല എന്നാണ് അര്‍ത്ഥം. പച്ച നിറത്തിലുള്ളതാണെങ്കില്‍ ആ അക്ഷരം മറഞ്ഞിരിക്കുന്ന വാക്കില്‍ ഉള്ളതാണെന്നും യഥാസ്ഥാനത്താണുള്ളതെന്നും അര്‍ത്ഥമാക്കുന്നു.
മഞ്ഞ നിറത്തിലുള്ളതാണെങ്കില്‍ ഈ അക്ഷരം മറഞ്ഞിരിക്കുന്ന വാക്കില്‍ ഉണ്ടെന്നും എന്നാല്‍ സ്ഥാനം മാറിയിട്ടുണ്ടെന്നും സൂചന നല്കുന്നു.
ഈ സൂചനകള്‍ മനസിലാക്കി വേണം തുടര്‍ന്നുള്ള വാക്കുകള്‍ പ്രവചിക്കാന്‍.
വള്ളിയും പുള്ളിയും ഇരട്ടിപ്പും
നിങ്ങള്‍ നല്കുന്ന പദത്തിലെ അക്ഷരങ്ങള്ക്കൊപ്പമുള്ള ചിഹ്നങ്ങള്‍ ശരിയല്ലെങ്കില്‍ അത് ചേര്‍ത്തുകൊണ്ടുള്ള ശരിയായ സൂചനകള്‍ നിങ്ങള്‍ക്ക് കാണാനാവും.
ഉദാഹരണത്തിന് 'പത്താമുദയം' എന്ന പദമാണ് മറഞ്ഞിരിക്കുന്നത് എന്ന് കരുതുക. നിങ്ങള്‍ നല്കിയ പദത്തില്‍ 'ത' എന്ന അക്ഷരമുണ്ടെങ്കില്‍ അത് നല്‍കിയിരിക്കുന്ന സ്ഥാനത്തിനനുസരിച്ച് പച്ച, മഞ്ഞ നിറങ്ങളില്‍ കാണിക്കുകയും. എന്നാല്‍ 'ത്ത' എന്നതാണ് ശരിയെന്നുമുള്ള നിര്‍ദേശം കാണാം. 'ക' എന്നാണ് നല്‍കിയത് എങ്കില്‍ അത് ശരിയല്ല 'കം' എന്നതാണ് ശരിയെന്ന് നിങ്ങള്‍ നല്കിയ അക്ഷരത്തിന് മുകളിലായി കാണിക്കും.
കൂട്ടക്ഷരങ്ങള്‍
ത്ത, ക്ക, ന്ന പോലുള്ള അക്ഷരങ്ങള്‍ അല്ലാതെ, ക്ഷ, ജ്ഞ, ഞ്ച പോലുള്ള കൂട്ടക്ഷരങ്ങള്‍ ഉള്ള പദങ്ങകള് ഉപയോഗിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..