ഫോണില്‍ സൂക്ഷിച്ചുവെച്ച ചിത്രങ്ങള്‍ അബദ്ധത്തില്‍ ഡിലീറ്റ് ചെയ്യപ്പെട്ടുപോവുന്നത് വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണ്. നല്ല ഓര്‍മകള്‍ നല്‍കുന്നവയായിരിക്കാം ആ ചിത്രങ്ങളും വീഡിയോകളും. അത് മറ്റാര്‍ക്കെങ്കിലും അയച്ചുകൊടുക്കുകയോ മറ്റെവിടെയെങ്കിലും ശേഖരിച്ചുവെക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ കനത്ത നഷ്ടം തന്നെ. 

അടുത്തിടെ ബംഗാളി നടിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ മിമി ചക്രവര്‍ത്തിയ്ക്കും ഇതേ അനുഭവം ഉണ്ടായി. 7000 ചിത്രങ്ങളും 500 വീഡിയോകളും ഗാലറിയില്‍ നിന്നും ഡിലീറ്റ് ചെയ്യപ്പെട്ട നിരാശ അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. 

നീക്കം ചെയ്യപ്പെട്ടവ തിരിച്ചെടുക്കാന്‍ പ്രയാസമാണ്. ഫോണിലെ ഡാറ്റ എപ്പോള്‍ വേണമെങ്കിലും, ഏത് വിധേനയും നഷ്ടപ്പെടാം എന്ന ബോധ്യം നമുക്കുണ്ടാവേണ്ടതുണ്ട്. ആ തിരിച്ചറിവില്‍ ചില മുന്നൊരുക്കങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. 

ഐഫോണുകളിലെ ഐക്ലൗഡ്, ആന്‍ഡ്രോയിഡ് ഫോണുകളിലെ ഗൂഗിള്‍ ഫോട്ടോസ്, വിവിധ ഫോണ്‍ നിര്‍മാതാക്കള്‍ സ്വന്തം നിലയില്‍ വാഗ്ദാനം ചെയ്യുന്ന സൗജന്യ ക്ലൗഡ് സ്റ്റോറേജ് സൗകര്യങ്ങള്‍ എന്നിവ ഇതിനായി പ്രയോജനപ്പെടുത്താം 

ആപ്പിള്‍ ഐ ക്ലൗഡ് എങ്ങനെ ഉപയോഗിക്കാം

ഐഫോണില്‍ നിന്ന് ആപ്പിള്‍ ഐഡി ലോഗിന്‍ ചെയ്യുക. സെറ്റിങ്‌സില്‍ ഫോട്ടോസ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് അതില്‍ ഐക്ലൗഡ് ഫോട്ടോസ് ഓണ്‍ ചെയ്തുവെക്കുക.

ഇതുവഴി നിങ്ങളുടെ ഐഫോണിലെ എല്ലാ മീഡിയാ ഫയലുകളും ഐക്ലൗഡിലേക്ക് ബാക്ക് അപ്പ് ചെയ്യപ്പെടും. മാത്രവുമല്ല ഇതേ ആപ്പിള്‍ ഐഡിയില്‍ ലോഗിന്‍ ചെയ്താല്‍ ഏത് ആപ്പിള്‍ ഉപകരണത്തില്‍ നിന്നും ഈ ചിത്രങ്ങളും വീഡിയോകളും കാണാന്‍ സാധിക്കും. 5ജിബി സൗജന്യ സ്‌റ്റോറേജാണ് ഐക്ലൗഡില്‍ ലഭിക്കുക. 

ഗൂഗിള്‍ ഫോട്ടോസ് ബാക്ക് അപ്പ് എങ്ങനെ ചെയ്യാം?

ആദ്യം പ്ലേസ്‌റ്റോറില്‍ നിന്ന് ഗൂഗിള്‍ ഫോട്ടോസ് ഇന്‍സ്റ്റാള്‍ ചെയ്യുക. ആപ്പ് തുറന്ന് ഗൂഗിള്‍ ഐഡി ലോഗിന്‍ ചെയ്യുക.

ശേഷം പ്രൊഫൈല്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് ബാക്ക് അപ്പ് ആന്റ് സിങ്ക് ഓണ്‍ ചെയ്യുക.  

ക്ലൗഡ് സ്‌റ്റോറേജിലേക്ക് ഗാലറി ബാക്ക് അപ്പ് ചെയ്താല്‍ നിങ്ങളുടെ ഡാറ്റ ഒരുതരത്തില്‍ സുരക്ഷിതമാണ്. ഫോണ്‍ നഷ്ടപ്പെട്ടാലും കേടുവന്നാലും ഫോട്ടോകളും വീഡിയോകളും നഷ്ടപ്പെടുന്നില്ല. 15 ജിബി സ്‌റ്റോറേജാണ് ഗൂഗിള്‍ ഫോട്ടോസ് നല്‍കുന്നത്. 

അപ്പോഴും അബദ്ധത്തില്‍ ഗാലറി ഡിലീറ്റ് ചെയ്താല്‍ ഗൂഗിള്‍ ഫോട്ടോസില്‍ നിന്നും ഐക്ലൗഡില്‍ നിന്നും ചിത്രങ്ങള്‍ നീക്കം ചെയ്യപ്പെടും. എന്നാല്‍ ഈ രണ്ട് സേവനങ്ങളിലും ഡീലീറ്റ് ചെയ്ത ഫയലുകള്‍ കുറച്ചുനാള്‍ കൂടി സൂക്ഷിക്കും. ഐക്ലൗഡില്‍ 30 ദിവസവും, ഗൂഗിള്‍ ഫോട്ടോസില്‍ 60 ദിവസവും ഡിലീറ്റ് ചെയ്ത ഫയലുകള്‍ സൂക്ഷിക്കപ്പെടും. 

ഐ ക്ലൗഡില്‍ 'റീസന്റ്‌ലി ഡിലീറ്റഡ്' എന്ന സെക്ഷനില്‍ നിങ്ങള്‍ റിക്കവര്‍ ചെയ്യേണ്ട ഫയലുകള്‍ കാണാം. 

ഗൂഗിള്‍ ഫോട്ടോസില്‍ ലൈബ്രറി ബട്ടന്‍ തിരഞ്ഞെടുത്താല്‍ 'ട്രാഷ്' സെക്ഷന്‍ കാണാം അതില്‍ നിന്നും ചിത്രങ്ങള്‍ തിരിച്ചെടുക്കാം. ഗൂഗിള്‍ ഫോട്ടോസിലെ ട്രാഷില്‍ 1.5 ജിബി ഡാറ്റ മാത്രമേ സൂക്ഷിക്കുകയുള്ളൂ. 

Content Highlights: How to recover deleted photos, Photos back up, How to Back up data to cloud, Google photos, ICloud