പ്രതീകാത്മക ചിത്രം
കേരള സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച പുതിയ ഇന്റര്‍നെറ്റ് സേവന ദാതാവാണ് കേരളാ ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് അഥവാ കെ ഫോണ്‍. ജൂണ്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി ഈ പദ്ധതിക്ക് തുടക്കമിട്ടു.
കെഫോണിലൂടെ കേരളത്തിലെ 75 ലക്ഷം കുടുംബങ്ങളിലും ഇന്റര്‍നെറ്റ് സേവനം നല്‍കാമെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ 20 ലക്ഷത്തോളം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി കെഫോണ്‍ വഴി ഇന്റര്‍നെറ്റ് ലഭിക്കും. മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും വാണിജ്യ അടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കെഫോണ്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
ആര്‍ക്കെല്ലാം ?
കേരളത്തില്‍ എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും കണക്ഷന് വേണ്ടി അപേക്ഷിക്കാം. ആദ്യ ഘട്ടത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 14,000 വീടുകളിലും 30,000ത്തില്‍പരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാകും കെഫോണിന്റെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാവുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പട്ടികയനുസരിച്ച് ആദ്യ ഘട്ടത്തില്‍ ഒരു നിയമസഭാ മണ്ഡലത്തിലെ നൂറു വീടുകള്‍ എന്ന നിലയിലാണ് കെഫോണ്‍ കണക്ഷന്‍ നല്‍കുന്നത്. 18,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 9,000 ല്‍പരം വീടുകളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു എന്നാണ് കെ ഫോണ്‍ നല്‍കുന്ന വിവരം. 17,412 സ്ഥാപനങ്ങളിലും 2,105 വീടുകളിലും നിലവില്‍ കെഫോണ്‍ വഴി ഇന്‍ര്‍നെറ്റ് സേവനം നല്‍കുന്നുണ്ട്.
കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കാന്‍ പര്യാപ്തമായ ഐ.ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇതിനോടകം കെഫോണ്‍ സജ്ജീകരിച്ചിട്ടുണ്ട്. 20 എം.ബി.പി.എസ് മുതലുള്ള വേഗതയില്‍ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാം. ആവശ്യാനുസരണം വേഗത വര്‍ധിപ്പിക്കാനും സാധിക്കും.
കെ ഫോണ്‍ നിരക്കുകള്‍

എങ്ങനെ കണക്ഷന് വേണ്ടി അപേക്ഷിക്കാം ?
കെ ഫോണ്‍ നേരിട്ടും വിവിധ സര്‍വീസ് പ്രൊവൈഡര്‍മാര്‍ മുഖേനയുമാണ് കണക്ഷനുകളെത്തിക്കുക. കേരളാ വിഷന്‍ ഇതില്‍ പങ്കാളിയാണ്. വിവിധ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ വഴിയും കണക്ഷനുകള്‍ വാങ്ങാനാവും.
കെഫോണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കെഫോണ്‍ വരിക്കാരാകാന്‍ സാധിക്കും. പ്ലേസ്റ്റോറിലും ആപ്പ്സ്റ്റോറിലും ആപ്ലിക്കേഷന്‍ ലഭ്യമാണ്. കെഫോണിന്റെ വെബ്‌സൈറ്റിലൂടെയും വിവരങ്ങള്‍ നല്‍കി വരിക്കാരാവാം. പുതിയ വരിക്കാരാവുന്നതിനായി വിവരങ്ങള്‍ നല്‍കിയാല്‍ കെ ഫോണ്‍ അധികൃതര്‍ നിങ്ങളുമായി ബന്ധപ്പെടും. കെവൈസി മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ കണക്ഷന്‍ ലഭിക്കുകയുള്ളൂ. 18 വയസ് പ്രായമായവരുടെ പേരില്‍ വേണം അക്കൗണ്ട് തുടങ്ങാന്‍. കണക്ഷനുവേണ്ടി അടുത്തുള്ള കേബിള്‍ ടിവി ഓപ്പറേറ്ററുമായും ബന്ധപ്പെടാം.
നിലവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പട്ടികയനുസരിച്ചുള്ള വീടുകള്‍ ഉള്‍പ്പടെ മുന്‍ഗണനാ ക്രമം അനുസരിച്ചാവും കണക്ഷനുകള്‍ നല്‍കുക. പ്രാരംഭ കാലത്തെ തിരക്കുകള്‍ കൈകാര്യം ചെയ്യുന്നതിന് കൂടി വേണ്ടിയാണിത്. മറ്റുള്ളവര്‍ക്ക് കണക്ഷന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാമെങ്കിലും കണക്ഷന്‍ ലഭിക്കുന്നതിന് തുടക്കകാലത്ത് കാലതാമസം നേരിട്ടേക്കും. ദേശീയപാതാ വികസനം നടക്കുന്ന ചില മേഖലകളില്‍ ഫൈബര്‍ കേബിളുകള്‍ വിന്യസിക്കുന്നതിന് പ്രയാസമുള്ളതിനാല്‍ അവിടങ്ങളിലും കാലതാമസം നേരിട്ടേക്കാം. സാധാരണ നിലയ്ക്ക് രണ്ട് ദിവസം മുതല്‍ ഒരാഴ്ചവരെ സമയത്തിനുള്ളില്‍ കണക്ഷനുകള്‍ ലഭിക്കും. എന്തായാലും കേബിള്‍ ഓപ്പറേറ്ററുമായോ, കേ ഫോണ്‍ അധികൃതരുമായോ ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിക്കുക.
Content Highlights: how to get k fon connection details
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..