ടിക് ടോക്ക് ദിവസങ്ങള്‍ക്ക് മുമ്പാണ് ഫാമിലി പെയറിങ് ഫീച്ചര്‍ അവതരിപ്പിച്ചത്. 16 വയസില്‍ താഴെ പ്രായമുള്ള കൗമാരക്കാരായ മക്കള്‍ ടിക് ടോക്കിലുണ്ടെങ്കില്‍ അവരുടെ അക്കൗണ്ടില്‍ മാതാപിതാക്കള്‍ക്ക് നിയന്ത്രണം നല്‍കുന്ന ഫീച്ചര്‍ ആണിത്. സ്‌ക്രീന്‍ ടൈം മാനേജ് മെന്റ്, റെസ്ട്രിക്റ്റഡ് മോഡ്, ഡയറക്ട് മെസേജ് എന്നിവ നിയന്ത്രിക്കാന്‍ ഇതുവഴി മാതാപിതാക്കള്‍ക്ക് സാധിക്കും. 

ആദ്യം മാതാപിതാക്കള്‍ ടിക് ടോക്ക് അക്കൗണ്ട് തുടങ്ങൂ

മാതാപിതാക്കള്‍ക്ക് ടിക് ടോക്ക് അക്കൗണ്ട് ഉണ്ടെങ്കിലെ ഫാമിലി പെയറിങ് ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കൂ. ഈ അക്കൗണ്ട് കുട്ടികളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ച് കഴിഞ്ഞാല്‍ എവിടെ നിന്നും കുട്ടികളുടെ അക്കൗണ്ടിലെ ഡിജിറ്റല്‍ വെല്‍ബീയിങും, പ്രൈവസി കണ്‍ട്രോളും മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാനാവും. ഇതിന് കുട്ടികളുടെ അനുവാദം വേണ്ടതില്ല. 

എന്തിന് ഇങ്ങനെ ഒരു നിയന്ത്രണം?

ടിക് ടോക്ക് ഒരു തുറന്ന വേദിയാണ്. കുട്ടികള്‍ ചെയ്യുന്ന ഒരോ പബ്ലിക്ക് വീഡിയോയും ലോകത്തെവിടെയുമുള്ള ആളുകള്‍ക്ക് കാണാന്‍ സാധിക്കും. അത് പോലെ തന്നെ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും പലതരക്കാരായ ആളുകള്‍ക്ക് കുട്ടികളുമായി ബന്ധം സ്ഥാപിക്കാനുള്ള വഴി അത് ഒരുക്കുകയും ചെയ്യും. നിലവില്‍ പരസ്പരം ഫോളോചെയ്യുന്ന ആളുകള്‍ക്ക് മാത്രമേ ടിക് ടോക്കില്‍ പരസ്പരം സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുകയുള്ളൂ. എങ്കിലും ഇത്തരം ബന്ധങ്ങള്‍ എത്രത്തോളം വിശ്വസിക്കാനാവും? കുട്ടികളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിന് വേണ്ടി മാത്രമല്ല. കുട്ടികള്‍ കാണുന്ന ഉള്ളടക്കങ്ങള്‍, അവര്‍ ടിക് ടോക്കിന് വേണ്ടി സ്മാര്‍ട്‌ഫോണിന് മുന്നില്‍ ചിലവഴിക്കുന്ന സമയം എന്നിവയെല്ലാം നിരീക്ഷിക്കപ്പെടേണ്ടവയാണ്.

tiktok family pairingഫാമിലി പെയറിങ് മോഡ് എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാം. 

  • നിങ്ങളുടെ ഫോണും നിങ്ങളുടെ കുട്ടികള്‍ ടിക് ടോക്ക് ഉപയോഗിക്കുന്ന ഫോണും കയ്യില്‍ കരുതുക. രണ്ട് ഫോണുകളിലും ടിക് ടോക്ക് തുറന്ന് ടിക് ടോക്ക് അക്കൗണ്ട് പ്രൊഫൈല്‍ പേജ് തുറക്കുക. 
  • എന്നിട്ട് മുകളില്‍ വലത് ഭാഗത്തായുള്ള ത്രീ ഡോട്ട് മെനു തുറക്കുക. അതില്‍ ഡിജിറ്റല്‍ വെല്‍ ബീയിങ് തിരഞ്ഞെടുക്കുക. ശേഷം ഫാമിലി പെയറിങ് തിരഞ്ഞെടുക്കുക. 
  • അപ്പോള്‍ ആരാണ് ഈ ടിക് ടോക്ക് അക്കൗണ്ട് ഉപയോഗിക്കുന്നത് എന്ന് ചോദിക്കും. 'പാരന്റ്', 'ടീന്‍' എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ താഴെയുണ്ടാവും. രക്ഷിതാവിന്റെ ടിക് ടോക്കില്‍ 'പാരന്റ്' എന്ന് തിരഞ്ഞെടുക്കുക. കുട്ടിയുടെ അക്കൗണ്ടില്‍ നിന്നും 'ടീന്‍' എന്നത് തിരഞ്ഞെടുക്കുക. 
  • ശേഷം രക്ഷിതാവിന്റെ അക്കൗണ്ടില്‍ തുറന്നുവരുന്ന പേജില്‍ എന്തെല്ലാം നിയന്ത്രണങ്ങള്‍ ചെയ്യാനാവും എന്ന വിവരങ്ങള്‍ കാണാം. അതിന് താഴെയുള്ള 'കണ്ടിന്യൂ' ബട്ടന്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു ക്യൂ ആര്‍ കോഡ് തെളിയും. 
  • ഇതേ സമയം കുട്ടിയുടെ അക്കൗണ്ടില്‍ ടീന്‍ എന്ന് തിരഞ്ഞെടുത്തതിന് ശേഷം. 'സ്‌കാന്‍ കോഡ്' എന്നത് തിരഞ്ഞെടുത്ത് രക്ഷിതാവിന്റെ അക്കൗണ്ടിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. 

എന്തെല്ലാം ചെയ്യാം?

നിങ്ങളുടെ കുട്ടിയ്ക്ക് ടിക് ടോക്കില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ അവരുടെ ടിക് ടോക്ക് സെറ്റിങ്‌സ് കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും.

  • കുട്ടികള്‍ എത്രനേരം ടിക് ടോക്ക് ഉപയോഗിക്കണം എന്ന് നിശ്ചയിക്കാം.
  • കുട്ടികള്‍ കാണാന്‍ പാടില്ലാത്ത ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാം.
  • കുട്ടികള്‍ക്ക് മറ്റുള്ളവരില്‍ നിന്നും വരുന്ന സന്ദേശങ്ങള്‍ നിയന്ത്രിക്കാം.

Content Highlights: how to enable family paring feature on tiktok, Digital Wellbeing, parental controll on tiktok