കേരളത്തിലെ ആര്‍ടി ഓഫീസുകളില്‍ നിന്ന് നല്‍കുന്ന ഒറിജിനല്‍ ലൈസന്‍സ് കാര്‍ഡുകള്‍ പേപ്പര്‍ പ്രിന്റ് ലാമിനേറ്റ് ചെയ്ത് തരുന്നവയാണ്. വാഹനമുള്ളവര്‍ എപ്പോഴും കയ്യില്‍ കൊണ്ടുനടക്കേണ്ട ഈ ലൈസന്‍സ് കാര്‍ഡിന്റെ ലാമിനേഷന്‍ എളുപ്പം കേടുവരുന്നവയാണ്. എടിഎം കാര്‍ഡ് രൂപത്തിലേക്ക് ലൈസന്‍സ് കാര്‍ഡുകള്‍ മാറ്റണമെന്ന ആവശ്യം ഏറെ നാളുകളായി ഉയരുന്നുണ്ടെങ്കിലും അത് ഇതുവരെ നടപ്പായിട്ടില്ല. ഇപ്പോള്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷനും ലൈസന്‍സിന് സമാനമായ പ്രിന്റ് ലാമിനേറ്റഡ് കാര്‍ഡുകളാണ്.
ഇനി വിഷയത്തിലേക്ക് വരാം. ലൈസന്‍സ്, ആര്‍സി കാര്‍ഡുകള്‍ ആധികാരിക രേഖയായതിനാല്‍ അത് കയ്യില്‍ കൊണ്ടു നടന്ന് നശിച്ചുപോയാലോ നഷ്ടപ്പെട്ടുപോയാലോ പ്രശ്‌നമാണ്. അതിനൊരു പരിഹാരമാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ എം പരിവാഹന്‍ ആപ്ലിക്കേഷന്‍. നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ എന്നിവയുടെ വിവരങ്ങള്‍ ഡിജിറ്റല്‍ രേഖയായി എം പരിവാഹന്‍ ആപ്പില്‍ ലഭ്യമാണ്.
വാഹന പരിശോധനകള്‍ക്കിടയില്‍ പോലീസ് അധികാരികള്‍ക്ക് മുന്നിലും സുരക്ഷാ ഉദ്യേഗസ്ഥര്‍ക്ക് മുന്നിലും കാണിക്കാവുന്ന ആധികാരിക രേഖയാണ് ഇത്. 2019ലെ പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം ഇലക്ട്രോണിക് മാതൃകയിലുള്ള രേഖകള്‍ അംഗീകരിക്കണമെന്ന് കേരള പോലീസിന് നിര്‍ദേശമുണ്ട്.
സ്മാര്‍ട്‌ഫോണ്‍ ഏവരുടെയും കയ്യില്‍ ഉണ്ടാവുമെന്നതിനാല്‍ എം പരിവാഹന്‍ ആപ്ലിക്കേഷനില്‍ ലൈസന്‍സ്, ആര്‍സി വിവരങ്ങള്‍ കൊണ്ടു നടക്കുന്നതാണ് ഉചിതം.
- പ്ലേ സ്റ്റോറില്‍ നിന്നും m Parivahan ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
- മൊബൈല്‍ നമ്പര്‍ നല്‍കി സൈന്‍ ഇന്‍ ചെയ്യുക. ഓടിപി നല്‍കി അക്കൗണ്ട് വെരിഫൈ ചെയ്യുക.
- നിങ്ങളുടെ പ്രൊഫൈലില്‍ പേരും മറ്റ് വിവരങ്ങളും നല്‍കുക.
- ആപ്പിന്റെ ഡാഷ് ബോര്‍ഡില്‍ താഴെ ക്രിയേറ്റ് വിര്‍ച്വല്‍ ആര്‍സി, ക്രിയേറ്റ് വിര്‍ച്വല്‍ ഡിഎല്‍ എന്നീ ഓപ്ഷനുകള്‍ കാണാം.
- ആര്‍സി വിവരങ്ങള്‍ ആപ്പില്‍ ലഭിക്കുന്നതിനായി ക്രിയേറ്റ് വിര്‍ച്വല്‍ ആര്‍സി ബട്ടന്‍ ക്ലിക്ക് ചെയ്യുക.
- മുകളിലെ സെര്‍ച്ച് ബാറില്‍ നിങ്ങളുടെ വാഹനത്തിന്റെ നമ്പര്‍ നല്‍കുക.
- അപ്പോള്‍ പ്രസ്തുത നമ്പറിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ കാണാം. ഇത് നിങ്ങളുടെ ആപ്പിലെ ഡാഷ്‌ബോര്‍ഡില്‍ ചേര്‍ക്കുന്നതിനായി ആഡ് റ്റു ഡാഷ് ബോര്‍ഡ് എന്ന് ബട്ടന്‍ അമര്‍ത്തുക.
- അപ്പോള്‍ ആര്‍സി വെരിഫൈ ചെയ്യാനുള്ള നിര്‍ദേശം വരും.
- ഇതില്‍ നിങ്ങളുടെ ഷാസി നമ്പര്‍ എഞ്ചിന്‍ നമ്പര്‍ എന്നിവയുടെ അവസാന നാലക്കങ്ങള്‍ നല്‍കുക. ആര്‍സി വിവരങ്ങള്‍ നിങ്ങളുടെ ഡാഷ് ബോര്‍ഡില്‍ എത്തിയിട്ടുണ്ടാവും.
- ഈ ആര്‍സി എം പരിവാഹന്‍ ഉപയോഗിക്കുന്ന മറ്റൊരാളുമായി പങ്കുവെക്കാനും സാധിക്കും. അതിനായി ഡാഷ് ബോര്‍ഡില്‍ ആര്‍സിയ്ക്ക് നേരെയുള്ള ഷെയര്‍ ബട്ടന്‍ ക്ലിക്ക് ചെയ്ത് ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ മതി.
ഡ്രൈവിങ് ലൈസന്‍സ് ചേര്‍ക്കുന്ന വിധം
- അതിനായി ഡാഷ് ബോര്‍ഡില്‍ താഴെയുള്ള ക്രിയേറ്റ് വിര്‍ച്വല്‍ ഡിഎല്‍ ബട്ടന്‍ ക്ലിക്ക് ചെയ്യുക.
- തുറന്നുവരുന്ന പേജില്‍ മുകളിലുള്ള സെര്‍ച്ച് ബാറില്‍ നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍ നല്‍കുക
- നിങ്ങള്‍ നല്‍കിയ നമ്പറിലെ വിവരങ്ങള്‍ കാണാം
- അത് ഡാഷ് ബോര്‍ഡിലേക്ക് ചേര്‍ക്കുന്നതിന് നിങ്ങളുടെ ജനന തീയതി നല്‍കി വെരിഫൈ ചെയ്യുക.
- നിങ്ങളുടെ ചിത്രം സഹിതമുള്ള ലൈസന്‍സ് വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാവും.
കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കിയ ഡിജി ലോക്കര്‍ ആപ്ലിക്കേഷനും ഇതിന് സമാനമാണ്. ആര്‍സിയും, ഡ്രൈവിങ് ലൈസന്‍സും, ഇന്‍ഷുറന്‍സ് രേഖകളും ഉള്‍പ്പടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന രേഖകള്‍ ഡിജി ലോക്കറില്‍ ലഭ്യമാണ്.
Content Highlights: m parivahan app driving licence RC