കൊറോണ വൈറസ് വ്യാപനം മൂലം ലോകം നിശ്ചലമായിരിക്കുകയാണ്. തിരക്കേറിയ മെട്രൊപൊളിറ്റന്‍ നഗരങ്ങളെല്ലാം ഇന്ന് ആളൊഴിഞ്ഞ് കിടക്കുകയാണ്. വൈറസിനെ തുരത്താനുള്ള ശ്രമത്തിലാണ് ലോകാരോഗ്യ സംഘടനയും, വിവിധ ഭരണകൂടങ്ങളും സ്ഥാപനങ്ങളും. കൊറോണയ്ക്കെതിരായ വാക്സിന് കണ്ടെത്താനുള്ള ശാസ്ത്ര ഗവേഷണങ്ങള്‍ ഒരു വശത്ത് നടക്കുന്നു. രോഗ ബാധിതര്‍ക്ക് ആവശ്യമായ മുഖം മൂടികളും പരിശോധന കിറ്റുകളും നിര്‍മിക്കാനുള്ള ശ്രമവും തകൃതിയായി നടക്കുകയാണ്.
അതിനിടയിലാണ് ലോകമെമ്പാടുമുള്ള സൈബര്‍ കുറ്റവാളികള്‍ അവരുടെ കുശാഗ്ര ബുദ്ധിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കൊറോണയെ കുറിച്ചുള്ള ഭീതി കാശാക്കിമാറ്റാനുള്ള ശ്രമത്തിലാണവര്‍. അതിന്റെ ഫലമായി വ്യാപമായ ഫിഷിങ് മെസേജുകളും, മാല്‍വെയറുകളടങ്ങുന്ന ഇമെയിലുകളും ജനങ്ങളിലേക്ക് വ്യാപകമായി എത്തുകയാണ്.
ലോകാരോഗ്യ സംഘടനയുടെയും മറ്റ് ആധികാരിക ഏജന്‍സികളുടെയും സ്ഥാപനങ്ങളുടേയും പേരിലുള്ള വ്യാജ ഇമെയിലുകളിലൂടെയും സന്ദേശങ്ങളിലൂടെയുമാണ് ഇവര്‍ മാല്‍വെയറുകള്‍ അയക്കുന്നത്. ജനങ്ങളില്‍ നിന്നും വിവരങ്ങള്‍ കൈക്കലാക്കാനും അതില്‍ നിന്നും പണമുണ്ടാക്കാനുമാണ് ഇവരുടെ ശ്രമം. ലോകാരോഗ്യ സംഘടനയെ പോലുള്ള സ്ഥാപനങ്ങളുടേയും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടേയും സര്‍ക്കാര്‍ വകുപ്പുകളുടേയും വെബ്സൈറ്റുകളും സെര്‍വറുകളും കയ്യടക്കാനുള്ള ശ്രമവും തകൃതിയായി നടക്കുന്നുണ്ട്.
കൊറോണ വ്യാപനം ആഗോള ഭീതിയ്ക്ക് ഇടയാക്കിയതോടെ ഹാക്കര്‍മാര്‍ വ്യാപകമായി രംഗത്തിറങ്ങിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ന്യൂസ് 18 നല്കിയ റിപ്പോര്‍ട്ടില്‍ സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്വിക്ക് ഹീല്‍ സെക്യൂരിറ്റി ലാബ്സ് ഡയറക്ടര്‍ ഹിമാന്‍ഷു ദൂബെ പറയുന്നത് ഹാക്കര്‍മാര്‍ക്ക് സമൂഹത്തിലുണ്ടാവുന്ന പുതിയ ട്രെന്‍ഡുകള്‍ തിരിച്ചറിയാനുള്ള വിദഗ്ദരായിരിക്കുമെന്നാണ്. ഇപ്പോഴത്തെ ട്രെന്‍ഡ് കൊറോണ വൈറസ് ആണ്. അതുമായി ബന്ധപ്പെട്ട നിരവധി വെബ്സൈറ്റുകളാണ് ദിവസേനയെന്നോണം സൃഷ്ടിക്കപ്പെടുന്നത്. അതില്‍ നല്ലതുമുണ്ട് അപകടകാരികളുമുണ്ട്.
അപകടകാരികളായ വെബ്സൈറ്റുകളുടെ മുഖ്യലക്ഷ്യം പണംതട്ടുകയാണ്. കൊറോണയെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുമെന്ന വ്യാജേന ആളുകളെ ആകര്‍ഷിച്ച് കുടുക്കിലാക്കും. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും, ആധികാകരിക സംഘടനകളുടെയും വെബ്സൈറ്റുകളുടെ തിരിച്ചറിയാന്‍ പറ്റാത്ത വ്യാജന് നിര്‍മിച്ച് ആളുകളെ കബളിപ്പിക്കും. പാസ് വേഡുകളും മറ്റ് വിവരങ്ങളും കൈക്കലാക്കുകയാണ് ലക്ഷ്യം.
കുറച്ചാഴ്ചകള്‍ക്ക് മുമ്പ് ദിവസേന 1000 ഡൊമൈനുകളാണ് സൃഷ്ടിക്കപ്പെട്ടിരുന്നത് എങ്കില്‍ ദിവസങ്ങള്‍ക്ക് മുമ്പ് അത് 10000 ഡൊമൈനുകളായി വര്‍ധിച്ചിട്ടുണ്ടെന്ന് ദുബെ പറയുന്നു.
പഴയ വിദ്യകള്‍ തന്നെ പയറ്റുന്ന ഹാക്കര്‍മാര്‍
ഈ സഹാചര്യത്തിലും ഹാക്കര്‍മാരുടെ രീതിയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ആളുകളെ ചൂണ്ടയിട്ട് വീഴ്ത്തുന്ന മാല്‍വെയറുകളടങ്ങുന്ന ഇമെയിലുകളും അപകടകാരികളായ വെബ്സൈറ്റുകളിലേക്ക് ആളുകളെ കൊണ്ടു ചെന്നെത്തിക്കുന്ന ഫിഷിങ് സന്ദേശങ്ങളും തന്നെയാണ് ഹാക്കര്‍മാരുടെ മുഖ്യ ആയുധം.
ബ്രൗസറിലെ വിവരങ്ങള്‍ ശേഖരിക്കുകയാണ് ഇതില്‍ ഒന്ന്. ബ്രൗസറുകള്‍ ശേഖരിച്ചുവെച്ചിട്ടുള്ള ഇമെയില്‍, സോഷ്യല്‍മീഡിയ, ബാങ്കിങ് പാസ് വേഡുകള്‍ കൈക്കലാക്കാന്‍ ഇതിലൂടെ സാധിക്കും. മറ്റ് സ്ഥലങ്ങളില്‍ നിന്നും നിങ്ങളുടെ കംപ്യൂട്ടറിനെ നിയന്തിക്കാനാവുന്ന ടൂളുകള്‍ വിന്യസിക്കുന്നവരും ഉണ്ട്.
വിവിധ ആരോഗ്യ സംഘടനകളുടെ പേര് ചമഞ്ഞാണ് കൊറോണ കാലത്തെ ഹാക്കര്‍മാരുടെ വിളയാട്ടം. ഇതിനായി വ്യാജ വെബ്പേജുകളും ഓരോ സ്ഥാപനങ്ങളുടേയും ആഭ്യന്തര ഇമെയില്‍ ഐഡികള്‍ക്ക് സമാനമായ ഇമെയിലുകളും നിര്മിച്ചിട്ടുണ്ടാവും. ഇവ പെട്ടെന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്.
വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ ശ്രദ്ധിക്കുക
വീട്ടിലിരുന്ന് നിങ്ങളുടെ ലാപ്ടോപ്പിലേക്ക് ലഭ്യമാക്കുന്ന കമ്പനിയുടെ ആഭ്യന്തര ഡാറ്റാബേസിലേക്ക് അജ്ഞാതനായ ഹാക്കര്‍ക്ക് കടന്നുകയറാന്‍ നിങ്ങളുടെ അശ്രദ്ധമതിയാവും. ഹാക്കര്‍ അയക്കുന്ന ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ കംപ്യൂട്ടറില്‍ അയാള്‍ക്ക് കടന്ന് കയാറാനായേക്കും. പിന്നീട് ആ ലാപ്ടോപ്പ് ഉപയോച്ച് നിങ്ങള്‍ക്ക് ചെയ്യാനാവുന്നതെന്തെല്ലാമോ അതെല്ലാം അയാള്‍ക്കും സാധിക്കും. നിങ്ങളുടെ പാസ് വേഡ് ഉപയോഗിച്ച് നിങ്ങളുടെ കമ്പനി നെറ്റ് വര്‍ക്കില്‍ കടന്നുകയറാനും അത് കയ്യടക്കാനും പ്രശ്നങ്ങളുണ്ടാക്കാനും ഹാക്കര്‍മാര്‍ക്ക് സാധിക്കും.
നിലവില്‍ റിപ്പോര്‍ട്ടുകള്‍ കുറവാണ്
എന്ന് കരുതി സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നില്ല എന്നല്ല. കൊറോണ വൈറസിന്റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ആ രീതിയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. എന്നാല്‍ ഹാക്കര്‍മാരുടെ ഇടപെടല്‍ ഇന്ത്യയില്‍ വ്യാപകമായിട്ടുണെന്നാണ് വിദഗ്ദര്‍ പറയുന്നത്.
Content Highlights: How Attackers are hacking your devices Using COVID-19 as Bait
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..