Jack Dorsey | Photo: Gettyimages
അദാനി ഗ്രൂപ്പിനെതിരെ ക്രമക്കേടുകള്‍ ആരോപിച്ച് രംഗത്തെത്തിയ ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ്, പേമെന്റ്‌സ് സ്ഥാപനമായ ബ്ലോക്കിനെതിരെ (block inc) വെളിപ്പെടുത്തലുകളുമായി രംഗത്ത്. ബ്ലോക്ക് യഥാര്‍ത്ഥ ഉപഭോക്താക്കളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചുവെന്നും പുതിയ ഉപഭോക്താക്കളെ കണ്ടെത്താനുള്ള ചെലവ് കുറച്ചുകാട്ടിയെന്നും ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ ട്വിറ്റര്‍ മേധാവിയുമായ ജാക്ക് ഡോര്‍സിയുടെ നേതൃത്വത്തിലുള്ള സ്ഥാപനമാണ് ബ്ലോക്ക്.
കണക്കുകളില്‍ കൃത്രിമം കാണിച്ച് ഭരണകൂടത്തേയും ഉപഭോക്താക്കളെയും ബ്ലോക്ക് വഞ്ചിക്കുകയായിരുന്നുവെന്നും ഇതിലൂടെ നിയന്ത്രണങ്ങളെ മറികടക്കാനും വായ്പകള്‍ നേടാനും ശ്രമിച്ചെന്നും നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്നും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.
മുന്‍ ജീവനക്കാരുമായും വാണിജ്യ പങ്കാളികളുമായും വാണിജ്യ വിദഗ്ദരുമായും സംസാരിക്കുകയും വിവിധ രേഖകള്‍ പരിശോധിക്കുകയും ചെയ്തതിന് ശേഷമാണ് ഈ വിവരങ്ങള്‍ പുറത്തുവിടുന്നതെന്നും ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കി.
ബ്ലോക്കിലെ 40 ശതമാനം മുതല്‍ 75 ശതമാനം വരെ അക്കൗണ്ടുകളും വ്യാജമാണെന്നാണ് മുന്‍ ജീവനക്കാര്‍ നല്‍കുന്ന വിവരം. ഒരാളുടെ തന്നെ ഒന്നിലധികം അക്കൗണ്ടുകളും ബ്ലോക്കിനുണ്ട്. സാമ്പത്തികതട്ടിപ്പിനും മറ്റുമായി കുറ്റവാളികള്‍ വ്യാപകമായി അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. അത്തരത്തിലുള്ള പല അക്കൗണ്ടുകളും തിരിച്ചറിയുകയും അവ നിര്‍ജീവമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അക്കൗണ്ടുകള്‍ മാത്രമാണ് ഈ രീതിയില്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്തിരുന്നത്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് വീണ്ടും അക്കൗണ്ടുകള്‍ തുറക്കാന്‍ സാധിക്കുന്നുണ്ട്.
കോവിഡ് കാലത്ത് കമ്പനിയുടെ ഓഹരി മൂല്യം ഉയര്‍ന്നതോടെ കമ്പനിയുടെ സഹസ്ഥാപകരായ ജാക്ക് ഡോര്‍സിയും ജെയിംസ് മക്ക് കെല്‍വിയും 100 കോടി ഡോളറിന്റെ ഓഹരി വിറ്റിരുന്നു. ഇപ്പോൾ ഹിന്‍ഡെന്‍ബര്‍ഗിന്റെ വെളിപ്പെടുത്തലോടെ ബ്ലോക്കിന്റെ ഓഹരിയില്‍ 18 ശതമാനം ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് മാസം മുമ്പ് അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് നടത്തിയ വെളിപ്പെടുത്തലുകള്‍ അദാനി ഗ്രൂപ്പിന് 10,000 കോടിഡോളറിന്റെ നഷ്ടമുണ്ടാക്കുന്നതിന് വഴിവെച്ചിരുന്നു.
Content Highlights: Hindenburg Research shorts Jack Dorsey's payments firm Block
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..