ഇന്ത്യയിലുടനീളമുള്ള ചെറു നഗര പ്രദേശങ്ങളില്‍ വിലകൂടിയ ഫോണുകള്‍ക്ക് ആവശ്യക്കാരേറുന്നു. 40000 രൂപയോ അതിന് മുകളിലോ വിലയുള്ള സ്മര്‍ട്‌ഫോണുകളുടെ ആവശ്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ പുറത്തിറങ്ങിയ സാംസങ് ഫ്‌ളിപ് ഫോണും, ആപ്പിളിന്റെ ഐഫോണ്‍ 13 പരമ്പരയുമെല്ലാം ഇക്കൂട്ടത്തില്‍പെടും. 

കോവിഡ് വ്യാപനത്തിന് മുമ്പ് 2019 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ ആവശ്യക്കാരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഇടി ടെലികോം റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രാന്റുകള്‍ കൂടുതല്‍ പരിചിതമായതും, നോ കോസ്റ്റ് ഇഎംഐയുടെ ലഭ്യത, കോവിഡ് കാലത്ത് സ്മാര്‍ട്‌ഫോണുകള്‍ക്ക് ആവശ്യമേറിയതും, വലിയ ഡിസ്‌പ്ലേയുള്ള സ്‌ക്രീനുകള്‍ വാങ്ങാനുള്ള ആഗ്രഹവുമെല്ലാം ഈ വര്‍ധനവിന് കാരണമായിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു. 

വിലകൂടിയ ഫോണുകളുടെ ഉപയോഗത്തില്‍ മെട്രോ നഗരങ്ങളും ചെറുനഗരങ്ങളും തമ്മില്‍ അന്തരം വര്‍ഷാവസാനത്തോടെ കുറയുമെന്നാണ് അനലറ്റിക്‌സ് സ്ഥാപനമായ പ്രെഡ്ക്റ്റിവിയു പറയുന്നത്.സ്മാര്‍ട്‌ഫോണ്‍ വ്യവസായരംഗം അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം നേരിട്ടില്ലായിരുന്നുവെങ്കില്‍ ഈ അന്തരം വളരെയേറെ കുറയുമായിരുന്നുവെന്നും അവര്‍ പറയുന്നു.

കേരളം, തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളെ ചെറു നഗരങ്ങളിലെല്ലാം പ്രീമിയം, മിഡ് പ്രീമിയം ഫോണുകളുടെ ജനപ്രീതിയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.