ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളുടേയും ചാര്‍ജറുകളുടേയും അനുബന്ധ മൊബൈല്‍ പാര്‍ട്‌സുകളുടെ(ഭാഗങ്ങള്‍ക്ക്) ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.  പ്രാദേശിക ഉല്‍പാദനം, ആഭ്യന്തര മൂല്യവര്‍ധനവ് എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കം.  

മൊബൈല്‍ ഫോണ്‍ ഉപകരണ വിഭാഗത്തില്‍ കസ്റ്റംസ് ഡ്യൂട്ടിയില്‍ 400 ഓളം ഇളവുകള്‍ പുനഃപരിശോധിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 

കൂടുതല്‍ ആഭ്യന്തര മൂല്യവര്‍ദ്ധനവിനായി, ചാര്‍ജറുകളുടെയും മൊബൈലിന്റെ ഭാഗങ്ങളുടെയും ഉപഭാഗങ്ങളുടെയും ചില ഇളവുകള്‍ ഞങ്ങള്‍ പിന്‍വലിക്കുന്നു. കൂടാതെ, മൊബൈല്‍ഫോണുകളുടെ ചില ഭാഗങ്ങളുടെ നിരക്ക് പൂജ്യത്തില്‍ നിന്ന് 2.5 ശതമാനമാകുമെന്ന്‌ മന്ത്രി പറഞ്ഞു. 

ആഭ്യന്തര ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുക, ആഗോള മൂല്യശൃംഖലയിലേക്ക് പ്രവേശിക്കാനും കയറ്റുമതി മികച്ചതാക്കാനും ഇന്ത്യയെ സഹായിക്കുക എന്നീ ഇരട്ട ലക്ഷ്യങ്ങള്‍ കസ്റ്റം ഡ്യൂട്ടി നയത്തിന് ഉണ്ടായിരിക്കണമെന്നും അവര്‍ പറഞ്ഞു.

അതേസമയം ഇറക്കുമതി തീരുവയിലെ വർധനവ് രാജ്യത്ത് മൊബൈൽ ഫോണുകളുടെ വില വർധനവിന് കാരണമായേക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇറക്കുമതി ചിലവ് കുറയ്ക്കുന്നതിനായി പ്രാദേശിക തലത്തിൽ തന്നെ അനുബന്ധ ഭാഗങ്ങള്‍ ഉൾപ്പടെയുള്ളവ നിർമിക്കാന്‍ കമ്പനികൾ ശ്രമിച്ചുവരുന്നുണ്ട്. 

സ്ക്രീൻ പാനൽ, ചിപ്പുകൾ ഉൾപ്പടെയുള്ള അനുബന്ധ ഭാഗങ്ങൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വെച്ച് കൂട്ടിച്ചേർത്ത് വിൽക്കുകയാണ് പല കമ്പനികളും ഇപ്പോൾ ചെയ്തുവരുന്നത്. പുതിയ നിയമം വരുന്നതോടെ അനുബന്ധ ഭാഗങ്ങളും ഇന്ത്യയിൽ തന്നെ കമ്പനികള്‍ക്ക് നിർമിക്കേണ്ടി വന്നേക്കും. 

Content Highlights: Govt raises import duty on parts of mobile phones, chargers