ന്യൂഡല്‍ഹി: വ്യാജ സന്ദേശങ്ങള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളിലേക്ക് നയിക്കുന്ന സാഹചര്യത്തില്‍ വാട്‌സ്ആപ്പിന്  കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് വാട്സാപ്പ് സി.ഇ.ഒ ക്രിസ് ഡാനിയേലിനോട് കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇന്ത്യന്‍ നിയമ വ്യവസ്ഥയനുസരിച്ച് വാട്‌സ്ആപ്പ് വഴി നടത്തുന്ന കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്ന കാര്യത്തില്‍ കമ്പനി പരിഹാരം കാണണം. അതിന് രാജ്യത്തിനകത്ത് ഒരു ഓഫീസറെ നിയമിക്കണം. വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ സംവിധാനമുണ്ടാക്കണം - മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ കേരളത്തിലെ പ്രളയസമയത്തും, വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിലും വാട്‌സ്ആപ്പ് നല്‍കുന്ന സേവനങ്ങളെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

ഇന്ത്യയിലെ നിയമങ്ങളെ ലംഘിക്കുന്ന സംഭവങ്ങള്‍ അടുത്ത കാലത്തായി ഉണ്ടായിട്ടുണ്ട്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, ലൈംഗിക പ്രതികാരങ്ങള്‍ തുടങ്ങിയ അതിപ്രാധാന്യമുള്ള സംഗതികളുമുണ്ട്. ഇതിന് വ്യക്തമായ പരിഹാമുണ്ടാക്കണം- മന്ത്രി പറഞ്ഞു.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 39 ഓളം ആള്‍ക്കൂട്ട ആക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഐടി മന്ത്രാലയം കര്‍ശന നടപടികളിലേക്ക് കടക്കുന്നത്. വ്യാജ വാര്‍ത്തകള്‍ തടയിടുന്നതിനായി ഫെയ്സ്ബുക്കടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചിരുന്നു. പ്രശ്‌നങ്ങള്‍ തുടരുന്നതോടെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കേന്ദ്രം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്ന് ഫെയ്സ്ബുക്കും വാട്സാപ്പും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.