ഫേസ് റെക്കഗ്നിഷന്‍ സംവിധാനം ഫെയ്‌സ്ബുക്കില്‍ നിന്ന് ഒഴിവാക്കുകയാണെന്ന കമ്പനിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്ത് വിസില്‍ബ്ലോവര്‍ ഫ്രാന്‍സിസ് ഹൂഗന്‍. അതേസമയം ഈ പ്രഖ്യാപനം ഫെയ്സ്ബുക്ക് യഥാര്‍ത്ഥത്തില്‍ പാലിക്കുന്നുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അവര്‍ പറഞ്ഞു. 

അടുത്തിടെ ഫെയ്സ്ബുക്കിനെതിരെ ഗുരുതരമായ ആരോപണങ്ങളുയര്‍ത്തി രംഗത്തുവന്നയാളാണ് ഫ്രാന്‍സിസ് ഹൂഗന്‍. ഫെയ്‌സ്ബുക്ക് പ്ലാറ്റ് ഫോം സമൂഹത്തേയും വ്യക്തികളേയും എങ്ങനെയാണ് ബാധിക്കുന്നത് എന്നതിന് തെളിവുകള്‍ നല്‍കുന്ന ഫേസ്ബുക്കിന്റെ ആഭ്യന്തര രേഖകളും ഹൂഗന്‍ പുറത്തുവിട്ടിരുന്നു. ഈ വിവാദങ്ങള്‍ കത്തിനില്‍ക്കെയാണ് ഏറെ കാലമായി സ്വകാര്യതാ വാദികള്‍ ആശങ്ക ഉന്നയിച്ചിരുന്ന ഫേസ് റെക്കഗ്നിഷന്‍ സംവിധാനം ഒഴിവാക്കുകയാണെന്നും ഇതുവരെ ശേഖരിച്ച ഫേസ് പ്രിന്റുകളെല്ലാം നീക്കം ചെയ്യുമെന്നും കമ്പനി പ്രഖ്യാപിച്ചത്. 

ഈ വിഷയത്തില്‍ സര്‍ക്കാര്‍ മേല്‍നോട്ടം വേണം . അവ നീക്കം ചെയ്യുന്ന നടപടിക്രമങ്ങളില്‍ കൂടുതല്‍ സുതാര്യത ഉണ്ടാവേണ്ടതുണ്ട്. ഫ്രാൻസിസ് ഹൂഗൻ പറഞ്ഞു.

ജര്‍മനിയിലെ നീതിന്യായ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുകയാണ് ഫ്രാന്‍സിസ് ഹൂഗന്‍. അമേരിക്കയുടെ കര്‍ക്കശമായ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള സമീപനത്തേക്കാള്‍ ടെക്‌നോളജി കമ്പനികളെ നിയന്ത്രിക്കുന്നതില്‍ യൂറോപ്യന്‍ യൂണിയന്റെയും ബ്രിട്ടന്റേയും തത്വാധിഷ്ഠിത നിയന്ത്രണങ്ങളാണ് കൂടുതല്‍ ഫലപ്രദമെന്ന് ഹൂഗന്‍ പറയുന്നു. 

Read Also ഫെയ്സ്ബുക്ക് ഫേസ് റെക്കഗ്‌നിഷന്‍ നിര്‍ത്തുന്നു; കോടിക്കണക്കിന് ഫേസ് പ്രിന്റുകള്‍ നീക്കം ചെയ്യും

ഇംഗ്ലീഷിന് പുറമെയുള്ള ഭാഷകളിലുള്ള ഉള്ളടക്കങ്ങളുടെ നിരീക്ഷണം ഫെയ്‌സ്ബുക്ക് മെച്ചപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ യൂറോപ്പി‌ന് പ്രത്യേക പങ്കുവഹിക്കാനാകും. 

ബര്‍മീസ് മുതല്‍ ഗ്രീക്ക് വരെയുള്ള ഭാഷകളില്‍ വിദ്വേഷ പ്രചാരണം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന വിമര്‍ശനം ഫെയ്‌സ്ബുക്ക് നേരിട്ടിരുന്നു. ഇംഗ്ലീഷ് ഭാഷ സംസാരിക്കാത്ത ലോകത്തെ മറ്റെല്ലാവര്‍ക്കും വേണ്ടി വാദിക്കാന്‍ ഭാഷാ വൈവിധ്യമുള്ള യുറോപ്പിന് സാധിക്കുമെന്നും ഹൂഗന്‍ പറഞ്ഞു. 

Content Highlights: Frances Hougen, Face recognition system, facebook, Europe, whistleblower