കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള വാഹന്‍, സാരഥി എന്നീ പോര്‍ട്ടലുകളിലെ വാഹനങ്ങളുമായി ബന്ധപ്പെട്ട ഡാറ്റാബേസ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയതായി ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വാഹന വിവരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയതു വഴി 100 കോടിയിലേറെ രൂപയുടെ വരുമാനമുണ്ടായതായും മന്ത്രി പറഞ്ഞു.
വാഹന്‍, സാരഥി ഡാറ്റാബേസിലേക്ക് പ്രവേശനം നല്‍കുക വഴി 1,11,38,79,757 രൂപ സര്‍ക്കാര്‍ നേടിയെന്ന് ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ ഗഡ്കരി പറഞ്ഞു.
ആഭ്യന്തര മന്ത്രാലയം, നിയമ നിര്‍വഹണ ഏജന്‍സികള്‍, ഇന്‍ഷുറന്‍സ്, ഓട്ടോ, ചരക്കുഗതാഗത കമ്പനികള്‍ എന്നിവയുമായാണ് പങ്കുവെച്ചത്.
മെഴ്‌സിഡസ് ബെന്‍സ്, ബിഎംഡബ്ല്യൂ, ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്, ആക്‌സിസ് ബാങ്ക്, എല്‍ ആന്റ് ടി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഉള്‍പ്പടെയുള്ള കമ്പനികള്‍ക്കാണ് സര്‍ക്കാര്‍ പോര്‍ട്ടലുളുടെ ഡാറ്റാബേസിലേക്ക് പ്രവേശനം ലഭിച്ചത്.
2019 സെ ബള്‍ക്ക് ഡാറ്റ ഷെയറിങ് പോളിസി സര്‍ക്കാര്‍ എടുത്തുകളഞ്ഞതോടെയാണ് വാഹന്‍, സാരഥി ഡാറ്റാ ബേസിലെ ഡ്രൈവിങ് ലൈസന്‍സുകള്‍, രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിന് വഴിയൊരുങ്ങിയത്. 2020 ജൂണിലാണ് പഴയ പോളിസി സര്‍ക്കാര്‍ ഒഴിവാക്കിയത്.
ഈ ഡാറ്റ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനികളുമായി എന്തെങ്കിലും നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അത്തരം ഒരു നിര്‍ദേശവും പരിഗണനയില്‍ ഇല്ലെന്നായിരുന്നു ഗഡ്കരിയുടെ പ്രതികരണമെന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു.