2021-ലെ 'ഇയര്‍ ഇന്‍ സെര്‍ച്ച്' റിപ്പോര്‍ട്ട് പുറത്തുവിട്ട് ഗൂഗിള്‍. 2021-ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ കാര്യങ്ങളാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. വാര്‍ത്ത, കായികം, വിനോദം ഉള്‍പ്പടെയുള്ള മേഖലകളില്‍ ഇന്ത്യയിലുള്ളവര്‍ ഈ വര്‍ഷം മുഴുവന്‍ തിരഞ്ഞ കാര്യങ്ങളും ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടുണ്ട്

ഇന്ത്യക്കാരുടെ കായികരംഗത്തോടുള്ള പ്രിയം വെളിപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ഐസിസി ടി20 വേള്‍ഡ് കപ്പ് എന്നിവ സെര്‍ച്ചില്‍ മുന്നിലെത്തി. യൂറോ കപ്പ്, കോപ്പ അമേരിക്ക, ടോക്യോ ഒളിംപിക്‌സ് എന്നിവയും ഏറ്റവും അധികം പേര്‍ തിരഞ്ഞ വാക്കുകളാണ് 

ഇന്ത്യയില്‍ വാക്‌സിനേഷന്‍ ആംരഭിച്ചതോടെ കോവിന്‍, കോവിഡ് വാക്‌സിന്‍ എന്നീ വാക്കുകളും ആളുകള്‍ ഏറ്റവും അധികം തിരഞ്ഞ വിഷയങ്ങളായി. കോവിന്‍ വെബ്‌സൈറ്റിലൂടെയാണ് വാക്‌സിനേഷന്‍ ബുക്കിങ് സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നത്. 

ബാറ്റില്‍ റോയേല്‍ ഗെയിമായ ഫ്രീഫയര്‍ (Freefire) ഇന്ത്യക്കാര്‍ ഏറ്റവും അധികം തിരഞ്ഞ മറ്റൊരു വാക്കാണ്.

ഏറ്റവും അധികം ആളുകള്‍ തിരഞ്ഞ വ്യക്തികളില്‍ മുന്നില്‍ ടോക്യോ ഒളിംപിക്‌സില്‍ ആദ്യ വ്യക്തിഗത സ്വര്‍ണം നേടിയ നീരജ് ചോപ്രയാണ്.  തൊട്ടുപിന്നില്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായ ആര്യന്‍ ഖാന്റെ പേരാണ്. ടെസ്ല മേധാവി ഇലോണ്‍ മസ്‌കിന്റെ പേരിനും ഇന്ത്യക്കാര്‍ക്കിടിയില്‍ ജനപ്രീതിയുണ്ട്. ഷെഹനാസ് ഗില്‍, രാജ് കുന്ദ്ര, വിക്കി കൗശല്‍ എന്നിവരുടെ പേരും ഗൂഗിള്‍ ഏറ്റവും അധികം ആളുകള്‍ തിരഞ്ഞു. 

അടുത്തുള്ള സേവനങ്ങളും സ്ഥാപനങ്ങളും കെട്ടിടങ്ങളുമെല്ലാം തിരയുന്ന നിയര്‍ മി സെര്‍ച്ചില്‍ കോവിഡ് വാക്‌സിന്‍, കോവിഡ് ടെസ്റ്റ്, കോവിഡ് ഹോസ്പിറ്റല്‍ എന്നിവ മുന്നിലെത്തി. ഓക്‌സിജന്‍ സിലിണ്ടറുകള്‍, സിടി സ്‌കാന്‍ എന്നിവയും ആളുകള്‍ കൂടുതല്‍ തിരഞ്ഞു. ഫുഡ് ഡെലിവറി, ടിഫിന്‍ സര്‍വീസസ്, ടേക്ക് ഔട്ട് റസ്റ്റോറന്റ് എന്നിവയും നിയര്‍ മി സെര്‍ച്ചില്‍ കൂടുതല്‍ ആളുകള്‍ തിരഞ്ഞ കാര്യങ്ങളാണ്. 

ഏറ്റവും അധികം ആളുകള്‍ തിരഞ്ഞ സിനിമകളുടെ പട്ടികയില്‍ തമിഴ് ചലച്ചിത്രം ജയ് ഭീം മുന്നിലെത്തി. ഷേര്‍ഷാ, രാധേ, ബെല്‍ ബോട്ടം എന്നീ ഹിന്ദി സിനിമകളാണ് പിന്നിലുള്ളത്. മലയാളം-തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങിയ ദൃശ്യം രണ്ടും സെര്‍ച്ചില്‍ ഇടം പിടിച്ചു. ഗോഡ്‌സില്ല വേഴ്‌സസ് കോങ്, എറ്റേണല്‍സ് എന്നീ ഹോളീവുഡ് സിനിമകളും ഏറ്റവും അധികം പേര്‍ തിരഞ്ഞെ സിനിമകളുടെ പട്ടികയില്‍ മുന്നിലുണ്ട്. 

ഏറ്റവും അധികം പേര്‍ തിരഞ്ഞ റെസിപ്പികളില്‍ മുന്നിലുള്ളത് ഇനോകി മഷ്‌റൂമിന്റെ (Enoki Mushroom) വിവിധ റെസിപ്പികളാണ്. പോണ്‍സ്റ്റാര്‍ മാര്‍റ്റിനി എന്ന കോക്ക്‌ടെയ്ല്‍, ലസാഗ്ന (Lasagna), മോദകം (Modak), കുക്കീസ് (Cookies), മേത്തി മട്ടര്‍ മലായ് (Meti Matar Malai), പാലക് (Palak), കാഡ(Kada) എന്നിവയും ഇന്ത്യക്കാര്‍ തിരഞ്ഞു. 

ടോക്യോ ഒളിംപിക്‌സ്, ബ്ലാക്ക്ഫംഗസ്, അഫ്ഗാനിസ്ഥാന്‍, വെസ്റ്റ് ബംഗാള്‍ ഇലക്ഷന്‍സ് എന്നിവയെ കുറിച്ചുള്ള വാര്‍ത്തകളാണ് ആളുകള്‍ ഏറ്റവും അധികം തിരഞ്ഞത്. കോവിഡ് വാക്‌സിന് വേണ്ടി എങ്ങനെ രജിസ്റ്റര്‍ ചെയ്യാം, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം, ഓക്‌സിജന്‍ ലെവല്‍ എങ്ങനെ കൂട്ടാം, എന്നിവ ഹൗ റ്റു (How to) സെര്‍ച്ചില്‍ മുന്നിലെത്തി. 

അത് പോലെ എന്താണ് ബ്ലാക്ക് ഫംഗസ്, എന്താണ് താലിബാന്‍, എന്താണ് റെമെഡെസിവിര്‍, നൂറിന്റെ ക്രമഗുണിതം അഥവാ ഫാക്ടോറിയല്‍ എന്ത് തുടങ്ങിയ ചോദ്യങ്ങള്‍ വാട്ട് ഈസ് (What is) വിഭാഗത്തില്‍ മുന്നിലെത്തി. 

Content Highlights: google Year in Search 2021 india