പുതിയ തൊഴിലാളി സംഘടനയ്ക്ക് രൂപം നല്‍കി ഗൂഗിള്‍ ജീവനക്കാര്‍. ഗൂഗിളിലേയും മാതൃസ്ഥാപനമായ ആല്‍ഫബെറ്റിലേയും എഞ്ചിനീയര്‍മാര്‍ ഉള്‍പ്പടെ 225 ജീവനക്കാരാണ് സംഘടനയില്‍ അണിചേര്‍ന്നത്. കമ്പനിയില്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഇടപെടുകയാണ് 'ആല്‍ഫബെറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍' എന്ന ഈ സംഘടനയുടെ ഉദ്ദേശം.

മാന്യമായ വേതനം, ചൂഷണം, പ്രതികാരം, വിവേചനം എന്നിവയെ പേടിക്കാതെയുള്ള ജോലി എന്നിവ ഉറപ്പുവരുത്തുന്നതിനായി സംഘടന പ്രവര്‍ത്തിക്കുമെന്ന് സംഘടനാ പ്രതിനിധികള്‍ പറയുന്നു. 

ഗൂഗിളിലെ തൊളിലാളി പ്രശ്‌നങ്ങള്‍ ഏറെ കാലമായി ചര്‍ച്ചയാവുന്നുണ്ട്. വര്‍ണ വിവേചനം, തൊഴിലാളി ചൂഷണം, കമ്പനിയുടെ നിലപാടുകള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തുകയോ ശബ്ദമുയര്‍ത്തുകയോ ചെയ്യുന്ന തൊഴിലാളികള്‍ക്കെതിരെയുള്ള പ്രതികാര നടപടികള്‍ ഉള്‍പ്പടെ വിവിധ പ്രശ്‌നങ്ങള്‍ ഇതിനോടകം ആഗോള തലത്തില്‍ ചര്‍ച്ചയായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ യുഎസ് തൊഴില്‍ വകുപ്പ് ഗൂഗിളിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു.

സാങ്കേതിക വ്യവസായ രംഗത്ത് ഈ രീതിയിലൊരു തൊഴിലാളി പ്രസ്ഥാനം രൂപമെടുക്കുന്നത് അപൂര്‍വമാണ്. നേരത്തെ ഫെയ്‌സ്ബുക്ക് പോലെയുള്ള വന്‍കിട കമ്പനികളുടെ നിലപാടുകള്‍ക്കെതിരെ തൊഴിലാളികള്‍ സംഘടിത സമരങ്ങള്‍ നടത്തിയിട്ടുണ്ടെങ്ങിലും ഒരു സ്ഥിരം തൊഴിലാളി സംഘടനാ രൂപത്തിലേക്ക് മാറിയിരുന്നില്ല. 

Content Highlights: Google workers form new labour union