കാലിഫോർണിയ: ഭരണകൂടങ്ങളുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാരില്‍ നിന്നുള്ള സൈബറാക്രമണങ്ങള്‍ ഈ വര്‍ഷം വര്‍ധിച്ചേക്കുമെന്ന് ഗൂഗിളിന്റെ മുന്നറിയിപ്പ്. യുകെ സര്‍വകലാശാലയെ അടക്കം ലക്ഷ്യമിടുന്ന ഇറാനിയന്‍ ഹാക്കര്‍ സംഘം ഉള്‍പ്പടെയുള്ളവരില്‍ നിന്ന് ആക്രമണം ഉണ്ടായേക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്. 

സര്‍ക്കാര്‍ പിന്തുണയിലുള്ള സൈബര്‍ ആക്രമണങ്ങള്‍ ലക്ഷ്യം വെക്കാനിടയുണ്ടെന്നറിയിച്ച് 2021 ല്‍ ഇതുവരെ 50000 മുന്നറിയിപ്പുകള്‍ അക്കൗണ്ട് ഉടമകള്‍ക്ക് അയച്ചിട്ടുണ്ടെന്ന് ഗൂഗിള്‍ പറയുന്നു. 

വ്യാജവാര്‍ത്താ പ്രചാരണം, സര്‍ക്കാര്‍ പിന്തുണയുള്ള ഹാക്കിങ്, സാമ്പത്തിക ഉദ്ദേശത്തോടുകൂടിയുള്ള പീഡനം എന്നിവ നടത്തുന്നവരെ ഗൂഗിളിന്റെ ത്രെട്ട് അനാലിസിസ് ഗ്രൂപ്പ്  (ടാഗ്)പിന്തുടര്‍ന്നുവരികയാണ്. 2020-ലേതിനേക്കാള്‍ 33 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നതെന്ന് ഗൂഗിള്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. ഭീഷണി നേരിടുന്ന ഉപഭോക്താക്കള്‍ക്കെല്ലാം ഗൂഗിള്‍ മുന്നറിയിപ്പ് അയക്കുന്നുണ്ട്. 

Google

50 ലേറെ രാജ്യങ്ങളില്‍ നിന്നായി സര്‍ക്കാര്‍ പിന്തുണയോടെയുള്ള 270 ഓളം സൈബര്‍ ആക്രമണ സംഘങ്ങളെ ടാഗ് പിന്തുടരുന്നുണ്ടെന്നും ഗൂഗിള്‍ പറയുന്നു. 

ഇറാന്‍ റവലൂഷണറി ഗാര്‍ഡ്‌സുമായി ബന്ധമുള്ള 'എപിടി 35' എന്ന ഹാക്കിങ് സംഘത്തെ ഗൂഗിള്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. 'ചാമിങ് കിറ്റന്‍' എന്ന പേരിലും ഈ സംഘം അറിയപ്പെടുന്നു. നിരന്തരം ഫിഷിങ് ആക്രമണങ്ങള്‍ നടത്തുന്ന സംഘമാണിത്. 2020 ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പിനിടയില്‍ ഗൂഗിള്‍ തടസപ്പെടുത്തിയ ഗ്രൂപ്പുകളില്‍ ഒന്നാണിത്. 

ഇറാനിയന്‍ ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ നടപ്പിലാക്കാന്‍ വര്‍ഷങ്ങളായി ഈ സംഘം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുകയും മാല്‍വെയറുകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ വര്‍ഷം തുടക്കത്തില്‍ ഒരു യുകെ സര്‍വകലാശാല വെബ്‌സൈറ്റിന് നേരെയും ഇവരില്‍ നിന്ന് ആക്രമണമുണ്ടായി. സര്‍ക്കാര്‍, വിദ്യാഭ്യാസം, പത്രപ്രവര്‍ത്തനം, എന്‍ജിഒ, വിദേശ നയം, രാജ്യ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട അക്കൗണ്ടുകളെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. 2017 മുതല്‍ തന്നെ ഇവര്‍ ഇത്തരം ആക്രമണങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് ഗൂഗിള്‍ ടാഗ് ഉദ്യോഗസ്ഥനായ അജാക്‌സ് ബാഷ് പറഞ്ഞു. 

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സ്‌പൈ വെയറുകള്‍ അപ് ലോഡ് ചെയ്യുക, ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഫിഷിങ് മെയിലുകള്‍ അയക്കുക പോലുള്ള വിവിധങ്ങളായ മാര്‍ഗങ്ങളാണ് ഈ ഹാക്കര്‍മാര്‍ സ്വീകരിച്ചുവരുന്നതെന്നും ഗൂഗിള്‍ പറഞ്ഞു.