യൂട്യൂബിന്റെ ഐഓഎസ് ആപ്പില്‍ പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചു. ഡിസംബറിന് ശേഷം ആദ്യമായാണ് ഗൂഗിളിന്റെ ഒരു സുപ്രധാന ആപ്ലിക്കേഷനായ യൂട്യൂബില്‍ ഒരു അപ്‌ഡേറ്റ് എത്തിയിരിക്കുന്നത്. ആപ്പിളിന്റെ കര്‍ശനമായ സ്വകാര്യത നയങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിന് വേണ്ടിയാണ് യൂട്യൂബിന്റെ ഐഓഎസ് ആപ്പിലെ അപ്‌ഡേറ്റുകള്‍ ഗൂഗിള്‍ വൈകിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഗൂഗിള്‍ ഈ ആരോപണം നിഷേധിച്ചു. 

യൂട്യൂബിന്റെ ഏറ്റവും ഒടുവിലെ അപ്‌ഡേറ്റ് വന്നത് ഡിസംബര്‍ ഏഴിനാണ്. ഫെബ്രുവരി 13 മുതലാണ് അപ്‌ഡേറ്റ് ലഭ്യമാക്കിത്തുടങ്ങിയത്. അപ്‌ഡേറ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ല.

ബഗ്ഗുകള്‍ പരിഹരിച്ചു, പ്രകടനം മെച്ചപ്പെടുത്തി തുടങ്ങിയ വിവരങ്ങളാണ് അപ്‌ഡേറ്റിനൊപ്പമുള്ളത്. 

ശീതകാല അവധിക്കാലത്ത് ടെക്ക് കമ്പനികള്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നത് സാധാരണമാണ്. അങ്ങനെയുള്ളപ്പോള്‍ ജനുവരി പകുതിയാവുമ്പോഴേക്കാണ് അപ്‌ഡേറ്റുകള്‍ വരാറുള്ളത്. ആപ്പിളിന്റെ പുതിയ പ്രൈവസി പോളിസി അനുസരിച്ചുള്ള ന്യൂട്രീഷന്‍ ലേബല്‍ നിബന്ധനകള്‍ കൊണ്ടാണ് അപ്‌ഡേറ്റുകള്‍ വൈകുന്നത് എന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ ഇപ്പോള്‍ വന്ന അപ്‌ഡേറ്റിന് വളരെ മുമ്പ് തന്നെ യൂട്യൂബ് ആപ്പ് പ്രൈവസി സെക്ഷന്‍ പരിഷ്‌കരിച്ചിരുന്നതാണ്. 

ദിവസങ്ങള്‍ക്ക് മുമ്പ് ഐഫോണിലെ യൂട്യൂബ് ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ' ദിസ് ആപ്പ് ഈസ് ഔട്ട് ഓഫ് ഡേറ്റ്' എന്ന നോട്ടിഫിക്കേഷന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ഒരു സുരക്ഷാ പ്രശ്‌നം ആയിരുന്നില്ല. ഈ അറിയിപ്പ് വേഗം തന്നെ നീക്കം ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് യൂട്യൂബ് പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. 

താമസിയാതെ തന്നെ ഗൂഗിളിന്റെ മറ്റ് ആപ്പുകളുടേയും അപ്‌ഡേറ്റ് ഉടന്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. 

Content Highlights: Google updates YouTube app on iOS, first update since December