കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കങ്ങള്‍ക്കൊപ്പം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഗൂഗിള്‍. യൂട്യൂബിലും ഗൂഗിള്‍ സെര്‍ച്ചിലും ഈ നിലപാട് സ്വീകരിക്കുമെന്നാണ് ഗൂഗിളിന്റെ പ്രഖ്യാപനം. 

കാലാവസ്ഥാ വ്യതിയാനം ഉണ്ട് എന്ന വസ്തുതയും അതിനുള്ള കാരണങ്ങളും ഉള്‍പ്പടെ ശാസ്ത്രം ഇതിനോടകം സ്ഥിരീകരിച്ച വിഷയങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങളില്‍ നിന്നും പണമുണ്ടാക്കാന്‍ ആളുകളെ അനുവദിക്കില്ല എന്നാണ് ഗൂഗിളിന്റെ പുതിയ പരസ്യ നയം. 

കാലാവസ്ഥാ വ്യതിയാനം നുണയാണെന്നും തട്ടിപ്പാണെന്നും ആരോപിക്കുന്ന ഉള്ളടക്കങ്ങളും അന്തരീക്ഷ താപനില വര്‍ധിക്കുന്നുണ്ട്, അതിന് കാരണമാകുന്നത് മനുഷ്യരുടെ പ്രവൃത്തികളാണ് തുടങ്ങിയ വാദങ്ങളെ നിഷേധിക്കുകയും ചെയ്യുന്ന ഉള്ളടക്കങ്ങള്‍ക്ക് ഇനി ഗൂഗിളില്‍ സാമ്പത്തിക മൂല്യമുണ്ടാവില്ല. 

അത്തരം ഉള്ളടക്കങ്ങള്‍ക്കൊപ്പം പരസ്യം പ്രദര്‍ശിപ്പിക്കാന്‍ പരസ്യദാതാക്കള്‍ ആഗ്രഹിക്കുന്നില്ല എന്ന് ഗൂഗിള്‍ പറഞ്ഞു.  കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള നടപടികള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ടാണ് ഗൂഗിളിന്റെ ഈ നീക്കം.