സിഡ്‌നി: ഉള്ളടക്കം പങ്കുവെക്കുന്നതിന് പ്രാദേശിക മാധ്യമങ്ങള്‍ക്ക് ഗൂഗിള്‍ പ്രതിഫലം നല്‍കണമെന്ന നിയമം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പാസാക്കാനിരിക്കെ രാജ്യത്ത് സ്വന്തം വാര്‍ത്താ പോര്‍ട്ടല്‍ ആരംഭിക്കാനുള്ള ചര്‍ച്ചകളുമായി ഗൂഗിള്‍. കഴിഞ്ഞവര്‍ഷം ജൂണില്‍ ഏഴ് പ്രാദേശിക സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് ഓസ്‌ട്രേലിയയില്‍ പോര്‍ട്ടല്‍ തുടങ്ങാന്‍ ഗൂഗിള്‍ പദ്ധതിയിട്ടിരുന്നു. പിന്നീടത് നീണ്ടുപോയി.

എന്നാലിപ്പോള്‍ ഇതുസംബന്ധിച്ച ചര്‍ച്ച കമ്പനി പുനരാരംഭിച്ചിരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്ന നിയമം പാസാക്കിയാല്‍ ഗൂഗിളിന്റെ രാജ്യത്തെ തിരച്ചില്‍ സേവനം നിര്‍ത്തുമെന്ന് കമ്പനി നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാരിനെതിരേ പുതിയ ആയുധവുമായി കമ്പനി രംഗത്തെത്തിയത്.

ആഴ്ചകള്‍ക്കുള്ളില്‍ പോര്‍ട്ടല്‍ തുടങ്ങുമെന്നാണറിയുന്നത്. കഴിയുംവേഗം പോര്‍ട്ടല്‍ ആരംഭിക്കണമെന്ന കാര്യം ചര്‍ച്ചചെയ്യാനായി ഗൂഗിള്‍ തന്നെ സമീപിച്ചിതായി ദ കോണ്‍വസേഷന്‍ വെബ്‌സൈറ്റ് എഡിറ്റര്‍ മിഷ കെച്ചെല്‍ പറഞ്ഞു.

ഗൂഗിള്‍ നേരത്തേ പോര്‍ട്ടല്‍ തുടങ്ങാന്‍ സമീപിച്ച ഏഴ് മാധ്യമങ്ങളിലൊന്നാണിത്.

Content Highlights: google to start its own news portal in australia