ജിമെയില്‍ ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ ഗൂഗിളിന്റെ വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ മീറ്റിന്റെ ഷോട്ട്കട്ട് ഗൂഗിള്‍ ഉള്‍പ്പെടുത്തിയത് കഴിഞ്ഞമാസമാണ്. ഇപ്പോഴിതാ ചാറ്റ്, റൂംസ് എന്നീ രണ്ട് ഫീച്ചറുകള്‍ കൂടി ജിമെയില്‍ ആപ്പില്‍ ഉള്‍പ്പെടുത്താനാണ് ഗൂഗിളിന്റെ പദ്ധതിയെന്ന് റിപ്പോര്‍ട്ട്. 9റ്റു5ഗൂഗിള്‍ വെബ്‌സൈറ്റാണ് ഈ വിവരം പുറത്തുവിട്ടത്. 

രണ്ട് പേര്‍ തമ്മിലുള്ള സംഭാഷണം നടത്തുന്നതിനാണ് ചാറ്റ്. അതേസമയം സംഘം ചേര്‍ന്നുള്ള ആശയവിനിമയത്തിന് വേണ്ടിയുള്ളതാണ് റൂംസ്. സാധാരണ ഉപയോക്താക്കള്‍ക്ക് വേണ്ടിയും എന്റര്‍പ്രൈസ് ഉപയോക്താക്കള്‍ക്ക് വേണ്ടിയും ഈ ഫീച്ചറുകള്‍ എത്തിക്കാനാണ് സാധ്യത. 

ഗൂഗിളിന്റെ പഴയ ഹാങ്ഔട്ട് ചാറ്റിനെ ഏപ്രിലില്‍ ഗൂഗിള്‍ ചാറ്റ് എന്ന പേരില്‍ കമ്പനി റീബ്രാന്‍ഡ് ചെയ്തിരുന്നു. ജി സ്യൂട്ട് ഉപയോക്താക്കള്‍ക്കായി ഹാങ് ഔട്ട് മീറ്റിനെ ഗൂഗിള്‍ മീറ്റ് എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്തതിന് പിന്നാലെയാണിത്. ഗൂഗിള്‍ മീറ്റും ഗൂഗിള്‍ ചാറ്റും ജി സ്യൂട്ടിന് മാത്രമാണ് ലഭ്യമാക്കിയിരുന്നത്. അതേസമയം ഹാങ്ഔട്ട് സാധാരണ ഉപയോക്താക്കള്‍ക്ക് മാത്രമാക്കി നിലനിര്‍ത്തി. 

കഴിഞ്ഞ കുറച്ചുമാസങ്ങളായി വീഡിയോ കോണ്‍ഫറന്‍സിങ് സേവനങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ ഈ സേവനങ്ങളെ എല്ലാ ഉപയോക്താക്കള്‍ക്കും സൗജന്യമായി ലഭ്യമാക്കുകയായിരുന്നു. മീറ്റ്, ചാറ്റ് പോലുള്ള ഫീച്ചറുകള്‍ ജിമെയില്‍ മൊബൈല്‍ ആപ്പിലേക്കുകൂടി സന്നിവേശിപ്പിക്കുകയാണ് ഗൂഗിള്‍ ഇപ്പോള്‍. 

നിലവില്‍ ഗൂഗിള്‍ മീറ്റ് ജിമെയില്‍ ആപ്പില്‍ കിട്ടിത്തുടങ്ങിയിട്ടില്ല. എന്നാല്‍ ഗൂഗിള്‍ മീറ്റിന്റെ പ്രത്യേക ആപ്പ് ആപ്പ്‌സ്റ്റോറുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പ്രത്യേകം ആപ്പ് ഉണ്ടെങ്കിലും ജിമെയില്‍ ഉപയോക്താക്കള്‍ക്ക് മീറ്റ് ഉപയോഗം എളുപ്പമാക്കുന്നതിന് വേണ്ടിയാണ് ഈ സേവനത്തെ ജിമെയില്‍ ആപ്പിനോട് ബന്ധിപ്പിക്കുന്നത്.

Content Highlights: Google to integrate Chat shortcut on Gmail app on Android and iOS