ഗൂഗിൾ ടാസ്‌ക് മേറ്റ് ഇന്ത്യയിൽ പരീക്ഷിക്കുന്നു. ചെറിയ ടാസ്കുകൾ ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് പണം നേടാൻ സാധിക്കുന്ന ആപ്ലിക്കേഷനാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വാണിജ്യ സ്ഥാപനങ്ങൾ പോസ്റ്റ് ചെയ്യുന്ന ടാസ്കുകളാണ് ടാസ്ക് മേറ്റിലുണ്ടാവുക.

ഉദാഹരണത്തിന് ഒരു റസ്റ്റോറന്റിന്റെ ചിത്രം പകർത്തുക, സർവ്വേയുടെ ഭാഗമായുള്ള ചോദ്യങ്ങൾക്ക് വ്യക്തിപരമായ ഉത്തരങ്ങൾ നൽകുക, ഇംഗ്ലീഷിലുള്ള വാചകങ്ങൾ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുക പോലുള്ള ടാസ്കുകളാണ് ആപ്പിൽ ഉണ്ടാവുക.

പ്രാദേശിക കറൻസിയിലാണ് ഉപയോക്താക്കൾക്ക് പ്രതിഫലം നൽകുക. നിലവിൽ ബീറ്റാ പരീക്ഷണത്തിലിരിക്കുന്ന ടാസ്‌ക് മേറ്റ് ആപ്പ് ഗൂഗിൾ പ്ലേയിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കുമെങ്കിലും റഫറൽ കോഡ് ഇല്ലാതെ ആർക്കും അത് ഉപയോഗിക്കാൻ സാധിക്കില്ല.

സമീപത്തുള്ള ടാസ്കുകൾ ചെയ്യുക, വരുമാനം നേടിത്തുടങ്ങുക, പണം കൈപ്പറ്റുക ഇത്രയുമാണ് ടാസ്‌ക് മേറ്റ് ആപ്പിൽ ചെയ്യേണ്ടത്. ഒരിടത്തിരുന്നും പുറത്ത് പോയും ചെയ്യേണ്ട ജോലികളും ആപ്പിലുണ്ടാവും. പൂർത്തിയായ ടാസ്കുകൾ, ശരിയായി ചെയ്തവ, നിങ്ങളുടെ ലെവൽ, പരിശോധനയിലുള്ള ടാസ്കുകൾ എന്നിവ ആപ്പിൽ കാണാം.

ഓരോ ടാസ്കിന്റേയും പ്രതിഫലമെത്രയെന്ന് കാണിച്ചിട്ടുണ്ടാവും. പുറത്തുനിന്നുള്ള സ്ഥാപനങ്ങൾ നൽകുന്ന ടാസ്കുകളും ഗൂഗിൾ തന്നെ നേരിട്ട് നൽകുന്ന ടാസ്കുകളും ഇതിലുണ്ടാവും.

സ്ഥാപനങ്ങൾക്ക് അതാത് മേഖലകളിൽ വ്യവസായം ആരംഭിക്കാനുള്ള സാധ്യത പരിശോധിക്കുന്നതിനും മറ്റും ഈ സേവനം പ്രയോജനപ്പെടുത്താം. കടകളുടെയും കെട്ടിടങ്ങളുടേയും ചിത്രങ്ങൾ പകർത്തുന്നതിലൂടെ ഗൂഗിളിന് അതിന്റെ മാപ്പിങ് സേവനങ്ങൾ മെച്ചപ്പെടുത്താനും സാധിക്കും.

Content Highlights:Google Task Mate Is Now in Testing in India