സ്വന്തമായി ഗെയിമുകള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ സ്റ്റേഡിയ ഗെയിം ഡെവലപ്‌മെന്റ് ഡിവിഷന്‍ ഗൂഗിള്‍ അടച്ചുപൂട്ടുന്നു. സ്വന്തം ഗെയിമുകളില്ലെങ്കിലും പുറത്തുന്നിന്നുള്ള ഗെയിമിങ് കമ്പനികളും പബ്ലിഷര്‍മാരും സ്റ്റേഡിയ പ്ലാറ്റ്‌ഫോം കാര്യമായി ഉപയോഗിക്കാന്‍ തുടങ്ങിയ പശ്ചാത്തലത്തിലാണ് സ്വന്തം ഗെയിമുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി കമ്പനി ഉപേക്ഷിക്കുന്നത്. 

പ്ലേ സ്റ്റേഷന്‍, എക്‌സ് ബോക്‌സ് പോലുള്ള ഗെയിമിങ് രംഗത്തെ എതിരാളികളുമായി മത്സരിക്കുന്നതിനാണ് ഗൂഗിള്‍ സ്‌റ്റേഡിയ എന്ന പേരില്‍ ഒരു ക്ലൗഡ് ഗെയിമിങ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്. ഗെയിമിങ് കമ്പനികള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടതോടെ അവര്‍ക്കായി സാങ്കേതിക പിന്തുണ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ തീരുമാനം. 

സ്റ്റേഡിയയുടെ പേരില്‍ എക്‌സ്‌ക്ലൂസീവ് ഗെയിമുകള്‍ ഇനി പുറത്തിറങ്ങില്ല. സ്റ്റേഡിയ, സ്റ്റേഡിയ പ്രോ വരിക്കാരാവുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് പ്ലാറ്റ് ഫോമിലെ മറ്റ് ഗെയിമുകള്‍ കളിക്കാവുന്നതാണ്. 

അടുത്തിടെ സൈബര്‍ പങ്ക് 2077 എന്ന ഗെയിം സ്റ്റേഡിയയില്‍ അവതരിപ്പിച്ചിരുന്നു. ക്ലൗഡ് ഗെയിം പ്ലാറ്റ്‌ഫോം ആയതിനാല്‍ ഏത് ഉപകരണത്തിലും സ്റ്റേഡിയ ഗെയിമുകള്‍ കളിക്കാവുന്നതാണ്. 

Content Highlights: Google shuts down in-house Stadia game development division