ഗൂഗിള്‍ സെര്‍ച്ച് റിസല്‍ട്ടില്‍ ചരിത്ര നിര്‍മിതികള്‍ ത്രിമാന ചിത്രമായി കാണാം. ഇങ്ങനെ 98 നിര്‍മിതികളുടെ ത്രിമാന കാഴ്ചയും സെര്‍ച്ച് റിസല്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഓഎസിലും ഈ സൗകര്യം ഉപയോഗിക്കാനാവും. ആന്‍ഡ്രോയിഡില്‍ ഈ ഫീച്ചര്‍ മാതൃഭൂമി.കോമും പരീക്ഷിച്ചുനോക്കി. സെര്‍ച്ച് റിസല്‍ട്ടില്‍ കുറച്ച് താഴെയായാണ് ത്രീഡി വ്യൂ ഓപ്ഷന്‍ കൊടുത്തിരിക്കുന്നത്. 

ബിഗ് ബെന്‍, ഈഫല്‍ ടവര്‍, ലുവ്ര മ്യൂസിയം, ടോക്യോ സ്‌കൈ ട്രീ ഉള്‍പ്പടെയുള്ള നിര്‍മിതികളുടെ ത്രിമാന ദൃശ്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

അതേസമയം സെര്‍ച്ച് റിസല്‍ട്ടിലെ ത്രിഡി വ്യൂ ഓപ്ഷന്‍ 2019 മുതല്‍ തന്നെ ഗൂഗിള്‍ ആരംഭിച്ചിരുന്നു. ഇത് പിന്നീട് വിവിധ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. പക്ഷികള്‍, പ്രാണികള്‍, മൃഗങ്ങള്‍, ബഹിരാകാശ വസ്തുക്കള്‍, അത്‌ലറ്റുകള്‍ പോലുള്ളവ ഇതില്‍ പെടും. 

ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ നിങ്ങളുടെ ഫോണില്‍ ബ്രൗസര്‍ തുറന്ന് നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന നിര്‍മിതിയുടെ പേര് സെര്‍ച്ച് ചെയ്യുക. സെര്‍ച്ച് റിസല്‍ട്ടില്‍ താഴേക്ക് സ്‌ക്രോള്‍  ചെയ്താല്‍ വ്യൂ ഇന്‍ ത്രിഡി ഓപ്ഷന്‍ കാണാം. ഇത് തിരഞ്ഞെടുത്താല്‍ ത്രിഡി വിന്‍ഡോ തുറക്കും. ഇതില്‍ വ്യൂ ഇന്‍ യുവര്‍ സ്‌പേസ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ നിങ്ങളുടെ പരിസരത്ത് എവിടെയെങ്കിലും ഈ നിര്‍മിതിയെ സ്ഥാപിക്കുകയും ഓഗ്മെന്റഡ് റിയാലിറ്റിയായി അതിനെ വീക്ഷിക്കാനും സാധിക്കും. 

ബിഗ് ബെന്‍, ഈഫല്‍ ടവര്‍, പാര്‍തെനോന്‍, ടോക്യോ സ്‌കൈ ട്രീ, ലോവ്ര മ്യൂസിയം, ആര്‍ക് ഡി ട്രയംഫ്, ബസിലിക ാേഫ് സാന്റ മറിയ നോവെല്ല, ബ്രൂക്ലിന്‍ ബ്രിഡ്ജ്, കാസില്‍ ഓഫ് ഗുഡ് ഹോപ്പ്, കൊളംബസ് ശില്‍പം, എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്, ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ്, പിസാ ഗോപുരം, ലണ്ടന്‍ ഐ, മൗണ്ട് റുഷ്‌മോര്‍ നാഷണല്‍ മെമോറിയല്‍, നാഷണല്‍ പാലസ്, വണ്‍ വേള്‍ഡ് ട്രേഡ് സെന്റര്‍, പാലസ് ഓഫ് വെര്‍സൈല്‍സ്, റോഡ്‌സ് മെമോറിയല്‍, സ്‌റ്റോണ്‍ഹെന്‍ജ്, ടോക്യോ നാഷണല്‍ മ്യൂസിയം, ട്രാഫാല്‍ഗര്‍ സ്‌ക്വയര്‍, വെസ്റ്റ് മിനിസ്റ്റര്‍ ആബെ, യൊയോഗി നാഷണല്‍ സ്‌റ്റേഡിയം, സോജോജി ഉള്‍പ്‌ടെയുള്ളവയുടെ ത്രിമാന ദൃശ്യങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ കാണാം. നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ നിര്‍മിതികളൊന്നും തന്നെ ഈ പട്ടികയിലില്ല.

Content Highlights: Google Search, AR Search results, 3D view in google Search, Eiffel Tower 3D, Monuments in 3D