സെര്‍ച്ച് റിസല്‍ട്ടില്‍ വിവിധ വീഡിയോ സ്ട്രീമിങ് സേവനങ്ങളില്‍നിന്നുള്ള ചെറു വീഡിയോകള്‍ കൂടി ഉള്‍പ്പെടുത്താന്‍ ഗൂഗിള്‍ ശ്രമിക്കുന്നു.  ട്വിറ്റര്‍ ഉപയോക്താക്കളായ സാദ് എകെ, ബ്രയാന്‍ ഫ്രെയിസ്‌ലെബെന്‍ എന്നിവരാണ് ട്വിറ്ററില്‍ ഈ വിവരം പുറത്തുവിട്ടത്. 

ടിക്ടോക്ക്, യൂട്യൂബ് ഷോര്‍ട്‌സ്, ഇന്‍സ്റ്റാഗ്രാം റീല്‍സ് എന്നിവയില്‍നിന്നുള്ള വീഡിയോകള്‍ ഈ രീതിയില്‍ സെര്‍ച്ച് റിസല്‍ട്ടില്‍ വരും. 'Biryani', 'packers' പോലുള്ള ചില കീ വേഡുകള്‍ സെര്‍ച്ച് ചെയ്യുമ്പോഴാണ് ഹ്രസ്വ വീഡിയോകളും കാണാന്‍ സാധിക്കുന്നത്. നിലവില്‍ ഈ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ലഭ്യമാക്കിയിട്ടുള്ളത്. അതിനാല്‍ എല്ലാവര്‍ക്കും ഇത് ദൃശ്യമായിക്കൊള്ളണം എന്നില്ല. 

ഇന്ത്യയില്‍ ടിക്ടോക്കിന് നിരോധനമുള്ളതിനാല്‍ ടിക്ടോക്ക് വീഡിയോകള്‍ സെര്‍ച്ച് റിസല്‍ട്ടിലില്ല. കൂടുതല്‍ പ്ലാറ്റ് ഫോമുകളില്‍ നിന്നുള്ള വീഡിയോകള്‍ താമസിയാതെ ഗൂഗിള്‍ സെര്‍ച്ചില്‍ വന്നേക്കാം.

ഇന്ത്യയില്‍ ഗൂഗിളിന്റെ ഡിസ്‌കവര്‍ ഫീഡില്‍ ഫയര്‍വര്‍ക്ക് ടിവിയില്‍നിന്നുള്ള ചെറു വീഡിയോകള്‍ കാണിക്കുന്നുണ്ട്. ഇങ്ങനെ സെര്‍ച്ചില്‍ പ്രത്യക്ഷപ്പെടുന്ന വീഡിയോകള്‍ ബ്രൗസറിനുള്ളില്‍ തന്നെ തുറക്കാന്‍ സാധിക്കും. ടിക്ടോക്ക് വീഡിയോ പ്ലേ ചെയ്യാന്‍ ടിക്ടോക്ക് ആപ്പിലേക്ക് പോവേണ്ടി വരില്ല. ഈ ഫീച്ചര്‍ ഗൂഗിളും സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Content Highlights: google search to soon show short videos from tiktok youtube instagram