പെര്‍സിവറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങിയത് ആഘോഷമാക്കി സെര്‍ച്ച് എഞ്ചിന്‍ ഗൂഗിള്‍. പെര്‍സിവറന്‍സിനെ കുറിച്ച് ഗൂഗിള്‍ തിരയുമ്പോഴാണ് സെര്‍ച്ച് എഞ്ചിന്‍ വിന്‍ഡോയില്‍ അമിട്ടുകള്‍ പൊട്ടിവിടരുക. 

'ഭീകരതയുടെ ഏഴ് മിനിറ്റുകള്‍' എന്ന് വിശേഷിപ്പിച്ച അതിസങ്കീര്‍ണമായ ഘട്ടം തരണം ചെയ്താണ് നാസയുടെ പെര്‍സിവറന്‍സ് റോവര്‍ ചൊവ്വയിലെ ജെസെറോ ഗര്‍ത്ത മേഖലയില്‍ ഇറങ്ങിയത്. ഒരു കാലത്ത് ഈ മേഖലയില്‍ വെള്ളം ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്. അതിന്റെ തെളിവുകള്‍ തേടുകയാണ് പെര്‍സിവറന്‍സിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന്. 

മനുഷ്യനെ ഉള്‍പ്പെടുത്തിയുള്ള ചൊവ്വാ ദൗത്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന വിവരങ്ങള്‍ ശേഖരിക്കുന്നതും പെര്‍സിവറന്‍സിന്റെ ചുമതലയാണ്. 

ഒരു ചൊവ്വാ വര്‍ഷക്കാലത്തേക്കാണ് റോവര്‍ പ്രവര്‍ത്തിക്കുക. ഇത് ഭൂമിയില്‍ 687 ദിവസത്തിന് തുല്യമാണ്. പെര്‍സിവറന്‍സ് വിജയം ഗൂഗിള്‍ സെര്‍ച്ചില്‍ എത്രനാള്‍ ആഘോഷിക്കുമെന്ന് അറിയില്ല. ആ കാഴ്ച കാണാന്‍ നിങ്ങള്‍ക്കും Perseverance എന്ന് തിരഞ്ഞ് നോക്കാവുന്നതാണ്. 

Content Highlights: google search celebrates Perseverance landing success