ഴിഞ്ഞ കുറച്ച് ആഴ്ചകളായി കൊറോണ വൈറസുമായി ബന്ധപ്പെട്ട ഫിഷിങ് ആക്രമണങ്ങളും മാല്‍വെയര്‍ ആക്രമണങ്ങളും വര്‍ധിച്ചിരിക്കുകയാണ്. കൊറോണ വൈറസ് സെര്‍ച്ചുകളും അത് സംബന്ധിച്ചുള്ള വിവിധ സേവനങ്ങളും ഉള്ളടക്കങ്ങളും ഓണ്‍ലൈനില്‍ വര്‍ധിച്ചതോടെ സൈബര്‍ കുറ്റവാളികള്‍ അത് അവസരമാക്കുകയാണ്. 

കൊറോണ വൈറസുമായി ബന്ധപ്പെട്ടുള്ള ഫിഷിങ് ഇമെയിലുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് ഗൂഗിള്‍ പുറത്തുവിടുന്ന കണക്ക് വ്യക്തമാക്കുന്നകത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട 1.8 കോടി ഫിഷിങ് ഇമെയിലുകള്‍ ജിമെയില്‍ ദിവസേന ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന് ഗൂഗിള്‍ പറയുന്നു. ഇതടക്കം 10 കോടി ഫിഷിങ് മെയിലുകള്‍ പ്രതിദിനം ബ്ലോക്ക് ചെയ്യുന്നുണ്ടെന്നും ഗൂഗിള്‍ പറഞ്ഞു.

ഫിഷിങ് മെയിലുകള്‍ക്ക് പുറമെ കോടിക്കണക്കിന് സ്പാം സന്ദേശങ്ങളും ജിമെയില്‍ ബ്ലോക്ക് ചെയ്യുന്നുണ്ട്. 24 കോടിയോളം സ്പാം മെസേജുകള്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ടവയാണ്. 

കൊറോണ വൈറസ് ഭീതി ഉപയോഗപ്പെടുത്തുന്നതും സാമ്പത്തിക വാഗ്ദാനങ്ങള്‍ നല്‍കുന്നവയുമാണ് ഫിഷിങ് ഇമെയിലുകളില്‍ ചിലതെന്ന് ഗൂഗിള്‍ ചൂണ്ടിക്കാണിക്കുന്നു. ലോകാരോഗ്യ സംഘടനയുടേയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടേയും പേരില്‍ വരുന്ന വ്യാജ മെയിലുകള്‍ ഇക്കൂട്ടത്തിലുണ്ട്. 99.9 ശതമാനം സ്പാം, ഫിഷിങ്, മാല്‍വെയര്‍ മെയിലുകളും ഉപയോക്താക്കളിലെത്താതെ ബ്ലോക്ക് ചെയ്യുന്നത് തുടരുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

Content Highlights: Google says Gmail blocks 18 million coronavirus-related phishing spam emails daily