ഗൂഗിള്‍ പ്ലേയിലെ ആന്‍ഡ്രോയിഡ് ഗെയിമുകള്‍ അടുത്തവര്‍ഷം വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് ഗൂഗിള്‍. ഗെയിം അവാര്‍ഡ്‌സ് പരിപാടിയ്ക്കിടെയാണ് പ്രഖ്യാപനം. 

2022 ല്‍ ഗൂഗിള്‍ പ്ലേ ഗെയിമുകള്‍ കൂടുതല്‍ ഉപകരണങ്ങള്‍ ആസ്വദിക്കാനാവും. ഫോണുകള്‍, ടാബ് ലെറ്റുകള്‍, ക്രോം ബുക്ക്, അധികം വൈകാതെ വിന്‍ഡോസ് കംപ്യൂട്ടറുകളിലും മാറിമാറി കളിക്കാന്‍ സാധിക്കും. കൂടുതല്‍ ലാപ്‌ടോപ്പുകളിലേക്കും ഡെസ്‌ക്ടോപ്പുകളിലേക്കും ഗെയിം എത്തും.

"ഗെയിമര്‍മാര്‍ക്ക് പ്രീയപ്പെട്ട ആന്‍ഡ്രോയിഡ് ഗെയിമുകള്‍ ആസ്വദിക്കാന്‍ വേണ്ടി പ്ലാറ്റ്‌ഫോം കൂടുതല്‍ വ്യാപിപ്പിക്കുന്നതില്‍ ഏറെ ആവേശത്തിലാണ് ഞങ്ങള്‍." ഗൂഗിള്‍ പ്ലേയിലെ ആന്‍ഡ്രോയിഡ് ഗെയിംസ് പ്രൊഡക്റ്റ് ഡയറക്ടര്‍ ഗ്രെഗ് ഹാര്‍ട്രെല്‍ പറഞ്ഞു.

അടുത്തവര്‍ഷം അവതരിപ്പിക്കും എന്നല്ലാതെ ആന്‍ഡ്രോയിഡ് ഗെയിമുകള്‍ പിസികളിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും ഗൂഗിള്‍ വെളിപ്പെടുത്തിയില്ല. 

ആന്‍ഡ്രോയിഡ് ഗെയിമുകള്‍ നിയന്ത്രണങ്ങളില്ലാതെ പിസികളില്‍ ലഭ്യമാക്കുമോ എന്നും അതോ അതിന് എന്തെങ്കിലും മാനദണ്ഡങ്ങള്‍ ഉണ്ടാവുമോ എന്നും വ്യക്തമല്ല.

അതേസമയം ആമസോണ്‍ ആപ്പ്‌സ്റ്റോറിന്റെ പിന്‍ബലത്തില്‍ ടിക് ടോക്ക് പോലുള്ള ചില ആന്‍ഡ്രോയിഡ് ആപ്പുകള്‍ വിന്‍ഡോസ് 11 കംപ്യൂട്ടറുകളില്‍ ലഭിക്കുമെന്ന് മൈക്രോസോഫ്റ്റ് നേരത്തെ പ്രഖ്യാപിച്ചതാണ്. ഇതേ രീതിയില്‍ തന്നെയാകുമോ ആന്‍ഡ്രോയിഡ് ഗെയിമുകളുടേയും വരവ് എന്ന് വ്യക്തമല്ല. 

Content Highlights: Google Play Will Bring Android Games to Windows PCs in 2022