ഗൂഗിളിന്റെ അടുത്ത ബജറ്റ് ഫോണായ പിക്‌സല്‍ 4എ അധികം വൈകാതെ വിപണിയിലെത്തും. ഗൂഗിളിന്റെ ഒരു ടീസര്‍ പേജിനെ അടിസ്ഥാനമാക്കി 9ടു5ഗൂഗിള്‍ വെബ്‌സൈറ്റാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. 

പേജില്‍ ഏത് ഫോണ്‍ ആണ് പുറത്തിറക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. 'The Google, Just What You've Been Waiting For Phone' എന്ന സന്ദേശമാണ് ഈ പേജില്‍ ഉണ്ടായിരുന്നത്. മേയ് മാസം മുതല്‍ പിക്‌സല്‍ ആരാധകര്‍ കാത്തിരിക്കുന്നത് പിക്‌സല്‍ 4എ എന്ന ഫോണിന് വേണ്ടിയാണ്. 

മറച്ചുവെച്ച രീതിയിലായിരുന്നു ഈ വാക്കുകള്‍. അക്ഷരങ്ങള്‍ക്ക് മുകളിലുണ്ടായിരുന്ന കറുത്ത ബ്ലോക്കുകള്‍ ഗൂഗിള്‍ ലോഗോയുടെ നിറങ്ങളായ നീല, ചുവപ്പ്, മഞ്ഞ, നീല, പച്ച, ചുവപ്പ് എന്നിങ്ങനെ ക്രമപ്പെടുത്തിയാല്‍ മറഞ്ഞിരിക്കുന്ന സന്ദേശം കാണാം. 

aug 3

എന്നാല്‍ ഫോണിനെ പറ്റിയുള്ള മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പേജിലില്ല. പകരം പൂര്‍ത്തിയാകാത്ത വെബ് പേജ് ഡിസൈനുകളില്‍ ഉള്‍പ്പെടുത്താറുള്ള 'ലോറെം ഇപ്‌സം' വാചകങ്ങളാണ് പേജിലുള്ളത്. അതിന് താഴെയായി ഓഗസ്റ്റ് മൂന്ന് എന്ന തീയതിയും നല്‍കിയിരിക്കുന്നു. 

അതേസമയം ഗൂഗിള്‍ അതിന്റെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പേജുകളില്‍ നല്‍കിയ പുതിയ കവര്‍ ചിത്രത്തില്‍ മുകളില്‍ ഇടത് വശത്തായി ഒരു കറുത്ത പഞ്ച് ഹോള്‍ അടയാളം നല്‍കിയിട്ടുണ്ട്. ഇത് പിക്‌സല്‍ 4എ സ്മാര്‍ട്‌ഫോണിന്റെ സൂചനയാണെന്നും ടീസര്‍ വെബ് പേജില്‍ ഓഗസ്റ്റ് മൂന്ന് എന്നെഴുതിയതിന്റെ പശ്ചാത്തലത്തില്‍ ഫോണിന്റെ ആകൃതിയിലുള്ള രൂപം പിക്‌സല്‍ 4എ യ്ക്ക് സമാനമാണെന്നും 9ടു5ഗൂഗിള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

പേജിലെ ലോറെം ഇപ്‌സം വാക്കുകള്‍ക്ക് പകരം ഫോണിന്റെ ഫീച്ചറുകള്‍ വിശദീകരിക്കുന്ന വാചകങ്ങളായിരിക്കാം ഉള്‍പ്പെടുത്തുക.

Link: https://store.google.com/intl/en/lorem-ipsum/

Content Highlights: google pixel 4a may revealed on august 3rd