Google Photos App. Photo| Mathrubhumi
ഗുഗിള്‍ ഫോട്ടോസ് എന്ന പ്ലാറ്റ്ഫോം ഏറെ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള ഒന്നാണ്. പ്രത്യേകിച്ച് സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍. പരിധികളില്ലാതെ ഫോട്ടോകളും വീഡിയോകളും സ്റ്റോര്‍ ചെയ്ത് വയ്ക്കാമെന്നുള്ളതായിരുന്നു ഈ പ്ലാറ്റ്ഫോമിന്റെ ജനപ്രീതി ഉയര്‍ത്താനുള്ള കാരണം. എന്നാല്‍, ഈ ആനുകൂല്യം മെയ് 31-ഓടെ അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് ഗൂഗിള്‍ എന്നാണ് സൂചന.
ഗൂഗിള്‍ ഫോട്ടോസ് പ്ലാറ്റ്ഫോം നല്കുന്ന അണ്‍ലിമിറ്റഡ് ഫ്രീ ബാക്ക്അപ്പ് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. ഇത് അനുസരിച്ച് ജൂൺ ഒന്ന് മുതൽ ഗൂഗിൾ ഫോട്ടോസും ഗൂഗിൾ അനുവദിച്ചിട്ടുള്ള 15 ജി.ബി. ഫ്രീ സ്റ്റോറേജിന്റെ ഭാഗമാകും. ഉയർന്ന സ്റ്റോറേജ് ആവശ്യമാണെങ്കിൽ ഇനി മുതൽ പണം കൊടുത്ത് സ്പേസ് വാങ്ങേണ്ടി വരും. 100 ജി.ബി. സ്പേസിന് 130 രൂപയും 200 ജി.ബി. സ്പേസിന് 210 രൂപയുമായിരിക്കും ഈടാക്കുകയെന്നാണ് പ്രാഥമിക വിവരങ്ങള്‍. എന്നാല്‍, ഗൂഗിള്‍ പുറത്തിറക്കിയിട്ടുള്ള ഫോണുകളില്‍ ഈ പരിധി ബാധകമാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍, മെയ് 31 വരെ ഗൂഗിള്‍ ഫോട്ടോസില്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും ഈ പരിധിയില്‍ വരില്ലെന്നാണ് സൂചന. ഗൂഗിള്‍ ഡിഫോള്‍ട്ടായി അനുവദിച്ചിട്ടുള്ള 15 ജി.ബി. പരിധി ഗൂഗിള്‍ ഫോട്ടോസിന് ബാധകമായിരുന്നില്ല. അതിനാല്‍ തന്നെ ഉയര്‍ന്ന റെസലൂഷനുള്ള ഫോട്ടോകളും വീഡിയോകളും ഗൂഗിള്‍ ഫോട്ടോസില്‍ സൂക്ഷിക്കാന്‍ സാധിക്കുമായിരുന്നു.
ഇപ്പോള്‍ പുറത്തിറങ്ങുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ഗൂഗിള്‍ ഫോട്ടോസ് ആപ്ലിക്കേഷന്‍ നല്കിയിട്ടുള്ളതിനാല് ഫോട്ടോകളും വീഡിയോകളും ഇതിലാണ് സ്റ്റോര്‍ ചെയ്യുന്നത്. ഇതുവഴി സ്റ്റോറേജിന്റെ കാര്യത്തില്‍ വലിയ പ്രതിസന്ധിയാണ് ഗൂഗിളിനുണ്ടാകുന്നത് എന്നാണ് വിലയിരുത്തല്‍. ജി-മെയില്‍, ഗൂഗിള്‍ ഫോട്ടോസ്, ഗൂഗിള്‍ ഡ്രൈവ് എന്നിവയില്‍ പ്രതിദിനം 43 ലക്ഷം ജി.ബി. ഫയല്‍ എത്തുന്നുണ്ടെന്നാണ് വിവരം.
Content Highlights: Google Photos Stop Unlimited Storage Facility
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..