ന്യൂയോര്‍ക്ക്:  ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കും സിങ്കപ്പൂരിലേക്കും പണം അയയ്ക്കാം. മുന്‍നിര അന്തര്‍ദേശീയ പണമിടപാട് സേവനങ്ങളായ മണി ട്രാന്‍സ്ഫര്‍ ആപ്പായ വൈസ്, വെസ്റ്റേണ്‍ യൂണിയന്‍ കോ എന്നിവയുമായി ചേര്‍ന്നാണ് ഗൂഗിള്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.
  
വൈസ് വഴി 80 രാജ്യങ്ങളിലേക്കും ഈ വര്‍ഷം അവസാനത്തോടെ വെസ്‌റ്റേണ്‍ യൂണിയന്‍ വഴി 200 രാജ്യങ്ങളിലേക്കും പദ്ധതി വിപൂലിക്കരിക്കും. 

ലണ്ടന്‍ ആസ്ഥാനമായുള്ള വൈസ് ആപ്പ് 2011 ല്‍ ആണ് പുറത്തിറങ്ങിയത്.  ഇവര്‍ ഗൂഗിളുമായി ചേര്‍ന്നപ്പോള്‍ 40 രാജ്യങ്ങളിലായി 150 മില്യണ്‍ ഉപഭോക്താക്കളാണ് ഉള്ളത്. 

യാത്രാ ആവശ്യങ്ങള്‍ക്കായി ഓസ്‌ട്രേലിയ, കാനഡ, ജപ്പാന്‍, ഇന്ത്യ, റഷ്യ, സിംഗപൂര്‍, ഉക്രെയ്ന്‍, യുകെ, യുഎസ് എന്നിവിടങ്ങളില്‍ ഗൂഗിള്‍ പേ ഫീച്ചര്‍ ഉപയോഗിക്കാന്‍ നേരത്തെ തന്നെ സൗകര്യമുണ്ടെങ്കിലും അത് ചില പൊതുഗതാഗത സംവിധാനങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. അതേസമയം വെബ്‌സൈറ്റുകളിലും, ആപ്പുകളിലും പണമടയ്ക്കുന്നതിനായി ഗൂഗിള്‍ പേ ഉപയോഗിക്കാനുള്ള സൗകര്യം നിരവധി രാജ്യങ്ങളില്‍ ഇതിനോടകം ലഭ്യമാണ്.

എന്നാല്‍ രണ്ട് വ്യക്തികള്‍ക്ക് തമ്മില്‍ ഒരു രാജ്യത്തിരുന്ന് മറ്റൊരു രാജ്യത്തേക്ക് പണമയക്കാനുള്ള സൗകര്യം ഇതുവരെ ഉണ്ടായിരുന്നില്ല. പുതിയ അപ്‌ഡേറ്റ് വന്നതോടെ യുഎസില്‍ നിന്നും ഇന്ത്യയിലേക്കും സിംഗപ്പൂരേക്കും പണമയക്കാന്‍ ഗൂഗിള്‍ പേ ഉപയോക്താവിന് സാധിക്കും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പണമിടപാടുകളില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര പണമിടപാടുകള്‍ ഗൂഗിള്‍ പേ വഴി സാധ്യമാകുന്നതിലൂടെ ഈ രംഗത്ത് ഗൂഗിളിന് വന്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Google Pay Users in US Can Now Transfer Money to India and Singapore