ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകള്‍ അതിവേഗം എത്തിക്കുന്നതിനായുള്ള പ്രൊജക്ട് ട്രെബിള്‍ പദ്ധതിയില്‍ കൈകോര്‍ത്ത് ഗൂഗിളും ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമും. ഇതുവഴി എല്ലാ പുതിയ ക്വാല്‍കോം മൊബൈല്‍ ചിപ്പുകളിലും നാല് ആന്‍ഡ്രോയിഡ് ഓ.എസ്. പതിപ്പുകളുടെ പിന്തുണയുണ്ടാവും. നാല് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
ആന്‍ഡ്രോയിഡ് 11 മുതലാണ് ക്വാല്‍കോമുമായി ചേര്‍ന്നുള്ള ഗൂഗിളിന്റെ പ്രൊജക്ട് ട്രെബിള്‍ ആരംഭിക്കുക. ഇതുവഴി ക്വാല്‍കോമിന്റെ പുതിയ പ്രൊസസര്‍ ചിപ്പുകളുമായി വരുന്ന ഫോണുകളിലെല്ലാം ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ എളുപ്പത്തില്‍ ലഭ്യമാവും.
നിലവില്‍ പല ആന്‍ഡ്രോയിഡ് ഫോണുകളിലും പുതിയ അപ്‌ഡേറ്റുകള്‍ പതിയെയാണ് ലഭിക്കുന്നത്. ചില ഫോണുകളില്‍ പുതിയ അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിച്ചെന്നും വരില്ല.
പ്രൊജക്ട് ട്രെബിളിലൂടെ ഈ പരിമിതികള്‍ക്ക് പരിഹാരമാവും. ആന്‍ഡ്രോയിഡ് 11 ഇന്‍സ്റ്റാള്‍ ചെയ്‌തെത്തുന്ന പുതിയ ക്വാല്‍കോം പ്രൊസസര്‍ ചിപ്പുള്ള ഫോണുകളില്‍ തുടര്‍ന്ന് വരുന്ന മൂന്ന് ആന്‍ഡ്രോയിഡ് പതിപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും. ഇത് കൂടാതെ നാല് വര്‍ഷത്തേക്ക് സുരക്ഷാ പിന്തുണ ഫോണുകള്‍ക്ക് ലഭിക്കുകയും ചെയ്യും.
വിലകൂടിയ ഫോണുകളിലും വില കുറഞ്ഞവയിലും ഈ പദ്ധതിയുടെ നേട്ടമുണ്ടാവും.
Content Highlights: Google partnering with Qualcomm for faster Android updates