സാമൂഹികജീവിതം അതിസങ്കീര്‍ണമായി മാറിയ ഒരു വര്‍ഷം കടന്നുപോവുകയാണ്. പകര്‍ച്ചവ്യാധിയില്‍ ലോകം നടുങ്ങുകയും ഒതുങ്ങുകയും ചെയ്ത വര്‍ഷം. ജീവിതം ഡിജിറ്റലായി മാറിയ കാലം. വെര്‍ച്വല്‍ വേള്‍ഡ് എന്നത് സങ്കല്‍പ്പരൂപം എന്നതിലുപരി യഥാര്‍ത്ഥ ലോകത്തോടിണങ്ങി നിന്ന കാലം. ഈ അപ്രതീക്ഷിത മാറ്റങ്ങളെല്ലാം തന്നെ മനുഷ്യന്റെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്ന് പറയുകയാണ് ഗൂഗിളിന്റെ പുതിയ റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞത് കൊറോണ വൈറസിനെ കുറിച്ചറിയാന്‍ വേണ്ടിയായിരുന്നു. ലോക്ക്ഡൗണ്‍ വാര്‍ത്തകള്‍, പ്ലാസ്മ തെറാപ്പി എന്നാല്‍ എന്ത്, കോവിഡ് ടെസ്റ്റ് നിയര്‍മി പോലുള്ള ചോദ്യങ്ങള്‍ സെര്‍ച്ച് ട്രെന്റില്‍ ഇടം പിടിച്ചു. 

ക്രിക്കറ്റിന് പേരു കേട്ട ഇന്ത്യയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആണ് ഏറ്റവും തിരയപ്പെട്ട മറ്റൊരു വിഷയം. ട്രംപിന്റെ ഭാവി നിര്‍ണയിക്കപ്പെട്ട അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഇന്ത്യക്കാര്‍ കൂടുതല്‍ തിരഞ്ഞ മറ്റൊരു വിഷയമായി. 

കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം കിസാന്‍ സ്‌കീം)യെ കുറിച്ചറിയാനും കൂടുതല്‍ ഇന്ത്യക്കാര്‍ താല്‍പര്യം കാണിച്ചു.

ബിഹാര്‍, ഡല്‍ഹി തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ വലിയ താല്‍പര്യം കാണിച്ചു. ജോ ബൈഡനിലേക്കുള്ള അധികാര കൈമാറ്റവുമായി ബന്ധപ്പെട്ടറിയാനും ഇന്ത്യക്കാര്‍ ഏറെ താല്‍പര്യപ്പെട്ടു. 

അര്‍ണബ് ഗോസ്വാമിയുമായി ബന്ധപ്പെട്ട സെര്‍ച്ചുകളും ഗൂഗിളില്‍ മുന്നിലെത്തി. സുശാന്ത് രജ്പുതിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ റിലീസിനെത്തിയ അദ്ദേഹം അഭിനയിച്ച ദില്‍ ബേചാര എന്ന സിനിമയും സെര്‍ച്ചില്‍ മുന്നിലെത്തി. ഇന്ത്യയില്‍നിന്നും ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട പത്ത് വാക്കുകളുടെ പട്ടികയില്‍ ഇടം പിടിച്ച ഏക സിനിമയാണിത്. 

അതേസമയം, തീയറ്ററുകളില്‍നിന്ന് മാറി ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ റിലീസ് ചെയ്യപ്പെട്ട വര്‍ഷമായിരുന്നു 2020. ദില്‍ ബേചാരാ എന്ന സിനിമയെ കൂടാതെ സൂരറൈ പോട്ര്, തന്‍ഹാജി, ശകുന്തള ദേവി, ഗൂഞ്ജന്‍ സക്‌സേന എന്നിവയും പട്ടികയില്‍ ഇടം പിടിച്ചു. എക്‌സ്ട്രാക്ഷന്‍ ആണ് ഏറ്റവും കൂടുതല്‍ തിരഞ്ഞ ഹോളിവുഡ് സിനിമ. 

ഏറ്റവും കൂടുതല്‍ തിരയപ്പെട്ട പരമ്പരകളില്‍ മണി ഹീസ്റ്റ് മുന്നിലെത്തിയപ്പോള്‍, ഇന്ത്യന്‍ സൃഷ്ടികളായ സ്‌കാം-1992: ദി ഹര്‍ഷദ് മെഹ്ത സ്‌റ്റോറി, ബിഗ്‌ബോസ് 14, മിര്‍സാപുര്‍ 2 എന്നിവയും ഏറ്റവും കൂടുതലാളുകള്‍ ഗൂഗിളില്‍ തിരഞ്ഞു. 

ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ വ്യക്തി അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനാണ്. മാധ്യമപ്രവര്‍ത്തകനായ അര്‍ണബ് ഗോസ്വാമി, ബോളിവുഡ് ഗായിക കനിക കപൂര്‍ എന്നിവര്‍ തൊട്ടുപിന്നിലുണ്ട്. റിയ ചക്രബര്‍ത്തി, അങ്കിത ലോഖണ്‍ഡേ, കങ്കണ റണാവത് എന്നീ പേരുകളും ഏറ്റവും കൂടുതല്‍ തിരയപ്പെട്ടു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, കൊറോണ വൈറസ്, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് എന്നിവയെ കുറിച്ചുള്ള വാര്‍ത്തകളാണ് ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത്. ലോക്ക് ഡൗണ്‍, ബെയ്‌റൂട്ട് സ്‌ഫോടനം, ഓസ്‌ട്രേലിയയിലെ കാട്ടുതീ,  വെട്ടുകിളി ആക്രമണം പോലുള്ള സംഭവങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും തിരഞ്ഞു. 

എങ്ങനെ ചെയ്യാം? (How to) എന്ന വിഭാഗത്തില്‍,  പനീര്‍ എങ്ങെ ഉണ്ടാക്കാം?, രോഗപ്രതിരോധശേഷി എങ്ങനെ വര്‍ധിപ്പിക്കാം, ഡല്‍ഗോണ കോഫി എങ്ങനെ ഉണ്ടാക്കാം ? എന്നീ ചോദ്യങ്ങള്‍ മുന്നിട്ടുനിന്നും. 

ബിനോദ് എന്താണ് ( What is binod), പ്ലാസ്മ തെറാപ്പി എന്നാല്‍ എന്താണ്, ഹാന്റാ വൈറസ് എന്താണ് പോലുള്ള ചോദ്യങ്ങളും കൂടുതല്‍ പേര്‍ ചോദിച്ചു. 

അടുത്തുള്ള ഭക്ഷണശാലകള്‍ , അടുത്തുള്ള കോവിഡ് സെന്റര്‍, അടുത്തുള്ള ബ്രോഡ്ബാന്റ് കണക്ഷന്‍, അടുത്തുള്ള ലാപ് ടോപ്പ് ഷോപ്പ് എന്നിവയും തിരയപ്പെട്ടു. 

Content Highlights: google search trends in 2020