ബംഗളുരു: ഗൂഗിള്‍ പ്ലേസ്റ്റോറിലെ എല്ലാതരം സബ്‌സ്‌ക്രിപ്ഷനുകള്‍ക്കുമുള്ള സര്‍വീസ് ഫീസ് കുറയ്ക്കാനുള്ള ഗൂഗിളിന്റെ തീരുമാനം യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുടെ കൂട്ടായ്മയായ അലയന്‍സ് ഓഫ് ഡിജിറ്റല്‍ ഇന്ത്യ ഫൗണ്ടേഷന്‍ (ആഡിഫ്). വിലനിരക്കുകള്‍ ഗൂഗിളിന് ഏകപക്ഷീയമായി നിര്‍ദേശിക്കാനും പ്രഖ്യാപിക്കാനും സാധിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ പ്രഖ്യാപനമെന്ന് ആഡിഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിജോ കുരുവിള ജോര്‍ജ് പറഞ്ഞു. 

സബ്‌സ്‌ക്രിപ്ഷനുകള്‍ക്കുള്ള സര്‍വീസ് ഫീസ് 15 ശതമാനമായി കുറയ്ക്കുകയാണെന്നാണ് ഗൂഗിളിന്റെ പ്രഖ്യാപനം. നേരത്തെ സബ്‌സ്‌ക്രിപ്ഷനുകള്‍ സ്വീകരിച്ചിരുന്ന ആപ്പുകളില്‍ നിന്നും 30 ശതമാനമാണ് സര്‍വീസ് ഫീസ് ഇനത്തില്‍ ഗൂഗിള്‍ ഈടാക്കിയിരുന്നത്. 

Photo Credit- ADIF
സിജോ കുരുവിള, ആഡിഫ്,
എക്സിക്യൂട്ടീവ് ഡയറക്ടര്‍ | Photo Credit- ADIF

ഡെവലപ്പര്‍മാര്‍ക്ക് അതിവേഗം വളരുന്ന മാതൃകകളിലൊന്നായി ഡിജിറ്റല്‍ സബ്‌സ്‌ക്രിപ്ഷനുകള്‍ മാറിയിട്ടുണ്ടെന്നും എന്നാല്‍ ഉപഭോക്താക്കളെ ഏറ്റെടുക്കുന്നതിലും നിലനിര്‍ത്തുന്നതിലും സബ്‌സ്‌ക്രിപ്ഷന്‍ ബിസിനസുകള്‍ പ്രത്യേക വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് മനസിലാക്കുന്നുവെന്നും ഗൂഗിള്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. 

സബ്‌സ്‌ക്രിപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന ഡെവലപ്പര്‍മാര്‍ക്ക് പിന്തുണ നല്‍കുന്നതിനായി 2022 ജനുവരി ഒന്ന് മുതല്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലെ എല്ലാ സബ്‌സ്‌ക്രിപ്ഷനുകള്‍ക്കുമുള്ള ഫീസ് 30 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറയ്ക്കുകയാണെന്നും ഗൂഗിള്‍ പറയുന്നു. ഇബുക്ക്, മ്യൂസിക് സ്ട്രീമിങ് ആപ്പുകള്‍ എന്നിവയ്ക്ക് 10 ശതമാനം വരെ ഫീസ് ഇളവ് ലഭിക്കുമെന്നും ഗൂഗിള്‍ പ്രഖ്യാപിച്ചു. 

ശതമാനക്കണക്കുകളല്ല ഇവിടെ പ്രാധാനം. വില നിര്‍ണയിക്കേണ്ടത് ഗൂഗിളല്ല അത് വിപണിക്ക് വിട്ടുകൊടുക്കണം.  

ഇപ്പോഴുള്ള പ്രഖ്യാപനം ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമമാണ്. ഡെവലപ്പര്‍മാരുടെ ആശങ്കകള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കുകയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ്. ഗൂഗിള്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. സിജോ കുരുവിള പറഞ്ഞു.

ഡെവലപ്പര്‍മാരില്‍ നിന്ന് സബ്‌സ്‌ക്രിപ്ഷന്‍ നിരക്കിന്റെ 30 ശതമാനം ഈടാക്കുന്നതിനൊപ്പം. പണമിടപാടുകള്‍ക്ക് തങ്ങളുടെ തന്നെ പേമന്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ ആപ്പ് ഡെവലപ്പമാര്‍ക്ക് മേല്‍ ഗൂഗിള്‍ സമ്മര്‍ദം ചെലുത്തുന്നുമുണ്ട്. ഉയര്‍ന്ന നിരക്ക് താങ്ങാനാകാത്ത കമ്പനികള്‍ക്ക് മറ്റ് പേമെന്റ്/ബില്ലിങ് പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാന്‍ അവസരത്തിന് തടയിടുകയാണ് ഈ കുത്തക കമ്പനികള്‍. മറ്റ് പേമെന്റ് പ്രൊവൈഡര്‍മാര്‍ക്ക് വിപണിയില്‍ മത്സരിക്കാനുള്ള സാധ്യതയും ഇല്ലാതാക്കുന്നു. ഈ നിലപാടുകള്‍ക്കെതിരെയാണ് ആദിഫ് ഉള്‍പ്പടെയുള്ള കൂട്ടായ്മകള്‍ രംഗത്തുവന്നത്. 

Content Highlights: Google lowers Play Store fees to 15% adif calls it deflect & distract tactic