ന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളിലെ സുരക്ഷാ സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും വ്യാജ കോവിഡ്-19 ആപ്ലിക്കേഷനുകള്‍ കണ്ടെത്തുന്നതിനുമായി സുരക്ഷാ എഞ്ചിനീയര്‍മാരെ തേടി ഗൂഗിള്‍. ഇതിനായി പ്രത്യേക സംഘം രൂപീകരിക്കാനാണ് ഗൂഗിളിന്റെ പദ്ധതി. 

റിവേഴ്‌സ് എഞ്ചിനീയറിങ്, ടെക്‌നിക്കല്‍ സെക്യൂരിറ്റി അസസ്‌മെന്റ്, കോഡ് ഓഡിറ്റ്, തേഡ് പാര്‍ട്ടി ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളുടെയും ലൈബ്രറികളുടേയും ഡിസൈന്‍ റിവ്യൂ എന്നിവ ഈ സുരക്ഷാ എഞ്ചിനീയര്‍മാര്‍ കൈകാര്യം ചെയ്യും. 

സുരക്ഷിതമായൊരു സംവിധാനം എന്നൊന്നില്ലെന്നും കൂടുതല്‍ സുരക്ഷിത്വമുള്ള സംവിധാനം എന്നേ പറയാനാവു എന്നും ഗൂഗിള്‍ ചൂണ്ടിക്കാട്ടി. ഗൂഗിള്‍ ഉപയോക്താക്കള്‍ക്കും സുരക്ഷിതമായ പ്രവര്‍ത്തനാന്തരീക്ഷം നല്‍കുന്നതിനാണ് തങ്ങളുടെ സുരക്ഷാ ടീം പ്രവര്‍ത്തിക്കുക.

ഗൂഗിള്‍ പ്ലേയിലെ സുരക്ഷാപ്രശ്‌നങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്ന ബഗ് ബൗണ്ടി പ്രോഗ്രാമായ ഗൂഗിള്‍ പ്ലേ സെക്യൂരിറ്റി റിവാര്‍ഡ് പ്രോഗ്രാമിന്റെ നേട്ടം ഈ ടീമംഗങ്ങള്‍ക്ക് ലഭിക്കില്ല.

കഴിഞ്ഞവര്‍ഷം പിക്‌സല്‍  ഫോണുകളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് ഏകദേശം  10 കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

ഒരു സുരക്ഷാ ഗവേഷകന് ആന്‍ഡ്രോയിഡിന്റെ പത്യേക ഡെവലപ്പര്‍ പ്രിവ്യൂ പതിപ്പുകളില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സാധിച്ചാല്‍ 50 ശതമാനം അധിക ബോണസ് നല്‍കും ഇതുവഴി 10.5 കോടി സമ്മാനമായി ലഭിക്കും.

ഗൂഗിളിലെ അടിസ്ഥാന സുരക്ഷാ പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും പ്രധാന സുരക്ഷാ പരിഷ്‌കാരങ്ങള്‍ വരുത്തുകയുമാണ് പുതിയ ആന്‍ഡ്രോയിഡ് സുരക്ഷാ ടീമിന്റെ ലക്ഷ്യം. 

Content Highlights: google looking for security researchers to find bugs on android