ന്യൂഡല്‍ഹി: അധാര്‍മിക വ്യാപാരരീതി സ്വീകരിച്ചെന്നാരോപിച്ച് ഗൂഗിളിന് വ്യാപാര മത്സരകമ്മിഷന്‍ (കോമ്പറ്റീഷന്‍ കമ്മിഷന്‍) 135.86 കോടി രൂപ പിഴയിട്ടു. 2012-ല്‍ മാട്രിമണി.കോം, കണ്‍സ്യൂമര്‍ യൂണിറ്റി ആന്‍ഡ് ട്രസ്റ്റ് സൊസൈറ്റി എന്നിവ നല്‍കിയ പരാതിയിലാണ് വിധി.

ഇന്റര്‍നെറ്റ് തിരച്ചില്‍സൈറ്റുകളില്‍ ഏറ്റവും പ്രശസ്ത കമ്പനിയായ ഗൂഗിള്‍ തിരച്ചില്‍ ഫലങ്ങളില്‍ തിരിമറിയും വിവേചനവും കാണിക്കുന്നുവെന്നാരോപിച്ചാണ് പരാതിക്കാര്‍ കമ്മിഷനെ സമീപിച്ചത്. വിശ്വാസ്യതയെ തകര്‍ക്കുന്ന നടപടിയാണ് ഗൂഗിളിന്റേതെന്ന് കമ്മിഷന്‍ വിലയിരുത്തി. 2013-15 കാലത്ത് ഇന്ത്യയില്‍നിന്നുള്ള ഗൂഗിളിന്റെ വരുമാനത്തിന്റെ അഞ്ചുശതമാനമാണ് പിഴത്തുകയായി നിശ്ചയിച്ചത്. അധ്യക്ഷന്‍ ഡി.കെ. സിക്രിയടക്കം കമ്മിഷനിലെ മൂന്നംഗങ്ങളാണ് ഗൂഗിളിനെതിരേ വിധിയെഴുതിയത്. രണ്ടംഗങ്ങള്‍ വിയോജിച്ചു.

തങ്ങള്‍ക്ക് വ്യാപാരതാത്പര്യമുള്ള കമ്പനികളെ തിരച്ചില്‍ ഫലങ്ങളില്‍ മുന്നിലെത്തിക്കുന്നതുവഴി ഉപഭോക്താക്കളെ വഞ്ചിക്കുന്നെന്ന ആരോപണം ഗൂഗിളിനെതിരേ ഉയരുന്നത് ആദ്യമല്ല. കഴിഞ്ഞ ജൂണില്‍ യൂറോപ്യന്‍ കമ്മിഷന്‍ ഗൂഗിളിന് 242 കോടി യൂറോ(ഏകദേശം 17,500 കോടി രൂപ) പിഴ വിധിച്ചിരുന്നു.

വ്യാപാരകമ്മിഷന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിച്ച് തുടര്‍നടപടിയെടുക്കുമെന്ന് ഗൂഗിള്‍ വക്താവ് പറഞ്ഞു.