Representational Image / Photo : Reuters
വനിതാ മേധാവിയുടെ ഇംഗിതത്തിന് വഴങ്ങാത്തതിനെ തുടര്‍ന്ന് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുവെന്ന ആരോപണവുമായി ഗൂഗിളിലെ മുന്‍ ഉദ്യോഗസ്ഥന്‍ റയാന്‍ ഓളോഹന്‍. തന്റെ മേധാവിയായിരുന്ന ടിഫനി മില്ലര്‍ക്കെതിരെയാണ് റയാന്‍ കോടതിയില്‍ പരാതി നല്‍കിയത്.
2019 ഡിസംബറില്‍ മാന്‍ഹട്ടനിലെ ചെല്‍സിയില്‍ അത്താഴ വിരുന്നിനിടെ ടിഫനി മില്ലര്‍ തന്നെ സ്പര്‍ശിച്ചുവെന്നും. തനിക്ക് ഏഷ്യന്‍ സ്ത്രീകളോടാണ് താല്‍പര്യമെന്ന് അവര്‍ക്കറിയാമെന്ന് തന്നോട് പറഞ്ഞുവെന്നും റയാന്‍ ആരോപിക്കുന്നു.
തന്റെ വയറില്‍ കൈകൊണ്ട് തടവിക്കൊണ്ട് അവര്‍ തന്റെ ശരീരസൗന്ദര്യത്തെ പുകഴ്ത്തി. അവരുടെ വിവാഹ ജീവിതം അത്ര 'രസകരമല്ലെന്ന്' പറഞ്ഞു.
ഈ സംഭവങ്ങളെല്ലാം നടന്നത് ചിക്കാഗോയിലെ ഫിഗ് ആന്റ് ഒലിവില്‍ നടന്ന കമ്പനി യോഗത്തിന്റെ ഭാഗമായി നടന്ന മദ്യ സല്‍ക്കാരത്തിനിടെയാണ്. തൊട്ടുപിന്നാലെ തന്നെ റയാന് ഫുഡ്, ബിവറേജസ് ആന്റ് റസ്റ്റോറന്റ്‌സിന്റെ മാനേജിങ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിക്കുകയും അദ്ദേഹം പുതിയ മാനേജ് മെന്റ് ടീമിലെത്തുകയും ചെയ്തു. ഈ ടീമിലെ സൂപ്പര്‍വൈസറായിരുന്നു ആരോപണ വിധേയയായ ടിഫനിയും.
വിവാഹിതനും ഏഴ് കുട്ടികളുടെ അച്ഛനുമായ റയാന് ടിഫനിയുടെ പെരുമാറ്റം അത്ര സുഖകരമായിരുന്നില്ല. സഹപ്രവര്‍ത്തകര്‍ക്കും ടിഫനിയുടെ പെരുമാറ്റം അറിയാമായിരുന്നുവെന്ന് റാന്‍ പറയുന്നു.
പിന്നീട് ഈ സംഭവം ഗൂഗിളിന്റെ എച്ച്ആര്‍ വിഭാഗത്തെ റയാന്‍ അറിയിച്ചു. എന്നാല്‍ ആ പരാതിയില്‍ നടപടിയൊന്നുമുണ്ടായില്ല. മാത്രവുമല്ല ഈ പരാതി തിരിച്ചായിരുന്നെങ്കില്‍ ' ഒരു വനിതാ ഉദ്യോഗസ്ഥ വെള്ളക്കാരനായ ഉദ്യോഗസ്ഥന്റെ പീഡനത്തിനെതിരെ നല്‍കിയ പരാതി' ആയിരുന്നുവെങ്കില്‍ തീര്‍ച്ചയായും നടപടി ഉണ്ടായേനെ എന്ന് എച്ച്ആര്‍ പ്രതിനിധി തന്നോട് തുറന്ന് പറഞ്ഞതായും റയാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പരാതി നല്‍കിയതോടെ ടിഫനി റയാനെതിരെ പ്രതികാരനടപടികള്‍ ആരംഭിച്ചു. റയാന്റെ ജോലിസ്ഥലത്തെ പെരുമാറ്റ ദൂഷ്യം ആരോപിച്ച് എച്ച്ആറിന് പരാതി നല്‍കി. എന്നാല്‍ താന്‍ ചെയ്ത കുറ്റം എന്താണെന്ന് അവര്‍ വ്യക്തമാക്കിയില്ലെന്ന് റയാന്‍ പറയുന്നു.
പിന്നീട് 2021 ഡിസംബറില്‍ നടന്ന ഒരു പരിപാടിയില്‍ മദ്യപിച്ചെത്തിയ ടിഫനി സഹപ്രവര്‍ത്തകര്‍ക്കിടയില്‍ വെച്ച് റയാനെ ശകാരിച്ചു. ക്രുദ്ധയായ അവരെ സഹപ്രവര്‍ത്തകര്‍ പിടിച്ചുമാറ്റുകയായിരുന്നു. പിന്നീട് മില്ലര്‍ ഇതില്‍ ക്ഷമാപണം നടത്തി.
റയാനെതിരെയുള്ള ടിഫനിയുടെ ഉപദ്രവം കമ്പനിക്ക് അറിയാമായിരുന്നുവെന്ന് പരാതിയില്‍ ആരോപിക്കുന്നു.
പിന്നീട് 2022 ഏപ്രിലില്‍ നടന്ന ഒരു പരിപാടിക്കിടെയും ടിഫനി റയാനെതിരെ കയര്‍ത്തു. അവിടെ വെച്ചും തനിക്ക് പാശ്ചാത്യ സ്ത്രീകളെയല്ല ഏഷ്യന്‍ സ്ത്രീകളെയാണ് ഇഷ്ടമെന്ന് കളിയാക്കി. റയാന്‍ വിവാഹം ചെയ്തത് ഒരു ഏഷ്യന്‍ വനിതയെയാണ്.
ഈ സംഭവങ്ങളെല്ലാം വലിയ മാനസിക സമ്മര്‍ദ്ദം തനിക്കുണ്ടാക്കിയെന്നും മാനേജ് മെന്റ് ടീമില്‍ കൂടുതലും പാശ്ചാത്യരായ പുരുഷന്മാരാണെന്നും ഒരു വനിതയ്ക്ക് അവസരം നല്‍കുന്നതിന് വേണ്ടിയെന്ന് പറഞ്ഞ് തന്നെ പുറത്താക്കുകയായിരുന്നുവെന്നും റയാന്‍ പരാതിയില്‍ പറഞ്ഞു. അതേസമയം ഈ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നാണ് ടിഫനിയുടെ വാദം
Source: NewyorkPost
Content Highlights: google executive claims he was fired after rejection of female boss sexual advances
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..