കൂടുതല്‍ ആളുകള്‍ക്ക് പരസ്പരം ബന്ധം നിലനിര്‍ത്തുന്നതിനും ഒപ്പം സാമൂഹിക അകലം പാലിക്കുന്നതിനും സഹായിക്കുന്നതിന് ഗൂഗിള്‍ ഡ്യുവോ ചാറ്റ് ആപ്ലിക്കേഷനില്‍ ഗ്രൂപ്പ് വീഡിയോയില്‍ല പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം എട്ടില്‍ നിന്ന് 12 ആളുകളായി ഉയര്‍ത്തി. 

മറ്റ് വീഡിയോ ചാറ്റ് സേവനങ്ങളായ ഹൗസ്പാര്‍ട്ടിയില്‍ എട്ടും, ആപ്പിളിന്റെ ഫേയ്‌സ്‌ടൈമില്‍ 32 ഉം സ്‌കൈപ്പിലും മെസഞ്ചറിലും 50 ഉം സൂമിന്റെ ഫ്രീ ടയറിന് 100 എന്നിങ്ങനെയാണ് വീഡിയോ ചാറ്റില്‍ പങ്കെടുക്കാനുള്ള ആളുകളുടെ പരിധി. 

'ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ അവരുടെ പ്രിയപ്പെട്ടവരെ കാണാന്‍ സഹായിക്കുന്നതില്‍ സന്തോഷമുണ്ട്. ഗ്രൂപ്പ് കോളിംഗ് ഇപ്പോള്‍ വളരെ നിര്‍ണായകമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. അതുകൊണ്ട് ഗ്രൂപ്പ് കോളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം എട്ടില്‍ നിന്ന് 12 ആയി ഉയര്‍ത്തി. ഗൂഗിളിന്റെ പ്രൊഡക്റ്റ് മാനേജ്‌മെന്റ് സീനിയര്‍ ഡയറക്ടര്‍ സനാസ് അഹാരി ലെമെല്‍സണ്‍ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു.

കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന സൂചനയും അവര്‍ നല്‍കി. എന്നാല്‍ അതിനെ കുറിച്ച് വിശദമാക്കിയില്ല. പുതിയ മാറ്റം ഫലപ്രദമാണെങ്കിലും കാര്യങ്ങള്‍ സാധാരണ നിലയിലായിക്കഴിഞ്ഞാല്‍ വീണ്ടും പഴയപടിയാവുമോ എന്ന് വ്യക്തമല്ല. 

കഴിഞ്ഞ വര്‍ഷമാണ് ഡ്യുവോയില്‍ എട്ട് പേര്‍ക്ക് ഒരേ സമയം വീഡിയോ കോള്‍ ചെയ്യാവുന്ന വിധത്തില്‍  ഗ്രൂപ്പ് കോളിങ് വന്നത്.